News
ഫ്രാന്‍സിസ് പാപ്പയുടെ പതിവിന് മാറ്റമില്ല; ഇത്തവണത്തെ പെസഹ ശുശ്രൂഷ റോമിലെ വനിത ജയിലിൽ
പ്രവാചകശബ്ദം 07-03-2024 - Thursday
റോം: വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തിന്റെ അനുസ്മരണം നടക്കുന്ന പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലിൽ. പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പ റെബിബിയ വനിതാ ജയിലിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് വത്തിക്കാനാണ് അറിയിച്ചിരിക്കുന്നത്. മാർച്ച് 28 പെസഹ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ വനിത ജയിലില്‍ സ്വകാര്യ സന്ദർശനം നടത്തുമെന്നും അവിടെ വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഈ വർഷത്തെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ സ്വകാര്യ സ്വഭാവമുള്ളതായിരിക്കുമെന്നും പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിശുദ്ധ കുർബാനയ്‌ക്കിടെ, വിനയത്തിന്റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു നല്‍കി യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ച് പാദങ്ങള്‍ കഴുകുന്ന ശുശ്രൂഷ പാപ്പ ഇത്തവണയും നടത്തുമെന്ന് തന്നെയാണ് സൂചന. അതേസമയം കാല്‍മുട്ടിനുള്ള ബുദ്ധിമുട്ട് ഉള്‍പ്പെടെ വിവിധങ്ങളായ ശാരീരിക പ്രശ്നങ്ങള്‍ പാപ്പ നേരിടുന്നതു വെല്ലുവിളിയാണ്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015-ലെ പെസഹ വ്യാഴാഴ്ച റെബിബിയ ജയിലിൽ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരിന്നു. അന്നു പാപ്പ കാല്‍ കഴുകിയവരില്‍ സ്ത്രീകളും പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെട്ടിരിന്നു.
മെത്രാനായിരുന്ന കാലം മുതല്‍ക്കേ ജയില്‍ അന്തേവാസികള്‍ക്കൊപ്പം പെസഹാ ദിനാചരണം നടത്തുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. പാപ്പയായതിന് ശേഷവും ഈ പതിവില്‍ മാറ്റമൊന്നും വന്നിട്ടില്ല. 2013-ല്‍ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 15 ദിവസങ്ങള്‍ക്ക് ശേഷം മാര്‍പാപ്പയെന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പെസഹാദിന ശുശ്രൂഷ നടത്തിയതു വത്തിക്കാന്‍ സിറ്റിയില്‍ നിന്നും 11 മൈല്‍ അകലെയുള്ള കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലിലായിരിന്നു.
കഴിഞ്ഞ വര്‍ഷം പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ച് അന്തേവാസികളായ 12 യുവ തടവുകാരുടെ പാദങ്ങൾ കഴുകിയത് ഇതേ ജയിലിലായിരിന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഒരു വീൽചെയറിലാണ് പാപ്പയെ ജയിലിനുള്ളിലെ ചാപ്പലിലേക്ക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. കാലിന് വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ തടവുപുള്ളികളുടെ പാദങ്ങൾ മുട്ടുകുത്താതെ തന്നെ കഴുകാനുള്ള സജ്ജീകരണങ്ങൾ പാപ്പയ്ക്കുവേണ്ടി ഒരുക്കിയിരുന്നു. 10 യുവാക്കളുടെയും, രണ്ട് യുവതികളുടെയും പാദങ്ങളാണ് ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വര്‍ഷം കഴുകിയത്.
Tag: Pope to celebrate Mass in Rome’s Rebibbia prison on Holy Thursday, Catholic Malayalam News, Pravachaka Sabdam
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക