News - 2026

ലെയോ പാപ്പയുടെ ഇടവക സന്ദർശനത്തിനു ഞായറാഴ്ച തുടക്കമാകും

പ്രവാചകശബ്ദം 13-02-2026 - Friday

വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ലെയോ പതിനാലാമൻ പാപ്പ ഇടവകകള്‍ തോറും സന്ദർശനം നടത്തുന്നതിന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച ഓസ്തിയ ലീഡോയിലുള്ള സാന്താ മരിയ റെജീന പാച്ചിസ് ഇടവക ദേവാലയത്തില്‍ പാപ്പ സന്ദര്‍ശനം നടത്തും.

ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ ഇടവകയിലെത്തുന്ന പാപ്പ അഞ്ചുമണിക്ക് റോം രൂപതയിലേക്കുള്ള പാപ്പയുടെ വികാരി കർദ്ദിനാൾ ബാൾഡോ റെയ്‌ന, റോം രൂപതയുടെ തെക്കൻ പ്രദേശത്തേക്കുള്ള മെത്രാൻ റെനാത്തോ തറന്തെല്ലി ബക്കാരി, ഇടവക വികാരി ഫാ. ജ്യോവന്നി വിൻചെൻസോ പതനേ എന്നിവർക്കൊപ്പം പാപ്പ വിശുദ്ധ ബലിയർപ്പിക്കും. പാപ്പ തന്റെ പ്രഥമ ഇടയസന്ദർശനം നടത്തുന്ന ഇടവകയിൽ പള്ളോട്ടിൻ വൈദികരാണ് അജപാലന ശുശ്രൂഷ ചെയ്യുന്നത്.

ഞായറാഴ്ച വൈകുന്നേരം ഇടവകയിലെ നാനൂറോളം വരുന്ന കുട്ടികളും യുവജനങ്ങളുമായി ദേവാലയത്തിന് പിന്നിലുള്ള മൈതാനത്തുവച്ച് സംവദിക്കും. തുടർന്ന് ദേവാലയത്തോട് ചേർന്നുള്ള കെട്ടിടത്തിൽ വയോധികരും രോഗികളും പാവപ്പെട്ടവരും കാരിത്താസ് സംഘടനയുടെ പ്രവർത്തകരുമടങ്ങുന്ന നാനൂറോളം പേരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ബലിയര്‍പ്പണം. വിശുദ്ധ ബലിക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുൻപായി പാപ്പ ഇടവകയിലെ അജപാലന ഉപദേശകസമിതി അംഗങ്ങളുമായും, മറ്റു വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തുമെന്നും റോം വികാരിയാത്ത് വ്യക്തമാക്കി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »