Videos
അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയാറാം ദിവസം
പ്രവാചകശബ്ദം 08-03-2024 - Friday
അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ (മത്തായി 6:10).
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയാറാം ദിവസം
ഒരു മനുഷ്യൻ അവന്റെ സ്വന്തം ഇഷ്ടത്തിലും സ്വന്തം ആശയത്തിലും ഹൃദയം പ്രതിഷ്ഠിക്കാൻ തുടങ്ങുമ്പോൾ അവൻ സ്വർഗ്ഗത്തിൽ നിന്നും അകലുന്നു. എന്നാൽ എപ്പോഴൊക്കെ ഒരുവൻ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് അവന്റെ ജീവിതം ക്രമീകരിക്കുന്നുവോ അപ്പോഴൊക്കെ അവൻ സ്വർഗ്ഗത്തിലേക്ക് അടുക്കുന്നു. അതിനാൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ മൂന്നാമത്തെ യാചനയായ "അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ" എന്ന യാചനയിലൂടെ നമ്മുടെ ജീവിതത്തിലും ഈ ലോകം മുഴുവനിലും ദൈവത്തിന്റെ ഹിതം നടപ്പിലാക്കുവാൻ വേണ്ടി നാം പ്രാർത്ഥിക്കുകയാണ്.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു;
ക്രിസ്തുവിൽ അവിടുത്തെ മാനുഷിക മനസ്‌സിലൂടെ പിതാവിന്റെ തിരുമനസ്‌സ് പൂർണ്ണമായും എന്നന്നേക്കുമായും നിറവേറ്റപ്പെട്ടു. ഈ ലോകത്തിലേക്കു പ്രവേശിച്ചപ്പോൾ യേശു പറഞ്ഞു; "ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വരുന്നു". "ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു" എന്ന് യേശുവിനു മാത്രമേ പറയാനാവൂ. പീഡാനുഭവവേളയിലെ തന്റെ പ്രാർത്ഥനയിൽ അവിടുന്നു പൂർണമായും ഈ ഹിതത്തിനു വഴങ്ങുന്നു: "എന്റെ ഇഷ്‌ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ". ഇക്കാരണത്താൽ, യേശു "ദൈവ തിരുഹിതമനുസരിച്ചു നമ്മുടെ പാപങ്ങൾക്കുവേണ്ടി സ്വയം അർപ്പിച്ചു. "ആ ഹിതമനുസരിച്ചു യേശു ക്രിസ്‌തുവിൻറെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു". (CCC 2824)
പ്രാർത്ഥനയിലൂടെ നമുക്കു ദൈവഹിതം എന്തെന്ന് വിവേചിച്ചറിയാനും അതു നിറവേറ്റുന്നതിനു വേണ്ട ക്‌ഷമ ആർജ്ജിക്കാനും കഴിയും. ഒരു വ്യക്തി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് വാക്കുകളാലല്ല, പ്രത്യുത "സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഹിതം" നിറവേറ്റുന്നതിലൂടെയാണ് എന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. (CCC 2826).
നമ്മൾ പലപ്പോഴും നമ്മുടെ പദ്ധതികൾ വിഭാവനം ചെയ്യുകയും അതു നടപ്പിലാക്കുവാൻ വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇത് ക്രിസ്തീയമായ ഒരു പ്രാർത്ഥനാ രീതിയല്ല. യേശു പഠിപ്പിച്ചതും അവിടുന്ന് നമ്മുക്ക് കാണിച്ചുതന്നതും പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ ഹിതം എന്തെന്ന് വിവേചിച്ചറിയാനും അങ്ങനെ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാനുള്ള കൃപകൾക്കായി യാചിക്കാനുമാണ്. നാം ഇപ്രകാരം പ്രാർത്ഥിക്കുകയും ജീവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതം സ്വർഗ്ഗമായി മാറും. അതിനാൽ ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം: "പിതാവായ ദൈവമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.