Videos
ക്രിസ്‌തു ഇന്നും ക്രൂശിക്കപ്പെടുന്നു | നോമ്പുകാല ചിന്തകൾ | പത്തൊന്‍പതാം ദിവസം
പ്രവാചകശബ്ദം 01-03-2024 - Friday
"ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല" (1 കോറി 2:8).
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പത്തൊന്‍പതാം ദിവസം
ക്രിസ്‌തുവിന്റെ പീഡാസഹനങ്ങൾക്ക് ആരായിരുന്നു കാരണക്കാർ? പാപികളായ നമ്മൾ ഓരോരുത്തരുമാണ് അതിന്റെ കാരണക്കാർ. നമ്മുടെ പാപങ്ങളാണ് അവനെ കുരിശിലേറ്റിയത്. ക്രിസ്‌തു നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്നു. അതുകൊണ്ട് നിയമരാഹിത്യത്തിലും കുറ്റകൃത്യത്തിലും നാം മുഴുകുമ്പോൾ നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന ക്രിസ്‌തുവിനെ നാം വീണ്ടും ക്രൂശിക്കുന്നു. നാം ദൈവപുത്രനെ വീണ്ടും ആക്ഷേപിക്കുകയും കുരിശിൽ തറക്കുകയുമാണ് ചെയ്യുന്നത്.
ഇക്കാര്യത്തിൽ യഹൂദരുടേതിനേക്കാൾ വലിയ കുറ്റമാണ് നമ്മുടേത്. കാരണം യേശു ദൈവപുത്രനാണ് എന്ന് തിരിച്ചറിയാതെയാണ് അവർ അവിടുത്തെ കുരിശിലേറ്റിയത്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: "ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല" (1 കോറി 2:8). എന്നാൽ നാം ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുകയും അതേ സമയം നമ്മുടെ പാപങ്ങളാൽ ക്രിസ്‌തുവിനെ വീണ്ടും കുരിശിൽ തറക്കുകയും ചെയ്യുമ്പോൾ നാം യഹൂദരുടേതിനേക്കാൾ വലിയ കുറ്റം ചെയ്യുന്നു.
വിശുദ്ധ ഫ്രാൻസിസ് അസ്സീസി ഇപ്രകാരം പറയുന്നു: "തിന്മകളിലും പാപങ്ങളിലും നീ ആഹ്ളാദിക്കുമ്പോൾ ഇന്നും നീ യേശുവിന്റെ ക്രൂശിക്കുന്നു" (Admonitio 5,3).
പ്രിയപ്പെട്ട സഹോദരങ്ങളെ, നാം സാധാരണയായി പാപത്തിൽ വീണുപോകുവാൻ സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളെ ഒന്ന് ഓർമ്മിച്ചെടുക്കാം. ചിലപ്പോൾ നമ്മെ വീണ്ടും വീണ്ടും പാപത്തിലേക്ക് ക്ഷണിക്കുന്ന ചില സാഹചര്യങ്ങളിൽ നിന്നും നാം അകന്നു നിൽക്കേണ്ടതായിട്ടുണ്ട്, അവയിൽ നിന്നും അകന്നു നിൽക്കുവാൻ നമ്മുക്ക് ഒരു തീരുമാനമെടുക്കാം. ചിലപ്പോൾ ചില വ്യക്തികൾ നമ്മെ പാപത്തിലേക്ക് ക്ഷണിക്കുന്നുണ്ടാവാം, ആവശ്യമെങ്കിൽ അവരിൽ നിന്നും വിട്ടുനിന്നുകൊണ്ട് അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നമ്മുക്ക് ഒരു തീരുമാനമെടുക്കാം. കാരണം ഇത്തരം വ്യക്തികളോടും സാഹചര്യങ്ങളോടും ചേർന്നു നിന്ന് പാപം ചെയ്യുമ്പോൾ നമ്മുടെ കർത്താവിനെ നാം വീണ്ടും വീണ്ടും ക്രൂശിക്കുകയാണ് ചെയ്യുന്നത് .