Videos

"അകലെയായി അനുഗമിച്ചവൻ" | നോമ്പുകാല ചിന്തകൾ | ആറാം ദിവസം

പ്രവാചകശബ്ദം 17-02-2024 - Saturday

"നിന്നോടുകൂടെ മരിക്കേണ്ടി വന്നാൽ പോലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യന്മാരും പറഞ്ഞു" (മത്തായി 26:35).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ആറാം ദിവസം ‍

പടയാളികൾ യേശുവിനെ പിടികൂടി പ്രധാനാചാര്യന്റെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ പത്രോസ് "അകലെയായി" യേശുവിനെ അനുഗമിച്ചിരുന്നു എന്ന് സുവിശേഷം വ്യക്തമാക്കുന്നു (ലൂക്കാ 22:54). അതിനുശേഷം പത്രോസ് മൂന്നുപ്രാവശ്യം യേശുവിനെ തള്ളിപ്പറയുന്നതായി സുവിശേഷത്തിൽ നാം കാണുന്നു. ഇതിനു മുൻപായി പത്രോസിന്റെ മറ്റൊരു ചിത്രം നാം സുവിശേഷത്തിൽ കാണുന്നുണ്ട്. അവിടെ പത്രോസ് ഈശോയോട് പറയുന്നത് ഇപ്രകാരമാണ്: "നിന്നോടുകൂടെ മരിക്കേണ്ടി വന്നാൽ പോലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യന്മാരും പറഞ്ഞു" (മത്തായി 26:35).

ഇപ്രകാരം പാറപോലെ ഉറച്ച ഒരു വിശ്വാസ പ്രഖ്യാപനം നടത്തിയ അപ്പസ്തോല പ്രമുഖനായ പത്രോസ് എന്തുകൊണ്ടായിരിക്കും പിന്നീട് തന്റെ ഗുരുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞത്? സഭാപിതാവായ മിലാനിലെ വിശുദ്ധ അംബ്രോസ് പറയുന്നു: "പത്രോസ് അകെലെയായി ഈശോയെ അനുഗമിച്ചു. പെട്ടന്നുണ്ടായ പ്രലോഭനത്തിൽ അവൻ ഈശോയെ തള്ളിപ്പറഞ്ഞു. അടുത്തനുഗമിച്ചിരുന്നുവെങ്കിൽ അവൻ മിശിഹായെ തള്ളിപ്പറയുമായിരുന്നില്ല" (Exposition of the Gospel of Luke 10.72).

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ വിശ്വാസം എത്ര ദൃഢമാണെങ്കിലും, നമ്മൾ ക്രിസ്‌തുവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ഓർമ്മിക്കുക. നമ്മൾ അകലെയായി ഈശോയെ അനുഗമിക്കുന്നവരാണോ? എങ്കിൽ നമ്മളും വീണുപോകുവാനുള്ള സാധ്യത കൂടുതലാണ്. ഈ ആധുനിക ലോകം നമ്മുടെ മുൻപിൽ ധാരാളം പ്രലോഭനങ്ങൾ വച്ചുനീട്ടുന്നുണ്ട്. അതിനാൽ നാം എത്രമാത്രം ഈശോയിൽ നിന്നും അകലെയാണോ അത്രമാത്രം വീണുപോകുവാനുള്ള സാധ്യതയും കൂടുതലാണ്.

ഈ നോമ്പുകാലത്തു ഈശോയോട് കൂടുതൽ അടുക്കുവാൻ, ഈശോയോട് ചേർന്ന് നടക്കുവാൻ കൂടുതലായി നമ്മുക്കു പരിശ്രമിക്കാം. അതിനാൽ ഫ്‌ളൂവിലെ വിശുദ്ധ നിക്കോളാസിനോട് ചേർന്ന് നമ്മുക്കും പ്രാർത്ഥിക്കാം: കർത്താവായ ഈശോയെ അങ്ങയിലേക്ക് അടുക്കുവാൻ എനിക്ക് തടസ്സമായിരിക്കുന്നതെല്ലാം എന്നിൽ നിന്ന് അകറ്റുകയും, അങ്ങയിലേക്ക് എന്നെ അടുപ്പിക്കുന്നതെല്ലാം എനിക്കു നൽകുകയും ചെയ്യണമേ.


Related Articles »