Life In Christ
സഹനത്തെ കൃപയാക്കിയ ഈശോയുടെ പ്രിയപ്പെട്ട അയന ഇനി സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയില്‍
പ്രവാചകശബ്ദം 11-03-2024 - Monday
തൊടുപുഴ: അര്‍ബുദം ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കിടയിലും സുവിശേഷത്തിന്റെ തീജ്വാല പടര്‍ത്തി അനേകരിലേക്ക് ഈശോയെ പകര്‍ന്ന അയന ഐപ്പ് സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. 26 വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ ഏകരക്ഷകനായ ഈശോയെ മറ്റുള്ളവര്‍ക്ക് പകരാനും സഹനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും വേദനകളെ പുഞ്ചിരിയോടെ കൃപയായി സ്വീകരിച്ചതിന്റെയും സാക്ഷ്യം അനേകര്‍ക്ക് പകര്‍ന്ന കാരിക്കൽ ഐപ്പ് - ഷിബി ദമ്പതികളുടെ മകളായ അയന ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. സഹന ജീവിതത്തില്‍ അയന പരത്തിയ വിശുദ്ധിയുടെ പരിമളം സോഷ്യല്‍ മീഡിയായില്‍ ഇന്ന് ഏറെ ചര്‍ച്ചയാകുകയാണ്.
1998 മാർച്ച് എട്ടാം തീയതി തൊടുപുഴയിൽ കാരിക്കൽ ഐപ്പ് - ഷിബി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളായാണ് അയനയുടെ ജനനം. വളരെ ചെറുപ്പം മുതൽ മരിയ ഭക്തിയിൽ ആഴപ്പെട്ട് ഈശോയോട് ചേര്‍ന്നുള്ള ജീവിതമാണ് അവള്‍ നയിച്ചിരിന്നത്. ബാല്യത്തിന്റെ ആദ്യ നാളുകളില്‍ ചുരുക്കം ചില ദിവസങ്ങളിൽ വീട്ടുകാർ ജോലിക്ക് പോകുമ്പോൾ മഠത്തിലെ സിസ്റ്റർമാർ നോക്കിയ കുഞ്ഞ് ആയത് കൊണ്ടാകാം, അസാധാരണമായ ദൈവീക ചൈതന്യമുള്ള വൃക്തിയായിട്ടാണ് അയന വളർന്നുവന്നത്. സമര്‍പ്പിതരുടെ വലിയ പരിമളം കുഞ്ഞ് അയനയിലേക്കും പകര്‍ന്നിരിന്നു.
ഇതുകൊണ്ടാകണം, പഠനത്തിൽ മിടുക്കിയായിരിന്ന അയന സ്കൂൾ കാലം മുതൽ തന്നെ സിസ്റ്റർ ആകണമെന്നുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ആഗ്രഹം പോലെ തന്നെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആരാധന സന്യാസിനി സമൂഹത്തിന്റെ മഠത്തിൽ ചേർന്നു. ഈശോയോട് ചേര്‍ന്നുള്ള അവളുടെ ജീവിതവും പെരുമാറ്റവും പരിശീലന കാലഘട്ടത്തിൽ തന്നെ അയന എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറുന്നതിന് കാരണമായി. ഇതിനിടെ സന്യാസ പരിശീലനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ പതിവില്ലാത്ത ക്ഷീണവും ഉറക്കവും അവള്‍ക്ക് അനുഭവപ്പെട്ടു. അസ്വസ്ഥതയുടെ നാളുകള്‍. തുടർന്നുള്ള പരിശോധനയിൽ നട്ടെല്ലിന് ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പതറാനോ പിന്മാറാനോ അവള്‍ തയാറായിരിന്നില്ല.
അറിവുവച്ച പ്രായത്തിൽ തന്നെ തൻ്റെ ജീവിതം ക്രിസ്തുവിനു പൂർണ്ണമായിട്ട് സമർപ്പിച്ച അവള്‍ സഹനത്തെ കൃപയാക്കി സ്വീകരിക്കുകയായിരിന്നു. തുടർ ചികിത്സകൾക്കായി തിരികെ വീട്ടിലെത്തിയ അയന പിന്നീട് മൂന്ന് മേജർ ഓപ്പറേഷനുകളിലൂടെ കടന്നുപോയി. അതിൻ്റെ ഫലമായി നടുവിന് താഴേക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടു. വീല്‍ ചെയറിലായിരിന്നു പിന്നീടുള്ള ജീവിതം. രോഗത്തിന് ശരീരത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയനയുടെ ഉള്ളിലെ ജ്വലിക്കുന്ന വിശ്വാസ തീക്ഷ്ണതയെയും ദൈവരാജ്യ മഹത്വത്തിനായി താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
ഇടവക ദേവാലയമായ കോതമംഗലം രൂപതയിലെ ചിറ്റൂര്‍ സെന്‍റ് ജോര്‍ജ്ജ് പള്ളിയിലെ യുവജന കൂട്ടായ്മയിലൂടെ മാധ്യമ രംഗത്തെ പുതിയ സാധ്യതകൾ അവൾ കണ്ടെത്തി. ആദ്യം ചെറിയ പോസ്റ്ററുകളിലൂടെയും പിന്നീട് വലിയ മാധ്യമ ശുശ്രൂഷകളിലൂടെയും അവൾ സുവിശേഷ പ്രഘോഷണം തുടർന്നു. വീൽ ചെയറിൽ ആയിരിക്കെ പല ദിവസങ്ങളിലും യാത്ര ചെയ്ത് ബേസിക് കൗൺസിലിംഗ് കോഴ്സും അതോടൊപ്പം ഡിസൈനിങ് പഠനവും പൂർത്തിയാക്കി. ഇടവക പള്ളിയിൽ നിന്ന് ആരംഭിച്ച ശുശ്രൂഷ രൂപതയുടെയും ലോകത്തിന്റെയും വിവിധ കോണുകളിൽ വരെ എത്തുവാന്‍ കാരണമായി.
ഇടവകയിലെ ഡാറ്റാബേസിൽ നിന്നും കിട്ടുന്ന അതത് ദിവസങ്ങളിലെ ഇടവക അംഗങ്ങളുടെ ജന്മദിനങ്ങളും വിവാഹ വാർഷികങ്ങളും എല്ലാ ദിവസവും ഇടവക വാട്സ്ആപ്പ് കൂട്ടായ്മയിൽ അറിയിക്കുന്നത് കഴിഞ്ഞ ആറു വർഷമായി അയന സന്തോഷത്തോടെ ചെയ്ത വിവിധ ശുശ്രൂഷകളില്‍ ഒന്നായിരിന്നു. ഇതോടൊപ്പം പങ്കുവെച്ച മനോഹരമായി തയാറാക്കിയ ബൈബിള്‍ വചനങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകളില്‍ തന്‍റേയോ ഇടവകയുടെയോ പേര് പതിപ്പിച്ച് പങ്കുവെയ്ക്കാനോ അതിലൂടെ പ്രശസ്തി നേടാനോ അവള്‍ തയാറായിരിന്നില്ല.
മറിച്ച്, വാട്ടര്‍മാര്‍ക്കില്ലാത്ത പോസ്റ്റ് വിവിധ പേജുകളിലൂടെ, ഗ്രൂപ്പുകളിലൂടെ ആയിരങ്ങളിലേക്ക് എത്തണമെന്ന് അവള്‍ ഏറെ ആഗ്രഹിച്ചു. തന്റെ ഏക ലക്ഷ്യം ദൈവരാജ്യ മഹത്വം എന്നത് മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരിന്നു അയനയുടെ ഈ തീരുമാനം. പങ്കുവെയ്ക്കുന്ന ഡിജിറ്റല്‍ പോസ്റ്ററുകളിലെ എല്ലാ വചനങ്ങളുടെയും ചുവടെ 'ഈശോയുടെ നാമത്തില്‍ നല്ല ഒരു ദിവസം ആശംസിക്കുന്നു' എന്ന വാക്കുകള്‍ അയനയ്ക്ക് ഈശോയുമായുള്ള വലിയ ബന്ധം തുറന്നുക്കാണിക്കുന്നത് കൂടിയായിരിന്നു.
'ഇടയനും ഇടവകക്കും ഇടവിടാതെ' എന്നപേരിൽ ഒരു ദിനം ഒരു ഇടവകവെച്ച് രൂപതയിലെ ഇരുനൂറിലധികം വരുന്ന വൈദികർക്കും നൂറിലധികം വരുന്ന ഇടവകൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന നാലുമാസം നീണ്ടുനിന്ന പ്രോജക്ട് വിശ്വാസപരിശീലന കേന്ദ്രത്തിന്റെ കീഴിൽ രൂപത തലത്തിൽ നടത്തിയത് വലിയൊരു പ്രാർത്ഥനാനുഭവമായിരുന്നു. ഇതിലൂടെ രൂപതയ്ക്കും വൈദികര്‍ക്കും വേണ്ടി ആയിരങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഒന്നിച്ചു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലെ ഭാഗങ്ങള്‍ പങ്കുവെച്ചും അവള്‍ സഭയോടുള്ള തന്റെ സ്നേഹം പങ്കുവെച്ചു. സഭയിലെ ഏതെങ്കിലും സംവിധാനത്തിന് ഒരു പോസ്റ്റർ ചെയ്യാൻ ആളുകളുടെ അഭാവം ഉണ്ടെങ്കിൽ ആദ്യം എത്തിച്ചേരുക അയനയുടെ അടുത്തായിരുന്നു. തന്റെ കഴിവും സമയവും ബലഹീനമായ ശരീരവും അവള്‍ ഈശോയുടെ മഹത്വത്തിനായി സമര്‍പ്പിച്ചു.
ജീസസ് യൂത്തിന്റെ പ്രോഗ്രാമിന് വേണ്ടി മീഡിയ ടീം ട്രെയിനിങ് ഓൺലൈനിലൂടെ നൽകുവാനും അയന തെരഞ്ഞെടുക്കപ്പെട്ടിരിന്നു. പള്ളിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്നെ ഏതാണ്ട് രണ്ടായിരത്തോളം പോസ്റ്റുകൾ അയനയുടെ ഡിസൈനിങ് മികവിൽ പിറന്നിട്ടുണ്ട്. ഇതിനെല്ലാം പുറമേ കത്തോലിക്ക കോൺഗ്രസ്, യുവദീപ്തി കെസിവൈഎം, ജീസസ് യൂത്ത്, ജാഗ്രത സമിതി തുടങ്ങി വിവിധ സംഘടനകളിലുമായി നൂറുകണക്കിന് ചിത്രങ്ങളും മറ്റും വേറെയും ഡിസൈനുകളും ചെയ്തു.
ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന അവതരണവുമായി 2021-ല്‍ പുറത്തിറങ്ങിയ 'സാറാസ്' എന്ന സിനിമയ്ക്കു പിന്നാലേ അയന തയാറാക്കിയ ഒരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. പ്രമുഖ സിനിമ സംവിധായകൻ സിബി മലയില്‍ ഉൾപ്പെടെയുള്ളവർ പോസ്റ്ററിനു ചുവടെ അനുകൂല കമൻ്റ് ചെയ്തിരുന്നു. ദ്രുതഗതിയിൽ പോസ്റ്ററുകളും നോട്ടീസുകളും തയ്യാറാക്കുന്നതിനാൽ അയന ചെയ്ത പല ഡിസൈനുകളും ദൃശ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ റഫറൻസുകൾക്കായി പ്രത്യക്ഷപ്പെട്ടിരിന്നുവെന്നത് മറ്റൊരു വസ്തുത.
ആളുകളെ കാണാനും മനസ്സിലാക്കാനും അവര്‍ക്ക് ദൈവസ്നേഹം പകർന്നു കൊടുക്കാനുമുള്ള അയനയുടെ കഴിവ് കൗൺസിലിംഗ് കോഴ്സിലൂടെ ഒന്നുകൂടി ആഴപ്പെട്ടു. ഇത് അനേകര്‍ക്ക് ജീവിത വഴിത്താരയിലെ വിവിധ പ്രതിസന്ധികളില്‍ നിന്നു കരകയറുന്നതിന് കാരണമായി. അയനയുടെ അരികെ എത്തുന്നവര്‍ക്ക്, പ്രതിസന്ധിയിലും നിരാശയിലും കടന്നുചെല്ലുന്നവർക്ക് പ്രത്യാശ നിറഞ്ഞ മനസ്സുമായി തിരിച്ചുവരാനേ സാധിക്കുമായിരുന്നുള്ളൂ.
വ്യക്തിപരമായ പ്രാർത്ഥനയും ഡിസൈനിങ്ങും കഴിഞ്ഞുള്ള സമയം സുഹൃത്തുക്കളുടെ ജീവിതത്തിൽ ആത്മീയ ജ്വലനം ഉണ്ടാക്കുന്നതിന് പ്രാർത്ഥനയും പ്രവർത്തനവുമായി മാറ്റിവെച്ചിരുന്നു. കാൻസർ കോശങ്ങൾ ശരീരം മുഴുവൻ വ്യാപിച്ച് കാന്‍സര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോഴും വേദന കൊണ്ട് സംസാരിക്കാൻ പോലും ആവാത്ത സാഹചര്യങ്ങളില്‍ പരാതികൾ ഇല്ലാതെ സഹനങ്ങളെ കൃപയാക്കിയ അൽഫോൻസാമ്മയുടെ ചൈതന്യമാണ് അയനയിൽ എല്ലാവരും ദർശിച്ചത്. ഇതും അനേകര്‍ക്ക് വിശ്വാസത്തില്‍ ആഴപ്പെടുന്നതിന് കാരണമായി.
രോഗത്തിനോ മരണത്തിനോ കർത്താവിനെ പ്രഘോഷിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് മരിക്കുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ പോലും ദൈവവചനത്തിന്റെ പോസ്റ്റർ എഡിറ്റിംഗ് പൂര്‍ത്തിയാക്കി അവള്‍ എല്ലാവർക്കും അയച്ചു കൊടുത്തിരിന്നു. ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെ സ്വഭവനത്തില്‍വെച്ചായിരിന്നു തന്റെ പ്രാണനാഥന്റെ സന്നിധിയിലേക്കുള്ള അയനയുടെ മടക്കയാത്ര. ചിറ്റൂര്‍ സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ ഇന്നലെ വൈകീട്ട് നടന്ന മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ നാട് മുഴുവന്‍ എത്തിയിരിന്നു. രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, മിഷന്‍ ലീഗ്, കെസിവൈഎം സംഘടനകളുടെ രൂപത ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ വൈദികരും സന്യസ്തരുമായി നിരവധി പേരും അയനയെ യാത്രയാക്കുവാന്‍ എത്തി.
മൃതസംസ്കാര ശുശ്രൂഷ മദ്ധ്യേ ഇടവക വികാരി ഫാ. ടോജിന്‍ കല്ലറയ്ക്കല്‍ നടത്തിയ പ്രസംഗത്തിലാണ് ഇടവകയുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന അനുദിന വചനങ്ങള്‍ക്കും ആശംസ സന്ദേശങ്ങള്‍ക്കും പിന്നില്‍ അയന ആണെന്ന കാര്യം ഇടവകയിലെ ഭൂരിഭാഗം വിശ്വാസികളും അറിയുന്നത്. സഹനത്തെ കൃപയാക്കി, ഈശോയുമായുള്ള ബന്ധം അവികലം കാത്തുസൂക്ഷിച്ച 'ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി അജ്ന ജോര്‍ജ്ജിനെ' പോലെ അയനയ്ക്കും ഇനി തന്റെ സ്വര്‍ഗീയ മണവാളന്റെ സന്നിധിയില്‍ നിത്യവിശ്രമം.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക