News

സൈപ്രസ് ദ്വീപില്‍ 340 വര്‍ഷങ്ങള്‍ക്ക് ശേഷം ലാറ്റിന്‍ ബിഷപ്പിന്റെ സ്ഥാനാരോഹണം

പ്രവാചകശബ്ദം 18-03-2024 - Monday

നിക്കോസിയ: സൈപ്രസ് ദ്വീപില്‍ മൂന്നര നൂറ്റാണ്ടിന് ശേഷം ലത്തീന്‍ മെത്രാന്റെ സ്ഥാനാരോഹണം നടന്നു. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയില്‍ നിന്നു കപ്പൂച്ചിന്‍ സമൂഹാംഗമായ മോണ്‍. ബ്രൂണോ വാരിയാനോയാണ് അഭിഷിക്തനായത്. മാർച്ച് 16 ശനിയാഴ്ച ഫിലോക്‌സീനിയ കോൺഫറൻസ് സെൻ്ററിലായിരിന്നു സ്ഥാനാരോഹണം. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന് കീഴിലാണ് സൈപ്രസ് ഉള്‍പ്പെടെ അഞ്ചു വികാരിയാത്തുകളുള്ളത്. സൈപ്രസ് ദ്വീപിലെ അവസാനത്തെ ലത്തീൻ ബിഷപ്പ് 340 വർഷം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷം ജെറുസലേം പാത്രിയാര്‍ക്കേറ്റില്‍ നിന്നു നേരിട്ടായിരിന്നു മേല്‍നോട്ടം.

ദ്വീപിലെ അവസാനത്തെ ലത്തീൻ ബിഷപ്പ് വിടവാങ്ങി 340 വർഷങ്ങള്‍ക്കു ശേഷമുള്ള ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും ജെറുസലേം ലത്തീൻ പാത്രിയർക്കീസിന് ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. രാജ്യത്തെ ക്രൈസ്തവരില്‍ ഭൂരിപക്ഷവും ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. ആകെ 10,000 വരുന്ന കത്തോലിക്ക വിശ്വാസികളില്‍ ഏറെയും പൌരസ്ത്യ സഭയായ മാരോണൈറ്റ് സഭാംഗങ്ങളാണ്. ശേഷിക്കുന്നവര്‍ ലത്തീന്‍ സഭാംഗങ്ങളാണ്. 1192-ലാണ് സൈപ്രസിലെ ലത്തീൻ കത്തോലിക്കരുടെ സാന്നിധ്യത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. 1196-ൽ ദ്വീപിൻ്റെ ഇപ്പോഴത്തെ തലസ്ഥാനമായ നിക്കോസിയയിൽ ലാറ്റിൻ ആർച്ച് ബിഷപ്പ് ചുമതലയേറ്റു. ഓട്ടോമൻ തുർക്കികൾ സൈപ്രസ് കീഴടക്കുന്നതുവരെ വിവിധ ബിഷപ്പുമാര്‍ ഇവിടെ സേവനം ചെയ്തിരിന്നു.

പോർച്ചുഗലില്‍ നിന്നുള്ള കർദ്ദിനാൾ മാനുവൽ ആൽവെസ് അഗ്വിയാർ, ബ്രസീലിലെ സാവോ പോളോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഒഡിലോ പെഡ്രോ ഷെറർ, ജോർദാനിലേക്കും സൈപ്രസിലെയും അപ്പസ്‌തോലിക് നൂൺഷ്യോ മോൺ. ജിയോവാനി പിയട്രോ ഡാൽ ടോസോ, എന്നിവരെ കൂടാതെ 40 ബിഷപ്പുമാർ, നൂറുകണക്കിന് വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. പുതുതായി സ്ഥാനാരോഹണം ചെയ്ത ബിഷപ്പ് ബ്രൂണോ വാരിയാനോ നിക്കോസിയയിലായിരിക്കും സേവനം ചെയ്യുക. ലിമാസോൾ, ലാർനാക്ക, പാഫോസ് നഗരങ്ങളിലെ ദേവാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പതിനൊന്ന് വൈദികരുടെ ഒപ്പം അദ്ദേഹം അപ്പസ്തോലിക ശുശ്രൂഷ തുടരും.

More Archives >>

Page 1 of 946