News - 2024

ബൾഗേറിയൻ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് വിടവാങ്ങി; മൃതസംസ്കാരം ഇന്ന്

പ്രവാചകശബ്ദം 16-03-2024 - Saturday

സോഫിയ: ബൾഗേറിയൻ ഓർത്തഡോക്‌സ് സഭാതലവൻ പാത്രിയാർക്കീസ് നിയോഫിറ്റ് കാലം ചെയ്‌തു. 78 വയസ്സായിരിന്നു. സോഫിയയിലെ മിലിറ്ററി ആശുപത്രിയിലായിരുന്നു അന്ത്യം. ന11 വർഷമായി ബൾഗേറിയൻ ഓർത്തഡോക്‌സ് സഭയെ നയിച്ചു വരികയായിരിന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നാല് മാസമായി പാത്രിയർക്കീസ് ​​ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന്‍ സഭാനേതൃത്വം അറിയിച്ചു.

പാത്രിയർക്കീസ് നിയോഫിറ്റിന്റെ യഥാര്‍ത്ഥ പേര് സിമിയോൺ നിക്കോളോവ് ദിമിത്രോവ് എന്നാണ്. 1945 ഒക്ടോബർ 15നു സോഫിയയിലാണ് ജനനം. 1975 ഓഗസ്റ്റ് 3ന് ട്രോയൻ ആശ്രമത്തിൽവെച്ച് സന്യാസിയായി അഭിഷിക്തനായി. 2001 ൽ റൂസ് മെത്രാപ്പോലീത്തയായി. 1971 - 2012 കാലയളവില്‍ സഭയെ നയിച്ച പാത്രിയാർക്കീസ് മാക്‌സിം കാലം ചെയ്തതിനെ തുടർന്ന് 2013 ഫെബ്രുവരി 24ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പാത്രിയാർക്കീസ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2019ൽ ഫ്രാൻസിസ് മാർപാപ്പയുടെ ബൾഗേറിയൻ സന്ദർശനത്തിനിടെ പാത്രിയർക്കീസുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

മൃതസംസ്‌കാരം ഇന്നു ശനിയാഴ്ച നടക്കും. ആഗോള ഈസ്റ്റേൺ ഓർത്തഡോക്‌സ് സഭകളുടെ ആത്മീയ നേതാവായ എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബാർത്തലോമിയോ ഒന്നാമൻ്റെയും ബൾഗേറിയൻ വൈദികരുടെയും കാര്‍മ്മികത്വത്തിലായിരിന്നു മൃതസംസ്കാര ചടങ്ങുകള്‍. നാല് മാസത്തിനുള്ളിൽ ചർച്ച് കൗൺസിൽ ചേര്‍ന്ന് പാത്രിയാർക്കീസ് ​​നിയോഫിറ്റിൻ്റെ പിൻഗാമിയെ തെരഞ്ഞെടുക്കുമെന്ന് സഭാനേതൃത്വം അറിയിച്ചു. 6.8 ദശലക്ഷം വരുന്ന ബൾഗേറിയയിലെ ജനസംഖ്യയുടെ 80% ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്. ബൾഗേറിയൻ സഭ ബൈസൻ്റെൻ ഓർത്തഡോക്സ് സഭാ കുടുംബത്തിൽ പെടുന്നു.

More Archives >>

Page 1 of 946