News
സ്ഥാന ത്യാഗം ചെയ്യാന്‍ പദ്ധതിയില്ല: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 15-03-2024 - Friday
വത്തിക്കാന്‍ സിറ്റി: നിലവില്‍ മാര്‍പാപ്പ സ്ഥാനം ഒഴിയുവാന്‍ പദ്ധതിയില്ലായെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ. ആരോഗ്യ പ്രതിസന്ധികളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ സ്ഥാനത്യാഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രചരണം സജീവമായിരിക്കെയാണ് "ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി" എന്ന തൻ്റെ വരാനിരിക്കുന്ന ആത്മകഥയിൽ പാപ്പ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ആത്മകഥയെ ഉദ്ധരിച്ച് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ ഇന്നലെ മാർച്ച് 14ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പത്രോസിന്റെ പിന്തുടർച്ചക്കാരനായുള്ള സേവനം ജീവിതകാലം മുഴുവൻ ചെയ്യാനുള്ള ഒന്നാണെന്നാണ് താൻ കരുതുന്നതെന്ന് പാപ്പ കുറിച്ചു.
എന്നാൽ, വലിയ ഒരു ശാരീരികപ്രതിസന്ധിയുണ്ടായാൽ കാര്യങ്ങൾ മാറിമറിയുമെന്ന്, രാജിയുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സൂക്ഷിച്ചിട്ടുള്ള തന്റെ കത്തിനെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. അങ്ങനെ ഒരു അവസ്ഥയുണ്ടായാൽ എമരിറ്റസ് പാപ്പ എന്നതിനേക്കാൾ റോമിന്റെ മുൻ മെത്രാൻ എന്ന വിശേഷണമായിരിക്കും താൻ തെരഞ്ഞെടുക്കുകയെന്നും പാപ്പ വ്യക്തമാക്കി. രാജിവെച്ചാൽ, റോമിലെ മരിയ മേജർ ബസിലിക്കയില്‍ താമസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു. ഒരുപക്ഷേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം, ഞാൻ ഇതുപോലെ ഒരു പ്രഖ്യാപനം നടത്തുമെന്ന് ചിലർ പ്രതീക്ഷിച്ചിരിക്കാം, പക്ഷേ അത്തരമൊരു അപകടസാധ്യതയില്ല: കർത്താവിന് നന്ദി. നിരവധി പദ്ധതികൾ ഇനിയും യാഥാർത്ഥ്യമാക്കാനുണ്ടെന്നും പാപ്പ കുറിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അർജന്റീനയിൽ ആയിരുന്നപ്പോൾ ഇറ്റാലിയൻ സിനിമയും സംഗീതവുമായുള്ള തന്റെ ബന്ധം, കമ്മ്യൂണിസ്റ്റ്കാരിയായിരുന്ന തന്റെ അധ്യാപികയെക്കുറിച്ചുള്ള സ്‌മരണകൾ, തന്റെ സുഹൃത്ബന്ധങ്ങൾ, അബോർഷനെന്ന വിപത്ത്, അർജന്റീനയിലെ രാഷ്ട്രീയപ്രശ്നങ്ങൾ, ടെലിവിഷൻ ഉപേക്ഷിക്കാനുള്ള കാരണം, ഈശോസഭാവൈദികനെന്ന നിലയിൽ നാടുകടത്തപ്പെട്ടത്, ബെനഡിക്ട് പാപ്പായുമായുള്ള ബന്ധം, മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്, കോവിഡ് മഹാമാരി, യൂറോപ്പിന്റെ പ്രാധാന്യം, കാലാവസ്ഥാപ്രതിസന്ധിയുടെ മുന്നിൽ ഭൂമിയുടെ സംരക്ഷണം, സ്വവർഗ്ഗാനുരാഗം തുടങ്ങി വിവിധ വിഷയങ്ങളാണ് പാപ്പ പുസ്‌തകത്തിൽ പങ്കുവയ്ക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന് ഇക്കഴിഞ്ഞ ബുധനാഴ്ച 11 വര്‍ഷം പൂര്‍ത്തിയായിരിന്നു.