News
യൗസേപ്പിതാവ് നൽകുന്ന നോമ്പു പാഠങ്ങൾ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 19-03-2024 - Tuesday
“നോമ്പിന്റെ ഉദ്ദേശ്യം ചില ഔപചാരികമായ കടമകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം തുറക്കുന്നതിനും ദൈവവുമായുള്ള കൂട്ടായ്മ അനുഭവിക്കുന്നതിനും വേണ്ടിയാണ് ” - വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ.
ആത്മപരിത്യാഗത്തിൻ്റെ മാർഗ്ഗങ്ങളിലൂടെ നോമ്പുകാലം പുരോഗമിക്കുമ്പോൾ തിരുസഭ അവളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ തിരുനാൾ ആഘോഷിക്കുന്നു. അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ സ്കോട്ട് പവലിൻ്റെ അഭിപ്രായത്തിൽ ജീവിതത്തിൽ "നോമ്പുകാല" നിമിഷങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് യൗസേപ്പിതാവ്. ഈ നോമ്പുകാലത്തു നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം തുറക്കുന്നതിനും ദൈവവുമായുള്ള കൂട്ടായ്മ അനുഭവിക്കുന്നതിനുമുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീലങ്ങൾ നമുക്കു പരിശോധിക്കാം.
അനുസരണം
അനുസരിക്കുന്ന പിതാവായിരുന്നു വിശുദ്ധ യൗസേപ്പ്. അതായിരുന്നു ആ വിശുദ്ധ ജിവിതത്തിൻ്റെ മഹത്വവും കുലീനതയും. ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം എന്നു പഠിപ്പിക്കുന്ന അവൻ അനുസരണയുള്ളവരാകാനും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരാകാനും നമ്മോടു പറഞ്ഞു തരുന്നു. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ ഭൂമിയിൽ നാം കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരവും, സാധാരണവും, സമാധാനമുള്ളതും, സന്തോഷപൂർണ്ണവുമായ കുടുംബം തിരുക്കുടുംബമായിരുന്നു.
ദൈവവചനത്തോടും ദൈവഹിതത്തോടുമുള്ള യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും സമ്പൂർണ്ണ വിധേയത്വമായിരുന്നു അതിനു നിദാനം.
നിശബ്ദത
യൗസേപ്പിതാവ് നിശബ്ദതയെ സ്നേഹിച്ചിരുന്ന ഒരു നല്ല അപ്പനായിരുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വീക്ഷണത്തിൽ യൗസേപ്പിൻ്റെ നിശബ്ദത അദ്ദേഹത്തിൻ്റെ ആന്തരികതയുടെ ശൂന്യതയായിരുന്നില്ല, നേരെ മറിച്ച് അവൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വിശ്വാസത്തിൻ്റെ നിറവായിരുന്നു. അവൻ്റെ ചിന്തകളെയും പ്രവർത്തികളെയും നയിച്ചിരുന്നത് ഈ വിശ്വാസ നിറവായിരുന്നു."
യൗസേപ്പിതാവിൻ്റെ നിശബ്ദതയാൽ നിറയപ്പെടേണ്ട സമയമാണ് നോമ്പുകാലം. ശബ്ദത്തിന്റെ അഭാവമല്ല യാർത്ഥത്തിൽ നിശബ്ദത. ഏതു കോലാഹലങ്ങളുടെയും ഇടയിൽ ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണു നിശബ്ദതയെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു.
കുടുംബ പ്രാർത്ഥനയിൽ സജീവമായി പങ്കെടുക്കുക
എങ്ങനെ കുടുംബ പ്രാർത്ഥന നയിക്കണം എന്നതിൻ്റെ ഏറ്റവും വലിയ മാതൃകയായിരുന്നു യൗസേപ്പു പിതാവ്. കുടുംബ പ്രാർത്ഥനയിൽ വിശുദ്ധ യൗസേപ്പ് നൽകുന്ന മാതൃകയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസിൽ ഇപ്രകാരം പഠിപ്പിക്കുന്നു : "ബാലനായ ഈശോയെ സാബത്താചരണത്തിനായി സിനഗോഗിലും തിരുനാളുകൾക്കായി ജറുസലേം ദൈവാലയത്തിൽ കൊണ്ടുപോയിരുന്നതും ജോസഫായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണ സമയത്തും മുഖ്യ തിരുനാളുകളിലും ഭവനത്തിൽ പ്രാർത്ഥന നയിച്ചിരുന്നത് ജോസഫായിരുന്നു. നസ്രത്തിലെ എളിയ ഭവനത്തിലും യൗസേപ്പിൻ്റെ പണിശാലയിലും പ്രാർത്ഥനയും ജോലിയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാമെന്നും കുടുംബത്തിന് ആവശ്യമായ അപ്പം സമ്പാദിക്കാമെന്നും ഈശോ പഠിച്ചു. "
അനുദിനമുള്ള കുടുംബ പ്രാർത്ഥന കുടുംബത്തിൻ്റെ ബലി സമർപ്പമാണ്. അതിനാൽ നോമ്പുകാലത്തു കുടുംബ പ്രാർത്ഥനയിൽ താൽപര്യപൂർവ്വം നമുക്കു പങ്കു കൊള്ളാം. കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുമ്പോൾ കുടുംബ നാഥനെന്ന നിലയിൽ അപ്പനു മുഖ്യ പുരോഹിതനടുത്ത ദൗത്യമുണ്ട്. ഈ ദൗത്യം ഭാര്യയയ്ക്കും മക്കൾക്കുമായി മാത്രം നിചപ്പെടുത്തി കൊടുക്കുക ഭൂഷണമല്ല.
നാട്യങ്ങളില്ലാത്ത ജീവിതം
കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിൻ്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക. ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന യൗസേപ്പിതാവ് ഒരു തുറന്ന പുസ്തകമായിരുന്നു ജീവിതത്തിലും കർമ്മമണ്ഡലങ്ങളിലും. ദൈവ സ്വരത്തോടു നിരന്തരം തുറവി കാട്ടിയ യൗസേപ്പിനു ഒരു മുഖമേ ഉണ്ടായിരുന്നുള്ളു, ദൈവത്തിൻ്റെ ഛായ പതിഞ്ഞ തിരുമുഖം.
കാപട്യമുള്ളവരുടെ ജീവിതം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരിക്കും. അത്തരക്കാർ അകത്ത് ഒരു കാര്യം ഒളിപ്പിച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന ഇരട്ട മുഖക്കാരായിരിക്കും.ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ ക്രിസ്തീയ സമൂഹത്തിൻ്റെ നികൃഷ്ട ശത്രുവാണ് കാപട്യം. കപടതയില്ലാതാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും നമ്മുടെ കൂടെപ്പിറപ്പുകളാകും.
നമ്മുടെ കപടത മറ്റുള്ളവർ അറിയുമ്പോൾ മാത്രം വേദനിക്കുന്ന ഒരു സമുഹത്തിൽ നാം ജീവിക്കുമ്പോൾ നാട്യങ്ങളില്ലാത്ത യൗസേപ്പിതാവായിരിക്കട്ടെ ഈ നോമ്പുകാലത്തു നമ്മുടെ ആവേശവും അഭിമാനവും.
സ്വർഗ്ഗം നോക്കി നടക്കുക
വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗം നോക്കി നടന്നവനായിരുന്നു ദൈവ പിതാവിൻ്റെ ആഹ്വാനങ്ങളെ തുറവിയോടെ അവൻ സ്വീകരിച്ചു. നിത്യത നേടുക എന്നതായിരുന്നു നസറത്തിലെ ആ തച്ചൻ്റെ ഏറ്റവും വലിയ ആഗ്രഹം. മനഷ്യരുടെ അപമാനങ്ങളെക്കാൾ മനസാക്ഷിയുടെ സ്വരത്തിനു അവൻ വിലക്കൽപ്പിച്ചു. പല രീതികളിൽ വന്ന പ്രലോഭങ്ങളെ വളർത്തു പുത്രനായ യേശുവിനെ മനസ്സിൽ ധ്യാനിച്ചു പരാജയപ്പെടുത്തുക യൗസേപ്പ് വിനോദമാക്കി. നോമ്പുകാലം പ്രാർത്ഥനയുടെയും പരിത്യാഗത്തിൻ്റെയും പരസ്നേഹത്തിൻ്റെയും മാർഗ്ഗങ്ങളിലൂടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നടക്കാൻ യൗസേപ്പിതാവു നമ്മെ വെല്ലുവിളിക്കുന്നു.
യൗസേപ്പിതാവിനൊപ്പം നടന്നു നോമ്പുകാലം പുണ്യവും ദൈവാനുഗ്രഹ പ്രദവുമാക്കാം.