News - 2024

മെയ് 5 ദേശീയ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സഭ

പ്രവാചകശബ്ദം 18-03-2024 - Monday

കേപ് ടൗണ്‍: രണ്ടു മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി മെയ് 5 ദേശീയ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സഭ. രാജ്യത്തെ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്തമായാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രത്യേക പ്രാര്‍ത്ഥന ആവശ്യമാണെന്ന് ദക്ഷിണാഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസ് (SACC) പ്രസ്താവിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിലെ അക്രമാസക്തമായ പൊട്ടിത്തെറികളുടെ വേദനാജനകമായ മുറിവുകൾ ആളുകൾ ഇപ്പോഴും വഹിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (എസ്എസിബിസി) അംഗങ്ങൾ ഉൾപ്പെടുന്ന ക്രൈസ്തവ കൂട്ടായ്മയുടെ പ്രസിഡന്‍റും കേപ്ടൗണിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പുമായ താബോ മക്ഗോബ പറഞ്ഞു.

ദേശീയ പ്രാർത്ഥനാ ദിനത്തിനായുള്ള ആഹ്വാനം സഭയുടെ പ്രധാന ദൗത്യത്തിൻ്റെ ഓർമ്മപ്പെടുത്തലാണ്. നിരാശയുടെ മുഖത്ത് പ്രത്യാശയ്ക്കുവേണ്ടിയുള്ള വാദമാണത്. രാജ്യത്തു നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയുടെ നവീകരണത്തിനായി നാം ആഗ്രഹിക്കുകയാണ്. സമാധാനത്തിൻ്റെ അവസ്ഥ സംജാതമാകുന്നതിനും പ്രത്യാശയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പ്രാര്‍ത്ഥനാദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് താബോ മക്ഗോബ കൂട്ടിച്ചേര്‍ത്തു.

സമീപകാലത്തായി രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ സജീവമാണ്. ഇക്കഴിഞ്ഞ മാർച്ച് 13 ബുധനാഴ്ച സാനീൻ രൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് കത്തോലിക്ക വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുള്ളിനനില്‍ മൂന്നു കോപ്റ്റിക് സന്യാസികള്‍ കൊല്ലപ്പെട്ടിരിന്നു. ദക്ഷിണാഫ്രിക്കയിലെ മൊത്തം ജനസംഖ്യയുടെ 78% പേരും ക്രൈസ്തവരാണ്. 26 രൂപതകളും അതിരൂപതകളും അപ്പസ്തോലിക് വികാരിയേറ്റും ചേർന്നതാണ് രാജ്യത്തെ കത്തോലിക്ക സഭ. നിലവില്‍ 38 ലക്ഷം കത്തോലിക്ക വിശ്വാസികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 946