India - 2024
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ആഗോള ക്രൈസ്‌തവ സമൂഹത്തിന് കൂട്ടായ്മയുടെ മാതൃക: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
പ്രവാചകശബ്ദം 21-03-2024 - Thursday
കാഞ്ഞിരപ്പള്ളി: വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിൻ്റെ നിദർശനമായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ആഗോള ക്രൈസ്‌തവ സമൂഹത്തിന് കൂട്ടായ്മയുടെ മാതൃകയായി നിലകൊള്ളുന്നുവെന്ന് ട്രസ്റ്റ് വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെൻ്ററിൽ നടന്ന ക്രൈസ്‌തവ സഭകളുടെ കൂട്ടായ്‌മയായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് രൂപീകരണത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയിൽ മാർ ജോസഫ് പവ്വത്തിൽ വഹിച്ച പങ്ക് സമ്മേളനം അനുസ്‌മരിച്ചു. ട്രസ്റ്റ് സെക്രട്ടറി റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ്പ് ജോഷ്വാ മാർ നിക്കോദിമോസ്, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ പ്രസംഗിച്ചു. ട്രഷറർ ഏബ്രാഹം ഇട്ടിച്ചെറിയ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജനാധിപത്യ, മതേതര മൂല്യങ്ങൾ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വർഗീയ, വിഭാഗീയ ചിന്തകൾക്കതീതമായി സമൂഹം കൂടുതൽ സ്നേഹത്തോടും ഐക്യത്തോടും പരസ്‌പര സഹകരണത്തോടും സാഹോദര്യത്തോടും പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും, രാജ്യ ത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന വിരുദ്ധശക്തികൾക്കെതിരേ ജാഗരൂകരാകണമെന്നും യോഗം വിലയിരുത്തി.