Videos

വന്നു കാണുക | നോമ്പുകാല ചിന്തകൾ | മുപ്പത്തിയൊന്‍പതാം ദിവസം

പ്രവാചകശബ്ദം 21-03-2024 - Thursday

"നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ, ഗുരു എന്നാണ് ഇതിനര്‍ഥം - അങ്ങ് എവിടെയാണു വസിക്കുന്നത്? അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു" (യോഹ 1:38-39).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയൊന്‍പതാം ദിവസം ‍

ദൈവം തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ എക്കാലവും ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാ മതങ്ങളും ഒരു വിധത്തിലല്ലങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തെ അന്വേഷിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ സ്രഷ്ടാവായ ദൈവം മനുഷ്യനെ തേടിയതാണ് ക്രിസ്‌തു സംഭവം. ദൈവത്തെ അന്വേഷിക്കുന്ന ഏതൊരു മനുഷ്യനെയും കണ്ടുമുട്ടാനായി ക്രിസ്‌തു വന്നുചേരുന്നു എന്നതാണ് ക്രൈസ്‌തവ വിശ്വാസത്തെ മറ്റ് മതങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത്, സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു: നിങ്ങൾ എന്തന്വേഷിക്കുന്നു? അതിന് മറുപടിയായി അവർ യേശുവിനോട് ചോദിച്ചു: റബ്ബീ, അങ്ങ് എവിടെയാണു വസിക്കുന്നത്? യേശു അവരോട് പറഞ്ഞു: വന്നു കാണുക. അവർ ചെന്ന് അവൻ വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്‌തു (യോഹ 1:37-39). ദൈവത്തെ അന്വേഷിക്കുന്ന ഓരോ മനുഷ്യനെയും യേശു തേടിയെത്തുന്നു. അതിനാൽ തന്നെ ക്രിസ്‌തുവിൽ ദൈവം എല്ലാക്കാലത്തും എല്ലാ സ്ഥലങ്ങളിലും നമ്മുടെയിടയിൽ സമീപസ്ഥനാണ്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു;

അനന്തഗുണ സമ്പന്നനും, തന്നിൽത്തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നന്മമാത്രം ലക്ഷ്യമാക്കി സ്വതന്ത്രമനസോടെ തന്റെ സൗഭാഗ്യത്തിൽ ഭാഗഭാക്കാക്കുവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താൽ, എല്ലാ സ്‌ഥലങ്ങളിലും കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്‌ഥനായി വർത്തിക്കുന്നു. സർവശക്തിയുപയോഗിച്ചു ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപം മൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരെയും സഭയാകുന്ന തന്റെ കുടുംബത്തിൻറെ ഐക്യത്തിലേക്കു, ദൈവം വിളിച്ചുകൂട്ടുന്നു. ഈ പദ്‌ധതി നിറവേറ്റാനായി കാലത്തിൻറെ തികവിൽ ദൈവം സ്വപുത്രനെ പുനരുദ്ധാരകനും രക്ഷകനുമായി ലോകത്തിലേക്ക് അയച്ചു. അവന്റെ പുത്രനിലും പുത്ര നിലൂടെയും പരിശുദ്ധാത്‌മാവിൽ, ദൈവത്തിന്റെ ദത്തുപുത്രരും അങ്ങനെ അവിടുത്തെ സൗഭാഗ്യ ജീവിതത്തിന്റെ അവകാശികളുമായിത്തീരാൻ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു. (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1).

നമ്മുടെ വേദനകളിലും സങ്കടങ്ങളിലും രോഗങ്ങളിലും ഒറ്റപ്പെടലുകളിലും നാം ആശ്വാസം തേടി ദൈവത്തെ അന്വേഷിക്കുമ്പോഴൊക്കെ ഈശോ നമ്മോടു പറയുന്നുണ്ട്, വന്നു കാണുക. അപ്പോഴൊക്കെ നമ്മുക്ക് സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാരെ പോലെ ഈശോയുടെ അടുത്തേക്കു ചെല്ലുകയും അവിടുത്തോടൊപ്പം വസിക്കുകയും ചെയ്യാം.

More Archives >>

Page 1 of 31