News

വിശുദ്ധ വാരത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നിക്കരാഗ്വേ ഭരണകൂടം

പ്രവാചകശബ്ദം 20-03-2024 - Wednesday

മനാഗ്വേ: ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം രാജ്യത്തെ കത്തോലിക്ക സഭയ്ക്കു നേരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാർത്ത പട്രീഷ്യ മോളിന ഇത്തവണ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന കൊടിയ നിയന്ത്രണങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ഓശാന ഞായറാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഉള്‍പ്പെടെ രാജ്യമെമ്പാടും നടക്കേണ്ടിയിരിന്ന 4800 പ്രദിക്ഷണങ്ങള്‍ക്കു ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മനാഗ്വ അതിരൂപത സംഘടിപ്പിക്കുന്ന പരിഹാര പ്രദിക്ഷണത്തിനും വിലക്കുണ്ട്. ചിലയിടങ്ങളില്‍ പ്രദിക്ഷണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അത് ദേവാലയത്തിനുള്ളില്‍ നടത്താന്‍ മാത്രമാണ് അനുമതി. നിക്കരാഗ്വയിൽ പരസ്യമായി ക്രൈസ്തവ വിശ്വാസം പ്രകടിപ്പിക്കുന്നത് പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിക്കുകയാണെന്നും വൈദികരോ സാധാരണക്കാരോ ആരും സുരക്ഷിതരല്ലായെന്നും മാർത്ത പട്രീഷ്യ മോളിന പറഞ്ഞു. ഒർട്ടെഗ ഭരണകൂടത്തിൻ്റെ രഹസ്യാന്വേഷണ സംവിധാനത്തിൻ്റെ നിരന്തരമായ നിരീക്ഷണത്തിലാണ് വൈദികരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദികര്‍ക്ക് നേരെയുള്ള പീഡനവും ഉപരോധവും മാറിയിട്ടില്ലായെന്നും ഇത് ഓരോ ദിവസവും കൂടുതൽ വർദ്ധിക്കുകയാണെന്നും അവര്‍ പറയുന്നു.

നിക്കരാഗ്വേ ഭരിക്കുന്ന സ്വേച്ഛാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗ കഴിഞ്ഞ വര്‍ഷവും സമാനമായ നിയന്ത്രണം കൊണ്ടുവന്നിരിന്നു.

2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു.

നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള വിവിധ സന്യാസിനികളെ രാജ്യത്തു നിന്നു പുറത്താക്കിയും ഒര്‍ട്ടേഗ ഏകാധിപത്യം തുടര്‍ന്നു. ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ട ബിഷപ്പ് റോളണ്ടോ അല്‍വാരെസ്, വത്തിക്കാന്‍ ഇടപെടലില്‍ നിക്കരാഗ്വേയില്‍ നിന്നു മോചിക്കപ്പെട്ടത് അടുത്തിടെയാണ്.

More Archives >>

Page 1 of 947