News - 2025

തിരുസഭയ്ക്കു വേണ്ടി 9 മാസത്തെ നൊവേന; യു‌എസ് കര്‍ദ്ദിനാളിന്റെ ആഹ്വാനം ഏറ്റെടുത്ത് ഒന്നര ലക്ഷം വിശ്വാസികള്‍

പ്രവാചകശബ്ദം 22-03-2024 - Friday

വാഷിംഗ്ടണ്‍ ഡി‌സി: തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഒന്‍പത് മാസത്തെ നൊവേന പ്രാർത്ഥനയിൽ പങ്കുചേരാനുള്ള അമേരിക്കന്‍ കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെയുടെ ആഹ്വാനത്തിന് സമ്മതം അറിയിച്ച് പതിനായിരങ്ങള്‍. കത്തോലിക്ക സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനായ കർദ്ദിനാൾ ബുര്‍ക്കെയുടെ ആഹ്വാനത്തിന് ഒന്നര ലക്ഷം വിശ്വാസികളാണ് സമ്മതം അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. മാർച്ച് 12ന് ആരംഭിച്ച നൊവേന ഗ്വാഡലൂപ്പിലെ മാതാവിൻ്റെ തിരുനാൾ ദിനമായ ഡിസംബർ 12ന് അവസാനിക്കുന്ന വിധത്തിലാണ് നൊവേന ക്രമീകരിച്ചിരിക്കുന്നത്.

ആഹ്വാനത്തിന് വളരെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ പുതിയ വീഡിയോയിൽ പറഞ്ഞു. ഒന്നുകിൽ ദൈവത്തെ മറന്ന് അല്ലെങ്കിൽ ദൈവത്തോട് ശത്രുത പുലർത്തുന്ന സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും പരിവർത്തനത്തിനായി ആളുകൾ ദാഹിക്കുകയാണ്. 1,35,000 വിശ്വാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഒന്നരലക്ഷത്തോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുമെന്ന് സംഘാടകരും വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ വീഡിയോ സന്ദേശത്തിലൂടെ രംഗത്തു വന്നത്. പാപത്തിൻ്റെ ഇരുട്ട് വളരെ വലുതായി തോന്നുന്നുവെന്നും തിന്മയ്ക്ക് ദൈവകൃപയുടെ ശക്തിയെ സമീപിക്കാൻ കഴിയില്ലായെന്നും അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കണമെന്നും കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ അന്നത്തെ സന്ദേശത്തില്‍ പറഞ്ഞിരിന്നു. ധാര്‍മ്മിക വിശ്വാസ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് ആഗോള തലത്തില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »