Videos
ഓശാന! ചരിത്രത്തിലൂടെ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിരണ്ടാം ദിവസം
പ്രവാചകശബ്ദം 24-03-2024 - Sunday
യേശുവിന്റെ മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ ഉന്നതങ്ങളിൽ! ഉന്നതങ്ങളിൽ ഹോസാന! (മത്തായി 21:9)
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിരണ്ടാം ദിവസം
ഇന്ന് ഓശാന ഞായർ. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന സമയത്ത് അവിടുത്തെ മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ ഉന്നതങ്ങളിൽ! ഉന്നതങ്ങളിൽ ഹോസാന! (മത്തായി 21:9). ആ പുണ്യ ദിനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് നാം വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുന്നു. (ലൂക്കാ 19:37-40).
ഇവിടെ രണ്ടുതരം വ്യക്തികളെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു: ഒന്ന് തങ്ങൾ അനുഭവിച്ചറിഞ്ഞ ഈശോയുടെ അത്ഭുതപ്രവർത്തികളെപ്പറ്റി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉച്ചത്തിൽ ദൈവത്തെ സ്‌തുതിക്കുന്നവർ. രണ്ട്: ഇതിൽ അസൂയപൂണ്ട് ദൈവത്തെ സ്തുതിക്കുന്നവരെ ശാസിക്കുന്നവർ.
ഇതേക്കുറിച്ച് അലക്‌സാൻഡ്രിയയിലെ സിറിൽ ഇപ്രകാരം പറയുന്നു:
ഈശോ കഴുതക്കുട്ടിയുടെ മേൽ ഇരുന്നു. ജറുസലേമിനു സമീപമുള്ള ഒലിവുമലയുടെ ചെരുവിലേക്ക് അവൻ വന്നതിനാൽ ശിഷ്യന്മാർ അവനെ പ്രകീർത്തിച്ചുകൊണ്ട് അവനു മുമ്പേ നീങ്ങി. അവൻ ചെയ്ത അത്ഭുതപ്രവർത്തനങ്ങൾക്കും അവന്റെ ദൈവികമഹത്വത്തിനും അധികാരത്തിനും സാക്ഷികളാകാനും അവർ വിളിക്കപ്പെട്ടിരുന്നു. അവനാരാണെന്നും അവൻ എത്രമാത്രം ഉന്നതനാണെന്നും അറിഞ്ഞുകൊണ്ട് നമ്മളും ഇതുപോലെ അവനെ സദാസമയം പ്രകീർത്തിക്കണം.
ഈശോ പ്രകീർത്തിക്കപ്പെടുന്നതിൽ ഫരിസേയർ പരാതിപ്പെടുന്നു. അവർ അടുത്തുവന്ന് അവനോടു പറഞ്ഞു: “നിൻ്റെ ശിഷ്യരെ ശാസിക്കുക”. അല്ലയോ ഫരിസേയാ, എന്തു തെറ്റായ പ്രവൃത്തിയാണ് അവർ ചെയ്തത്? വിശുദ്ധഗ്രന്ഥം അനുസരിക്കാനും സത്യ ജ്ഞാനത്തിനായി ദാഹിക്കാനുമായിരുന്നു നിൻ്റെ ഉത്തരവാദിത്വം. നീ ഇതു ചെയ്‌തില്ല. മറിച്ച്, പ്രശംസിക്കേണ്ടിയിരുന്ന നീ അതിനു വിരുദ്ധമായ വാക്കുകളുപയോഗിച്ച് സത്യത്തിൻ്റെ പ്രഘോഷകരെ ശാസിക്കാൻ ആഗ്രഹിച്ചു (Commentary on Luke, Homily 130).
വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുക്ക് വിചിന്തനം ചെയ്യാം. നമ്മൾ ഇതിൽ ആരോടോപ്പമാണ്? ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്‌ത അനുഗ്രഹങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ദൈവത്തെ സ്തുതിക്കാൻ നമ്മുക്ക് സാധിക്കുന്നുവെങ്കിൽ നാം അവിടുത്തെ ശിഷ്യന്മാർക്കൊപ്പമാണ്. മറ്റുള്ളവർ ദൈവത്തെ സ്തുതിക്കുന്നത് കാണുമ്പോൾ നാം അസ്വസ്ഥതപെടുകയും അവരെ നിശബ്ദരാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ നാം ഫരിസേയർക്കൊപ്പമാണ്.
നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ നന്മകളും ദൈവത്തിന്റെ ദാനമാണ്. എന്നിട്ടും, നാം ദൈവത്തെ സ്തുതിക്കുവാൻ മറന്നുപോയെങ്കിൽ, അതോർത്തു നമ്മുക്ക് ദൈവസന്നിധിയിൽ മാപ്പപേക്ഷിക്കാം. അതോടൊപ്പം ദൈവം നമ്മുക്ക് നൽകിയ ദാനങ്ങളോർത്ത് അവിടുത്തെ സ്തുതിച്ചുകൊണ്ട് ചരിത്രത്തിലൂടെ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഓശാന ഗീതങ്ങളോട് ചേർന്ന് നമ്മുക്കും ഉച്ചത്തിൽ ആർത്തുവിളിക്കാം: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!