News
ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകൾ നീക്കാന്‍ യേശുവിന് മാത്രമേ കഴിയൂ: : ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 01-04-2024 - Monday
വത്തിക്കാന്‍ സിറ്റി: യേശുവിൻറെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നുവെന്നും അതുപോലെ ഇന്ന് അത്യധികം ഭാരമേറിയ കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്കയാണെന്നും എന്നാല്‍ അവയെല്ലാം നീക്കാന്‍ യേശുവിന് മാത്രമേ കഴിയൂവെന്നും ഫ്രാന്‍സിസ് പാപ്പ. യുദ്ധത്തിൻറെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിൻറെ പാറ, തുടങ്ങിയവയാണ് അവയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഉത്ഥാനത്തിരുന്നാൾ ദിനമായ ഇന്നലെ ഞായറാഴ്ച (31/03/24) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ സമൂഹ ദിവ്യബലി അർപ്പിച്ച ശേഷം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളിൽ മദ്ധ്യത്തിലായുള്ള മട്ടുപ്പാവില്‍ നിന്നുകൊണ്ട്, “റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
പ്രിയ സഹോദരീ സഹോദരന്മാരേ, തിരുവുത്ഥാനത്തിരുന്നാൾ ആശംസകൾ! രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജറുസലേമിൽ നിന്നുയർന്ന പ്രഘോഷണം ഇന്ന് ലോകമെമ്പാടും മാറ്റൊലികൊള്ളുന്നു: "ക്രൂശിക്കപ്പെട്ട നസ്രായനായ യേശു ഉയിർത്തെഴുന്നേറ്റു!" (മർക്കോസ് 16:6). ആഴ്ചയുടെ ആദ്യ ദിവസം പുലർച്ചെ കല്ലറയിങ്കലേക്കു പോയ സ്ത്രീകൾക്കുണ്ടായ വിസ്മയം സഭ പുനർജീവിക്കുകയാണ്. യേശുവിൻറെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു; അതുപോലെ ഇന്ന് അത്യധികം ഭാരമേറിയതും കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: യുദ്ധത്തിൻറെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിൻറെ പാറ, തുടങ്ങിയവ. യേശുവിൻറെ ശിഷ്യകളായ സ്ത്രീകളെപ്പോലെ നമ്മളും പരസ്പരം ചോദിക്കുന്നു: "നമുക്കുവേണ്ടി ആരാണ് ഈ കല്ലുകൾ ഉരുട്ടിമാറ്റുക?".
ഉത്ഥാന ഉഷസ്സിലെ കണ്ടെത്തൽ ഇതാ: കല്ല്, ഇതിനകം ഉരുട്ടിമാറ്റപ്പെട്ട ആ വലിയ കല്ല്. ആ സ്ത്രീകളുടെ വിസ്മയം നമ്മുടെ വിസ്മയമാണ്: യേശുവിൻറെ കല്ലറ തുറക്കപ്പെട്ടിരിക്കുന്നു, അത് ശൂന്യവുമാണ്! ഇവിടെനിന്നാണ് എല്ലാം ആരംഭിക്കുന്നത്. ശൂന്യമായ ആ കല്ലറയിലൂടെയാണ് നമുക്കാർക്കുമല്ല, പ്രത്യുത, ദൈവത്തിനു മാത്രം തുറക്കാൻ കഴിഞ്ഞ പുതിയ പാത കടന്നുപോകുന്നത്: മരണത്തിനിടയിൽ ജീവൻറെ പാത, യുദ്ധത്തിനു നടുവിൽ സമാധാനത്തിൻറെ പാത, വിദ്വേഷത്തിനിടയിൽ അനുരഞ്ജനത്തിൻറെ പാത, ശത്രുതയുടെ നടുവിൽ സാഹോദര്യത്തിൻറെ പാത.
സഹോദരീ സഹോദരന്മാരേ, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു, ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകൾ ഉരുട്ടിമാറ്റാൻ അവനു മാത്രമേ കഴിയൂ. വാസ്‌തവത്തിൽ, ജീവിക്കുന്നവനായ അവൻതന്നെയാണ് മാർഗ്ഗം: ജീവിതത്തിന്റെ, ശാന്തിയുടെ, അനുരഞ്ജനത്തിന്റെ, സാഹോദര്യത്തിന്റെ വഴി. മാനുഷികമായി അസാധ്യമായ വഴി അവൻ നമുക്ക് തുറന്നുതരുന്നു, കാരണം അവൻ മാത്രമാണ് ലോകത്തിന്റെ പാപം നീക്കുകയും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിൻറെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപമോചനം കൂടാതെ, അടച്ചുപൂട്ടലുകൾ, മുൻവിധികൾ, പരസ്പര സംശയങ്ങൾ, എപ്പോഴും സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ എന്നിവയിൽ നിന്ന് പുറത്തുകടക്കാനാകില്ല. ഉത്ഥിതനായ ക്രിസ്തു മാത്രമാണ്, നമുക്ക് പാപമോചനമേകിക്കൊണ്ട്, ഒരു നവീകൃത ലോകത്തിനായുള്ള പാത തുറക്കുന്നത്.
ജീവിതത്തിന്റെ വാതിലുകൾ, ലോകമെമ്പാടും വ്യാപിക്കുന്ന യുദ്ധങ്ങളാൽ നാം നിരന്തരം അടയ്‌ക്കുന്ന ആ വാതിലുകൾ, നമുക്കായി തുറക്കുന്നത് അവിടന്നു മാത്രമാണ്. യേശുവിൻറെ പീഢാസഹന മരണ ഉത്ഥാനങ്ങളുടെ സാക്ഷിയായ വിശുദ്ധനഗരമായ ജറുസലേമിലേക്കും വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹങ്ങളിലേക്കും സർവ്വോപരി, ഇന്ന് നമുക്കു നോക്കാം. ഇസ്രയേലിലും പലസ്തീനിലും യുക്രൈനിലും തുടങ്ങി ലോകത്ത് നടക്കുന്ന നിരവധി സംഘർഷങ്ങളുടെ ഇരകളിലേക്കാണ് സർവ്വോപരി എന്റെ ചിന്തകൾ പോകുന്നത്. ഉത്ഥിതനായ ക്രിസ്തു, ആ പ്രദേശങ്ങളിലെ പീഡിതരായ ജനങ്ങൾക്കുവേണ്ടി സമാധാനത്തിൻറെ ഒരു പാത തുറക്കട്ടെ. അന്താരാഷ്‌ട്ര നിയമത്തിന്റെ തത്ത്വങ്ങൾ ആദരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം, റഷ്യയും യുക്രൈനും തമ്മിൽ എല്ലാ തടവുകാരുടെയും പൊതുവായ ഒരു കൈമാറ്റം നടക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു: എല്ലാം എല്ലാവർക്കും വേണ്ടി!
കൂടാതെ, ഗാസയിൽ മാനവിക സഹായസാധ്യത ഉറപ്പാക്കാൻ ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 7 ന് തട്ടിക്കൊണ്ടുപോകപ്പെടുകയും ബന്ദികളാക്കക്കപ്പെടുകയും ചെയ്തിരിക്കുന്നവരെ ഉടൻ വിട്ടയയ്ക്കാനും ആ മുനമ്പിൽ ഉടനടി വെടിനിർത്താനുമുള്ള ആവശ്യം ഞാൻ ആവർത്തിക്കുന്നു. നിലവിലുള്ള ശത്രുത, തളർന്നിരിക്കുന്ന ജനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതു തുടരാൻ അനുവദിക്കാനവില്ല. എത്ര മാത്രം യാതനകളാണ് കുട്ടികളുടെ കണ്ണുകളിൽ നാം കാണുന്നത്. ആ യുദ്ധഭൂമികളിൽ ആ കുഞ്ഞുങ്ങൾ പുഞ്ചിരിക്കാൻ മറന്നുപോയിരിക്കുന്നു.
അവരുടെ നോട്ടത്താൽ അവർ നമ്മളോട് ചോദിക്കുന്നു: എന്തുകൊണ്ടിങ്ങനെ? എന്തുകൊണ്ടാണ് ഇത്രയധികം മരണം? എന്തുകൊണ്ടാണ് ഇത്രയേറെ നാശം? യുദ്ധം എല്ലായ്പ്പോഴും ഒരു ഭോഷത്തമാണ്, യുദ്ധം എല്ലായ്പ്പോഴും ഒരു തോൽവിയുമാണ്! യൂറോപ്പിലും മദ്ധ്യധരണിപ്രദേശത്തും എന്നും കൂടുതൽ ശക്തമായ യുദ്ധക്കാറ്റ് വീശാൻ അനുവദിക്കരുത്. ആയുധങ്ങളുടെയും പുനരായുധീകരണത്തിൻറെയും യുക്തിക്ക് വഴങ്ങരുത്. സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ട് കെട്ടിപ്പടുക്കാനാകില്ല, മറിച്ച് നീട്ടിപ്പിടിക്കുന്ന കരങ്ങളാലും തുറന്ന ഹൃദയങ്ങളാലുമാണ് അത് സാധിക്കുകയെന്ന് പാപ്പ പറഞ്ഞു. സിറിയ, ലെബനൻ, പടിഞ്ഞാറൻ ബാൾക്കൻ പ്രദേശം, അർമേനിയ അസർബൈജാന്‍, ഹെയ്തി, ആഫ്രിക്കന്‍ ഭൂഖണ്ഡം തുടങ്ങീയ മേഖലകള്‍ക്ക് വേണ്ടിയും പാപ്പ സമാധാന ആഹ്വാനം നടത്തി.
ലോകത്തിൻറെ മറ്റ് ഭാഗങ്ങളിൽ അക്രമം, സംഘർഷം, ഭക്ഷ്യ അരക്ഷിതാവസ്ഥ, അതുപോലെതന്നെ, കാലാവസ്ഥാ വ്യതിയാനത്തിൻറെ പ്രത്യാഘാതങ്ങൾ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യാശയുടെ പാത തുറന്നു നല്കട്ടെ. എല്ലാത്തരം ഭീകരപ്രവർത്തനത്തിൻറെയും ഇരകൾക്ക് കർത്താവ് സാന്ത്വനമേകട്ടെ. ജീവൻ നഷ്ടപ്പെട്ടവർക്കായി നമുക്ക് പ്രാർത്ഥിക്കുകയും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ അനുതാപവും മാനസാന്തരവും നമുക്ക് അപേക്ഷിക്കുകയും ചെയ്യാമെന്നും പാപ്പ പറഞ്ഞു. ഫ്രാന്‍സീസ് പാപ്പയുടെ "ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് വത്തിക്കാനില്‍ എത്തിയിരിന്നത്.