India - 2025
വന്യമൃഗ ആക്രമണങ്ങളില്‍ ഭരണകൂടം നിസംഗത പുലർത്തുന്നത് കാട്ടുനീതി: മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 02-04-2024 - Tuesday
കാഞ്ഞിരപ്പള്ളി: മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. സമാനമായ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നിസംഗത പുലർത്തുന്നതു കാട്ടുനീതിയാണ്. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക കൊണ്ടു മാത്രം കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന നഷ്ടം നികത്താനാവില്ലെന്നോർക്കണമെന്നും മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഇനിയും ഈ വിധത്തിലുള്ള അക്രമണങ്ങളുണ്ടാവാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും സത്വര നടപടികൾ സ്വീകരിക്കണം. തലമുറകളായി അധ്വാനിക്കുന്ന കൃഷിഭൂമിയിൽ പ്രാണഭയമില്ലാതെ ജീവിക്കാൻ മനുഷ്യർക്ക് സാഹചര്യം ഒരുക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. മനുഷ്യർ പാർക്കുന്ന നാട്ടിലേക്കിറങ്ങാതെ വന്യമൃഗങ്ങളെ കാട്ടിൽതന്നെ സൂക്ഷിക്കുന്നതിന് വനം വകുപ്പിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യ ജീവന് വിലകല്പിക്കാത്ത നിയമവ്യാഖ്യാനങ്ങളിലൂടെ കാട്ടുനീതി നടപ്പിലാക്കുവാൻ ശ്രമിക്കരുത്. വന്യജീവിയാക്രമണങ്ങളിൽ നിസഹായമാകുന്ന ജനതയോടും ഇന്നലെ കാട്ടാനായാക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തോടും കാഞ്ഞിരപ്പള്ളി രൂപതയുടെ ഐക്യദാർഢ്യം അറിയിക്കുന്നതായും മാർ ജോസ് പുളിക്കൽ പറഞ്ഞു.