India - 2025
മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികളുടെ നേർക്കു നടക്കുന്നത് ബോധപൂർവമായ അക്രമങ്ങൾ: മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 03-07-2023 - Monday
കാഞ്ഞിരപ്പള്ളി: മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികളുടെ നേർക്കുള്ള ബോധപൂർവ മായ അക്രമങ്ങൾ രാഷ്ട്രത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ട സമാധാന പ്രാർത്ഥന, ഐക്യദാർഢ്യ പ്രതിജ്ഞ എന്നിവയോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മാർ പുളിക്കൽ. മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനതയുടെ വേദനയിൽ ഹൃദയപൂർവം പങ്കുചേരാൻ നമുക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പീഡനങ്ങളിലും അടിച്ചമർത്തലുകളിലും തളരാതെ വിശ്വാസത്തെ മുറുകെപിടിക്കുന്നവരുടെ ജീവിതങ്ങൾ സുവിശേഷ സാക്ഷ്യമാണ്. കലാപം നിയന്ത്രിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് ഇനിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. ജനാധിപത്യക്രമത്തിൽ ജനങ്ങളാശ്രയിക്കുന്ന ഭരണ സംവിധാനങ്ങളോടുള്ള വിശ്വാസത്തിന് ഭംഗം വരാനിടയാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളി രൂപതയിലെ ഐക്യദാർഢ്യദിനാചരണത്തിന്റെ ഭാഗമായി വിവിധ ഇവകകളിൽ പ്രത്യേക പ്രാർത്ഥന, റാലി, പ്രതിഷേധ സമ്മേളനങ്ങൾ എന്നിവ നടത്തപ്പെട്ടു. രൂപതയിലെ ഇടവകകളിൽനിന്നു ലഭിക്കുന്ന ഞായറാഴ്ചത്തെ സ്തോത്രക്കാഴ്ച്ച കാരിത്താസ് ഇന്ത്യ വഴി മണിപ്പുരിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് നൽകും. രൂപത യുവദീപതി - എസ്എംവൈഎം കാഞ്ഞിരപ്പള്ളിയിൽനിന്നു മാർ ത്തോമ്മാശ്ലീഹയുടെ പാദസ്പർശത്താൽ പുണ്യമായ നിലയ്ക്കലിലേക്ക് നടത്തിയ പദയാത്ര മണിപ്പൂരിൽ സമാധാനം പുലര്‍ത്താനുള്ള ആഹ്വാനവുമായിട്ടായിരിന്നു.