News
സ്ത്രീകളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം
പ്രവാചകശബ്ദം 04-04-2024 - Thursday
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പങ്കിനെ സമര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം. സ്ത്രീകൾക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുകയും എല്ലാ സംസ്കാരങ്ങളിലും അവരുടെ പങ്കും ഔന്നത്യവും ആദരിക്കപ്പെടുകയും വേണമെന്ന്‍ ഏപ്രിൽ മാസത്തെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സ്ത്രീപുരുഷ സമത്വം വാക്കുകളിൽ ഒതുങ്ങുകയും പ്രായോഗിക തലത്തിലേക്ക് മാറ്റപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
സഹായം ചോദിക്കുന്നതിനും വ്യവസായ സംരഭം ആരംഭിക്കുന്നതിനും വിദ്യാലയത്തിൽ പോകുന്നതിനും സ്ത്രീകൾക്ക് വിലക്കുള്ള നാടുകളുണ്ട്. സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്ക്കർഷിക്കുന്ന നിയമങ്ങൾ ഈ നാടുകളിലുണ്ട്. അതുപോലെ തന്നെ സ്ത്രീകൾ ചേലാകർമ്മത്തിന് അഥവാ, ജനനേന്ദ്രിയ പരിച്ഛേദനത്തിന് വിധേയരാക്കപ്പെടുന്ന സാഹചര്യമുണ്ട്. സ്ത്രീകളുടെ ശബ്ദം നാം ഇല്ലാതാക്കരുത്. പീഡനത്തിനു ഇരകളായിട്ടുള്ളവരായ സ്ത്രീകളുടെ ശബ്ദം നാം തടയരുത്. അവർ ചൂഷണം ചെയ്യപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു.
വ്യക്തികളെന്ന നിലയിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ അന്തസ്സുണ്ടെന്ന് നാം തത്ത്വത്തിൽ അംഗീകരിക്കുന്നു. എന്നാൽ അത് പ്രായോഗികമാക്കപ്പെടുന്നില്ല. ലോകത്തിൽ പലയിടങ്ങളിലും പ്രഥമ പാഴ് വസ്തുവായി സ്ത്രീകൾ കണക്കാക്കപ്പെടുന്ന ഖേദകരമായ വസ്തുതയുണ്ടെന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അവർ വിധേയരാക്കപ്പെടുന്ന വിവേചനത്തിന് വിരാമമുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക