News - 2024

യുക്രൈന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 04-04-2024 - Thursday

കീവ്: യുദ്ധത്തില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന യുക്രൈനില്‍ പ്രസിഡൻ്റായ വോളോഡോമിർ സെലെൻസ്കി, രാജ്യത്തെ കത്തോലിക്ക സഭയിലെയും യുക്രേനിയൻ പ്രൊട്ടസ്റ്റൻ്റ് കമ്മ്യൂണിറ്റികളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച യുക്രേനിയൻ ബൈബിൾ സൊസൈറ്റി സംഘടിപ്പിച്ച മീറ്റിംഗിൽവെച്ചാണ് രാജ്യത്തെ ലത്തീന്‍, പൌരസ്ത്യ കത്തോലിക്ക സഭയിലെ മെത്രാന്മാരുമായും പ്രൊട്ടസ്റ്റൻ്റ് കമ്മ്യൂണിറ്റികളുടെ പ്രതിനിധികളുമായും പ്രസിഡൻ്റ് വോളോഡോമിർ സെലെൻസ്‌കി കൂടിക്കാഴ്ച നടത്തിയത്. റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രൈന്‍ വിജയിക്കുമെന്നും യോദ്ധാക്കൾക്കും ജനങ്ങൾക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പ്രാർത്ഥന വിജയം നേടിയെടുക്കുവാന്‍ സഹായിക്കുമെന്നും സെലെൻസ്‌കി പറഞ്ഞു.

സഭയുടെ ഇടയ പരിപാലനത്തിന് രാഷ്ട്രപതി നന്ദി പറഞ്ഞു. പ്രത്യേകിച്ചു സൈനിക ചാപ്ലിൻമാരുടെ സേവനത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടിക്കാഴ്ചയ്ക്കിടെ കത്തോലിക്കാ ബിഷപ്പുമാർ തങ്ങളുടെ ശുശ്രൂഷയിൽ ചാപ്ലിൻമാർ നേരിടുന്ന വെല്ലുവിളികൾ വിശദീകരിച്ചു. ഇടവക വൈദികരോ കാരിത്താസും അതിൻ്റെ എല്ലാ യൂണിറ്റുകളും ഉൾപ്പെടെയുള്ള മാനുഷിക മേഖലയുടെ ഉത്തരവാദിത്തമുള്ളവരോ സൈനീക നിരയില്‍ അണിനിരന്നാൽ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് സഭാനേതാക്കള്‍ ഊന്നിപ്പറഞ്ഞു. പ്രൊട്ടസ്റ്റൻ്റ് കമ്മ്യൂണിറ്റികളുടെ പ്രതിനിധികൾ യുക്രൈനിലെ മതസ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്.

ഇക്കഴിഞ്ഞ വാരത്തില്‍ റഷ്യ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് ക്രൂസ് മിസൈലുകൾ തൊടുത്തിരിന്നു. ശബ്‌ദാതിവേഗ (ഹൈപ്പർസോണിക്) മിസൈലുകൾ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. അതേസമയം 2022 ഫെബ്രുവരി 24 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ 31000 പൗരന്‍മാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പതിനായിരങ്ങള്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്.


Related Articles »