News - 2025
ക്രിസ്ത്യാനികളും മുസ്ലിം സഹോദരങ്ങളും തമ്മിൽ അടുക്കാനാകാത്ത ഭിന്നതയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം: മാര്‍ തോമസ് തറയില്‍
പ്രവാചകശബ്ദം 10-04-2024 - Wednesday
ചങ്ങനാശ്ശേരി: ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശനത്തിന് പിന്നാലെ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നടത്തുന്ന ഗൂഢശ്രമത്തെ ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിഷയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു 'നോൺ-ഇഷ്യൂ'വിനെ എങ്ങനെ വലിയൊരു ഇഷ്യൂ ആക്കിയെടുക്കാമെന്നതിനു കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കഴിഞ്ഞിട്ടേ ഉള്ളു മറ്റെല്ലാവരുമെന്ന വാക്കുകളോടെയാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
"ഇവരുടെ ചർച്ചകൾ കേട്ടാൽ തോന്നും ക്രിസ്ത്യാനികളും മുസ്ലിം സഹോദരങ്ങളും തമ്മിൽ അടുക്കാനാകാത്ത ഭിന്നതയാണെന്നും അത് വളർത്താൻ സഭകൾ ശ്രമിക്കുകയാണെന്നും! എന്നാൽ അതിലെന്തെങ്കിലും വാസ്തവമുണ്ടോ? നമ്മുടെ നാട്ടിൽ എവിടെ എങ്കിലും ക്രൈസ്തവർ വേറെ ഏതെങ്കിലും മതവിഭാഗങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടോ? മതസൗഹാർദം കാത്തുസൂക്ഷിക്കാൻ നിസ്സീമമായ സംഭാവനകൾ നൽകുന്ന സമൂഹമല്ലേ ക്രൈസ്തവർ? പ്രണയക്കെണികളെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കുന്നതെങ്ങനെ മതസ്പർദ്ധ ഉളവാക്കുന്നതാകും?"
"ഒരു സിനിമ 'ദൂരദർശനിൽ' പ്രദര്ശിപ്പിച്ചിട്ടു വലിയ കുഴപ്പങ്ങൾ ഒന്നും സംഭവിക്കാത്ത നാട്ടിൽ ഒരു സൺഡേ സ്കൂളിൽ പ്രദർശിപ്പിച്ചാൽ ആകെ കുഴപ്പമാണത്രെ! ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്നു വരുത്തിത്തീർത്തു അവയെ പർവ്വതീകരിച്ചു മനുഷ്യർ തമ്മിൽ അകൽച്ച സൃഷ്ടിക്കാൻ മാത്രമേ ഇത്തരം ചർച്ചകൾ ഉപകരിക്കുകയുള്ളൂ എന്ന വാസ്തവം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. പത്തു വോട്ടിനുവേണ്ടിയും ചാനൽ റേറ്റിംഗിനുവേണ്ടിയും തമ്മിൽ തല്ലിച്ചു ചോര കുടിക്കേണ്ട ഗതികേട് നമുക്കുണ്ടോ? പ്രണയക്കെണികളിൽ പെട്ട് ജീവിതം നശിച്ചുപോയ മക്കളുടെയും അവരുടെ മാതാപിതാക്കളുടെയും കണ്ണീരിനു മുമ്പിൽ നിന്നുകൊണ്ടുവേണം ഇത്തരം ചർച്ചകൾ നടത്താൻ!".
ക്രിസ്ത്യാനിയുടെ വിശ്വാസപരിശീലനത്തെപോലും ചോദ്യം ചെയ്യാൻ കാട്ടിയ ധൈര്യം മറ്റു സമൂഹങ്ങളുടെ മതപഠനത്തെ വിലയിരുത്താൻ നിങ്ങൾക്ക് ഉണ്ടാവുമോ? എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമാപിക്കുന്നത്.