News - 2024
കൊളംബിയന്‍ കർദ്ദിനാൾ പെദ്രൊ റുബിയാനൊ ദിവംഗതനായി
പ്രവാചകശബ്ദം 17-04-2024 - Wednesday
ബൊഗോട്ട : ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയായിലെ ബൊഗോട്ട അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ പെദ്രൊ റുബിയാനൊ സയേൻസ് ദിവംഗതനായി. 91 വയസ്സായിരിന്നു. ബൊഗോട്ടയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരിന്നു അദ്ദേഹം. 2010 ജൂലൈ 8-ന് തൻ്റെ 77-മത്തെ വയസ്ല്‍ ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു അദ്ദേഹം രാജി സമര്‍പ്പിച്ചിരിന്നു. തുടര്‍ന്നു വിശ്രമജീവിതം നയിച്ചു വരികയായിരിന്നു.
1932 സെപ്റ്റംബർ 13നു കൊളംബിയായിലെ കർത്താഗോയിലാണ് പെദ്രൊയുടെ ജനനം. കാനഡയിലെ പോപ്പയാൻ മേജർ സെമിനാരിയിൽ ഫിലോസഫിയും ലാവൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രവും പഠിച്ചു. സാൻ്റിയാഗോ ഡി ചിലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിൽ സോഷ്യൽ സയൻസസിലും സഭാത്മക പഠനങ്ങളിലും പരിശീലനം നേടിയിരിന്നു. 1956 ജൂലൈ 8-ന് കാലി അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 1971 ജൂൺ 2-ന് കൊളംബിയായിലെ കൂകുത്ത രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 2001 ഫെബ്രുവരി 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി.
കാലി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായും പൊപയാൻ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ബൊഗോട്ടാ അതിരൂപതയുടെ ആർച്ചുബിഷപ്പായും അദ്ദേഹം സേവനം ചെയ്തു. 2003 മെയ് മുതൽ 2007 ജൂലൈ 4 വരെ അദ്ദേഹം ലാറ്റിനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്ക മെത്രാന്മാരുടെ സംഘത്തിൻറെ (CELAM) അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാവങ്ങള്‍ക്കായി ഫുഡ് ബാങ്ക് എന്ന ആശയം ബൊഗോട്ട അതിരൂപതയില്‍ കൊണ്ടുവന്നത് കർദ്ദിനാൾ പെദ്രൊ റുബിയാനൊ ആയിരിന്നു. ഇത് പിന്നീട് രാജ്യം മുഴുവന്‍ വ്യാപിച്ചിരിന്നു.