News - 2024
സുവിശേഷം പ്രഘോഷിക്കുന്നതു കൊണ്ട് തന്നെ ഒറ്റപ്പെടുത്തിയാലോ സിനിമകൾ നിഷേധിച്ചാലോ യാതൊരു വിഷമവുമില്ല: നടൻ സിജോയ് വർഗീസ്
പ്രവാചകശബ്ദം 19-04-2024 - Friday
തിരുവമ്പാടി: സുവിശേഷം പ്രഘോഷിക്കുന്നതു കൊണ്ട് തന്നെ ഒറ്റപ്പെടുത്തിയാലോ തനിക്കു സിനിമകൾ നിഷേധിച്ചാലോ യാതൊരു വിഷമവുമില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ക്രിസ്‌തുവാണെന്നും ഉറക്കെ പ്രഖ്യാപിച്ച് പ്രശസ്‌ത സിനിമാ നടനും പരസ്യകലാ സംവിധായകനുമായ സിജോയ് വർഗീസ്. താമരശേരി രൂപതാ വൈദിക - സന്യസ്‌ത അസംബ്ലിയിലാണ് അദേഹം തൻ്റെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചത്. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷ മുഹൂർത്തം തൊള്ളായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്ത അസംബ്ളിയിൽ പങ്കെടുക്കാനായതാണെന്നും അദേഹം പറഞ്ഞു.
എന്തു വലിയ പ്രശ്‌നങ്ങളുണ്ടായാലും മാതാവ് നമ്മളെ കൈവിടില്ല. സാധ്യമായ സ്ഥലങ്ങളിലെല്ലാം ജപമാല കൂട്ടായ്‌മകൾ ഉണ്ടാവണം. ജപമാലയുടെ ശക്തി വളരെ വലുതാണ്. ദൈവരാജ്യമാണ് ഏറ്റവും വലിയ ജനാധിപത്യ സർക്കാർ. അവിടെ ശിക്ഷിക്കുന്ന ദൈവമല്ല, മറിച്ച് ക്ഷമിക്കുന്ന ദൈവമാണ്. മറ്റുള്ളവരുടെ മാനസാന്തരത്തിന് പ്രാർത്ഥനയാണ് ഏറ്റവും വലിയ മാർഗമെന്നു ചൂണ്ടിക്കാട്ടിയ സിജോയ് വർഗീസ് തൻ്റെ വിശ്വാസ ജീവിതം വൈദികരും സമർപ്പിതരുമായി പങ്കുവച്ചു.
പരിപാടിയ്ക്കിടെ വൈദികരും സന്യസ്‌തരുമായുള്ള സംവാദത്തിന് ഫാ. കുര്യൻ പുരമഠം നേതൃത്വം നൽകി. ഫാ. ജയിംസ് കിളിയനാനിക്കൽ രചിച്ച രണ്ട് ആധ്യാത്മീക പുസ്‌തകങ്ങളുടെ പ്രകാശനം ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ, എംഎസ്എംഐ സുപ്പീരിയർ ജനറാൾ സിസ്റ്റർ എൽസി വടക്കേമുറി എന്നിവർ പുസ്‌തകം ഏറ്റുവാങ്ങി. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാ. തോമസ് ചിലമ്പിക്കുന്നേൽ നന്ദി പറഞ്ഞു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. കുര്യാക്കോസ് തയ്യിൽ പരിപാടികൾക്ക് നേതൃത്വം നൽകി.