News - 2024

ഭൂതകാലം മാറ്റാന്‍ വന്ന പിശാചും മൂന്ന് സന്യാസികളും

Bro. Joe Ben Elohim 20-04-2024 - Saturday

മൂന്ന് സന്യാസികൾക്ക് മുമ്പിൽ പിശാച് വന്നിട്ട് അവരോട് ചോദിച്ചു: "ഭൂതകാലത്തിലെ എന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് മാറ്റാൻ ഞാൻ നിങ്ങളെ അനുവദിച്ചാൽ നിങ്ങൾ എന്താണ് മാറ്റാൻ ആഗ്രഹിക്കുന്നത്?

ആ സന്യാസിമാരിൽ ഒന്നാമൻ വലിയ അപ്പസ്തോലിക തീഷ്ണതയോടെ മറുപടി പറഞ്ഞു: "ആദ്യത്തെയും ഹവ്വയെയും പാപത്തിലേക്ക് നയിക്കുന്നതിൽ നിന്ന് ഞാൻ നിന്നെ തടയും. അങ്ങനെ ചെയ്താൽ മനുഷ്യകുലം ദൈവത്തിൽ നിന്ന് വേർപിരിയുകയില്ല."

രണ്ടാമൻ വലിയ കരുണയുള്ള ഒരു മനുഷ്യനായിരുന്നു. അദ്ദേഹം പിശാചിനോട് ഇങ്ങനെ പറഞ്ഞു: "നീ ദൈവത്തിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്ന് നിന്നെ ഞാൻ തടയും. അങ്ങനെ ചെയ്താൽ നീ ദൈവത്തിൽ തന്നെ ആയിരിക്കും, ദൈവം നിന്നെ കുറ്റം വിധിക്കുകയില്ല."

അവരിൽ മൂന്നാമൻ ഏറ്റവും ലാളിത്യം ഉള്ളവനും വലിയ വിവേകമുള്ളവനും ആയിരുന്നു. അവൻ പിശാചിന്റെ പ്രലോഭനത്തിന് ഉത്തരം നൽകുന്നതിന് പകരം, മുട്ടുകുത്തി കുരിശ് അടയാളം വരച്ച് പ്രാർത്ഥിച്ചു: "കർത്താവേ തിന്മയുടെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്നെ വിടുവിക്കുകയും ശരിയായത് പ്രവർത്തിക്കാൻ എന്നെ പഠിപ്പിക്കുകയും ചെയ്യണമേ..."

വേദനകൊണ്ട് വിറയ്ക്കുകയും വലിയ ശബ്ദത്തിൽ നിലവിളിക്കുകയും ചെയ്ത ആ ദുഷ്ടഭൂതം അപ്പോൾ തന്നെ അവരെ വിട്ടു പോയി!

മറ്റു രണ്ടു സന്യാസിമാരും വലിയ ആശ്ചര്യത്തോടെ മൂന്നാമനോട് ചോദിച്ചു: "പ്രിയ സഹോദരാ നീ എന്തുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്?".

അവൻ അവരോട് ഇങ്ങനെ പറഞ്ഞു: "ആദ്യമായി തിരിച്ചറിയുക, നമ്മൾ ശത്രുവിനോട് സംസാരിക്കാൻ ഒരുമ്പെടരുത്."

"രണ്ടാമതായി ഭൂതകാലത്തെ മാറ്റാൻ ലോകത്ത് ആർക്കും സാധിക്കുകയില്ല എന്ന് മനസ്സിലാക്കുക."

"മൂന്നാമത്തേത്: സാത്താന്റെ ആഗ്രഹം നമ്മുടെ സദ്ഗുണങ്ങൾ തെളിയിക്കുക എന്നതല്ല എന്ന് തിരിച്ചറിയുക. പിന്നെയോ നമ്മെ ഭൂതകാലങ്ങളിൽ കുടുക്കുകയും അങ്ങനെ വർത്തമാനകാലത്തെ അവഗണിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ വർത്തമാനകാലത്തിൽ ദൈവേഷ്ടപ്രകാരം ജീവിക്കാൻ നാം കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ അതിനു വേണ്ട കൃപ നമ്മുടെ ദൈവം നമുക്ക് കൂടുതലായി നൽകും."

നമ്മുടെ ഭൂതകാലം ദൈവത്തിന്റെ കരുണയ്ക്ക് വിട്ടുകൊടുക്കാം! നമ്മുടെ ഭാവികാലത്തെ ദൈവത്തിന്റെ കരുതലിന് ഭരമേൽപ്പിക്കാം! നമ്മുടെ കയ്യിലുള്ളത് വർത്തമാനകാലം മാത്രമാണ്! നമ്മുടെ ഈ വർത്തമാനകാലത്തിലെ ഓരോ നിമിഷവും പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിച്ചു കൊണ്ട് ദൈവേഷ്ട പ്രകാരം ജീവിക്കാൻ പരിശ്രമിക്കാം..

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!


Related Articles »