India - 2024
മദർ തെരേസ സ്‌കൂളിനു നേരേയുണ്ടായ അതിക്രമം നഗ്നമായ ക്രമസമാധാന ലംഘനം: മാർ പ്രിൻസ് പാണേങ്ങാടൻ
25-04-2024 - Thursday
അദിലാബാദ്: നഗ്നമായ ക്രമസമാധാന ലംഘനമാണ് തെലുങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ലക്സെട്ടിപേട്ട് മദർ തെരേസ സ്‌കൂളിനു നേരേയുണ്ടായ അതിക്രമത്തിൽ ഉണ്ടായതെന്നും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ തെലുങ്കാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഹനുമാൻ വ്രതക്കാരായ കുട്ടികൾ യൂണിഫോമിനു പകരം കാവി വസ്ത്രം ധരിക്കുന്നതിൽ മാതാപിതാക്കളുടെ അനുമതി വേണമെന്നാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്. ഇതിനെ ദുർവ്യാഖ്യാനിച്ചാണ് ചിലർ പ്രശ്‌നങ്ങളുണ്ടാക്കിയത്.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് സ്‌കൂളിൽ അതിക്രമിച്ചു കയറിയവർ വിശുദ്ധ മദർ തെരേസയുടെ രൂപം തകർക്കുകയും സ്‌കൂളിൽ സംഘർഷമുണ്ടാക്കുകയും ചെയ്തു. മാനേജർ ഫാ. ജയ്മോൻ ജോസഫിനെ കൈയേറ്റം ചെയ്ത് ബലമായി തിലകം ചാർത്തി കാവി ഷാൾ പുതപ്പിച്ചു. മനുഷ്യത്വത്തിന്റെയും മതസ്വാതന്ത്യത്തിൻ്റെയും നഗ്നമായ ലംഘനമാണ് ഉണ്ടായത്. അതിനാൽ ഇക്കാര്യത്തിൽ ഗൗരവതരമായ നടപടികൾ ഉണ്ടാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.