News

2025 ജൂബിലി ബൂളയുമായി ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 10-05-2024 - Friday

വത്തിക്കാന്‍ സിറ്റി: 2025-ൽ കത്തോലിക്ക സഭ ആഘോഷിക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ബൂള വായിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാണ് ഇതുമായി ബന്ധപ്പെട്ട ആഘോഷ ചടങ്ങുകൾ നടന്നത്. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല" എന്ന റോമക്കാർക്കുള്ള ലേഖനം അഞ്ചാം അധ്യായം അഞ്ചാം വാക്യത്തോടെയാണ് ബൂള ആരംഭിക്കുന്നത്. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളിൽ നിറയട്ടെയെന്ന് പാപ്പ, ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഈ ലേഖനത്തിൽ എഴുതി.

ബൂള വായിക്കുന്ന ചടങ്ങുകൾക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവച്ച്, ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളുമായി ബന്ധപ്പെട്ട സായാഹ്ന പ്രാർത്ഥന നടന്നു. 2025 ജനുവരി ഒന്നിന് ദൈവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സെൻ്റ് മേരി മേജറിൻ്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. 2026 ജനുവരി 6-ന് ജൂബിലി വര്‍ഷം സമാപിക്കും. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്.


Related Articles »