News - 2024

സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വിശാലമാണ്, അതിനെ ഇടുങ്ങിയതാക്കി മാറ്റുന്നത് നമ്മിലെ പാപങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 22-08-2016 - Monday

വത്തിക്കാന്‍: കാരുണ്യവാനായ ദൈവം, സ്‌നേഹത്തിന്റെയും കരുതലിന്റെയും വാതില്‍ നമുക്കായി സദാ തുറന്നിരിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഞായറാഴ്ച പ്രസംഗത്തിലാണ് ദൈവീക കരുണയെ പറ്റി ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തിയത്. ഒരാളെ മാത്രം കൂടുതല്‍ പ്രിയങ്കരനായി കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നവനല്ല ദൈവമെന്നും എല്ലാവരേയും ഒരേ പോലെ പരിഗണിക്കുന്നവനാണ് അവിടുന്നെന്നും പിതാവ് തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. 'ഇടുങ്ങിയ വാതില്‍' എന്ന സുവിശേഷ ഭാഗത്തു നിന്നുമാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗം നടത്തിയത്.

സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ താനാകുന്നുവെന്നും, തന്നിലൂടെയല്ലാതെ ആര്‍ക്കും പിതാവിന്റെ സന്നിധിയിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കില്ല എന്ന സത്യമാണ് അവിടുന്ന് തുറന്ന്‍ പറഞ്ഞതെന്ന് പാപ്പ വിശദീകരിച്ചു. "ഈ സുവിശേഷ ഭാഗത്തു കേള്‍വിക്കാരോട് കര്‍ത്താവ് പറയുന്നത്, എത്ര പേര്‍ സ്വര്‍ഗത്തിലേക്ക് കടക്കുമെന്നതിനെ കുറിച്ചല്ല, മറിച്ച് എങ്ങനെ ആണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കുവാന്‍ സാധിക്കുന്നത് എന്നതാണ്. താനാകുന്ന വാതിലിലൂടെ അല്ലാതെ സ്വര്‍ഗീയ പിതാവിന്റെ അടുക്കലേക്ക് ആര്‍ക്കും പ്രവേശിക്കുവാന്‍ കഴിയുകയില്ലെന്ന് ക്രിസ്തു വ്യക്തമാക്കുന്നു. എന്നാല്‍ ഈ വാതില്‍ ഇടുങ്ങിയതാണോ? ഒരിക്കലുമല്ല. സ്‌നേഹത്താലും കാരുണ്യത്താലും നിറഞ്ഞ വിശാലമായ വാതിലാണ് ഇത്. നമ്മുടെ അഹങ്കാരം, പക, വിദ്വേഷം തുടങ്ങിയ പല പാപ വികാരങ്ങളും ചേര്‍ന്ന ജീവിതമാണ് ഈ വാതിലിനെ ഇടുങ്ങിയതാണെന്ന തോന്നല്‍ ജനിപ്പിക്കുന്നത്. നാം പാപികളാണെന്നുള്ള ആഴമായ ബോധ്യവും അതില്‍ നിന്നും ദൈവം നമ്മേ മോചിപ്പിക്കുമെന്നുള്ള ചിന്തയും വിശാലമായ വാതിലിലൂടെ കടക്കുവാന്‍ നമ്മേ പര്യാപ്തമാക്കുന്നു". പാപ്പ പറഞ്ഞു.

ഒരാള്‍ക്കും തന്റെ കാരുണ്യം പകര്‍ന്നു നല്‍കുവാന്‍ വിസമ്മതിക്കുന്നവനല്ല കര്‍ത്താവ്. ദൈവത്തിന്റെ കാരുണ്യത്തിന്റെ വാതിലിലൂടെ കടക്കുന്നതില്‍ നിന്നും നമ്മേ പിന്‍തിരിപ്പിക്കുന്ന വിവിധ പാപങ്ങളെ സംബന്ധിച്ച് ഒരു നിമിഷം മൗനമായി ചിന്തിക്കണം. സ്വര്‍ഗ്ഗത്തിലേക്കുള്ള കാരുണ്യത്തിന്റെ ഈ വാതിലിന് പൂട്ടുവീഴ്ത്തുന്ന നമ്മുടെ പാപങ്ങളെ വെറുത്ത് ഉപേക്ഷിക്കണമെന്നും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിലൂടെ വിശ്വാസികള്‍ക്ക് ആഹ്വാനം നല്‍കി. കഴിഞ്ഞ ദിവസം തുര്‍ക്കിയിലുണ്ടായ സ്‌ഫോടനത്തില്‍ ഖേദം രേഖപ്പെടുത്തിയ പിതാവ്, നന്മ നിറഞ്ഞ മറിയമേ... എന്ന പ്രാര്‍ത്ഥനയോടെ പ്രസംഗം ഉപസംഹരിച്ചത്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക