News

നൂറിന്റെ നിറവില്‍ ഇന്തോനേഷ്യയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി

പ്രവാചകശബ്ദം 15-05-2024 - Wednesday

ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി നൂറിന്റെ നിറവില്‍. 1924 മെയ് 13 ന് ജക്കാർത്തയിലെ കത്തീഡ്രലിൽ നടന്ന അന്നത്തെ ഡച്ച് കോളനിയിലെ എല്ലാ പ്രീഫെക്ടുകളുടെയും അപ്പസ്‌തോലിക് വികാരിമാരുടെയും യോഗത്തിൽ നിന്നാണ് രാജ്യത്തെ ബിഷപ്പുമാർ അവരുടെ പൊതുകൂട്ടായ്മയുടെ ഉത്ഭവം കണ്ടെത്തുന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മെയ് 15നു എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ പുതിയ ഓഫീസുകളുടെ ആശീർവാദവും മറ്റ് പരിപാടികളും നടക്കും. "സഭയുടെയും രാജ്യത്തിൻ്റെയും നന്മയ്ക്കായി ഒരുമിച്ച് നടക്കുക" എന്നതാണ് ശതാബ്ദി ആചരണത്തിന്റെ പ്രമേയം.

അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അപ്പസ്തോലിക് ന്യൂൺഷ്യോ എം. പിയറോ പിയോപ്പോ, ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയത്തിലെ (കെമെനാഗ്) കത്തോലിക്കരുമായുള്ള ബന്ധമുള്ള വിഭാഗത്തിൻ്റെ തലവൻ മിസ്റ്റർ സുപർമാൻ, പ്രൊട്ടസ്റ്റൻ്റ് സമൂഹത്തിന്റെ പ്രസിഡൻ്റ് ഗോമർ ഗുൽട്ടോം എന്നിവര്‍ പങ്കെടുത്തു. യേശുവിൻ്റെയും ശിഷ്യൻമാരുടെയും ശൈലിയിൽ, സഭയെയും രാഷ്ട്രത്തെയും വളർത്താനുള്ള തങ്ങളുടെ ദൗത്യം ബിഷപ്പുമാര്‍ ഒരിക്കലും അവഗണിച്ചിട്ടില്ലായെന്നും സെപ്തംബറില്‍ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ഈ പാതയ്ക്ക് കൂടുതൽ പ്രചോദനം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോൺസിഞ്ഞോർ പിയോപ്പോ പറഞ്ഞു.

മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ രാജ്യത്തെ സഭയ്ക്കു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ആരാധനാലയങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും നവീകരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും അവഗണിക്കപ്പെട്ട വിദൂര പ്രദേശങ്ങളിലെ കൂട്ടായ്മകള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് മതകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സുപർമാൻ പറഞ്ഞു. രാജ്യത്തിൻ്റെ നന്മയ്ക്കായി സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുമായും സഹകരിച്ചുകൊണ്ടുള്ള സഭ നടത്തുന്ന ഇടപെടലില്‍ ബന്ദൂങ്ങിലെ ബിഷപ്പ് അൻ്റോണിയസ് സുബിയാൻ്റോ ആഹ്ളാദം പ്രകടിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണ് ഇന്തോനേഷ്യ. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍. വരുന്ന സെപ്തംബർ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ഭരണാധികാരികളുടെയും സഭാനേതാക്കളുടെയും പ്രത്യേക ക്ഷണപ്രകാരമാണ് പാപ്പ ഇന്തോനേഷ്യയിലെത്തുന്നത്. സെപ്റ്റംബര്‍ 3നു ആരംഭിക്കുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനം 6 വരെ നീളും.


Related Articles »