News

വാഷിംഗ്ടണിന്റെ ഹൃദയഭാഗത്ത് മഴയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദിക്ഷണം

പ്രവാചകശബ്ദം 20-05-2024 - Monday

വാഷിംഗ്ടൺ ഡി.സി. നഗരത്തിൻ്റെ തെരുവുകളില്‍ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മഴയെ അവഗണിച്ച് ആയിരങ്ങളുടെ പങ്കാളിത്തം. കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ (സിഐസി) രണ്ടാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം വൈറ്റ് ഹൗസിനു സമീപത്തായാണ് നടന്നത്. വൈദികര്‍, കന്യാസ്ത്രീകൾ, അല്‍മായര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രദിക്ഷണത്തിന്റെ ഭാഗമായി. കഴിഞ്ഞ വര്‍ഷം നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ഇരട്ടിയിലേറെ ആളുകള്‍ ഇത്തവണ പങ്കെടുത്തുവെന്നാണ് നിരീക്ഷണം.

ഈ മഴയുള്ള കാലാവസ്ഥയിൽ ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആളുകള്‍ കൂട്ടമായി എത്തിയതില്‍ സന്തോഷമുണ്ടെന്ന് കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസ് പറഞ്ഞു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നു ആളുകള്‍ കുറയുമോയെന്ന് നിശ്ചയമില്ലായിരിന്നുവെന്നും എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവിശ്വസനീയമായ പങ്കാളിത്തം ആയിരിന്നുവെന്നും പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ഭക്തിയില്‍ ഏറെ മതിപ്പ് തോന്നിയെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

സി‌ഐ‌സി ചാപ്പലിനുള്ളിലെ വിശുദ്ധ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. മുഴുവൻ ആളുകളും അകത്ത് കയറാൻ കഴിയാത്തതിനാൽ കെട്ടിടത്തിന് പുറത്ത് ഒരു ട്രക്കിൽ പ്രദർശിപ്പിച്ച തത്സമയ സംപ്രേക്ഷണം വഴിയാണ് പരിപാടിയില്‍ പങ്കെടുത്തവരിൽ വലിയൊരു ഭാഗം വിശുദ്ധ കുർബാനയില്‍ പങ്കുകൊണ്ടത്. കെ സ്ട്രീറ്റിൽ വിശുദ്ധ കുർബാനയുടെ വാഴ്വും നടന്നു. റോഡിൽ ദിവ്യകാരുണ്യ പ്രദിക്ഷണം ആരംഭിക്കുന്നതിനു മുമ്പ് വിശുദ്ധ യൌസേപ്പ് പിതാവിന്റെ ലുത്തീനിയ പാരായണവും നടന്നു.


Related Articles »