India - 2024
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്‍ കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറി: മാർ ജോസഫ് കല്ലറങ്ങാട്ട്
പ്രവാചകശബ്ദം 24-05-2024 - Friday
പാലാ: പ്രേഷിതനും ധാർമിക കുമ്പസാരക്കാരനും കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറിയുമായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്. കദളിക്കാട്ടിൽ മത്തായി അച്ചന്റെ 89-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പാലാ എസ്എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരിന്നു ബിഷപ്പ്. ലോകശ്രദ്ധ പിടിച്ചുപറ്റാൻ തക്കവണ്ണം എല്ലാവരുടെയും അഭയകേന്ദ്രമായി മാറിക്കഴിഞ്ഞു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ കബറിടമെന്നും ഏവരും വായിക്കേണ്ട നല്ലൊരു പുസ്‌തകമാണ് കദളിക്കാട്ടിലച്ചന്റെ ജീവിതമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വത്തിക്കാൻ കൗൺസിലിനു മുമ്പു തന്നെ കൗൺസിൽ പ്രബോധനങ്ങളുടെ ഉൾക്കാഴ്ച സ്വന്തമാക്കിയ കദളിക്കാട്ടിലച്ചൻ നല്ലൊരു പ്രേഷിതനും ധാർമിക കുമ്പസാരക്കാരനും കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറിയുമായിരുന്നു. ദൈവം നമുക്കു നൽകിയ വലിയ അനുഗ്രഹമാണ് മത്തായിയച്ചൻ. അതു നമ്മൾ കാത്തു സൂക്ഷിക്കണം. അജപാലന പിതൃത്വവും മാതൃത്വവും ഒരുമിച്ച് സമ്മേളിച്ച് ഹൃദയത്തിന് ഉടമയും പ്രതിസന്ധികളിലൂടെ തിരുഹൃദയത്തെ മുറുകെ പിടിച്ച് നടന്നുനീങ്ങിയ വ്യക്തിയായിരുന്നു മത്തായിയച്ചനെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. കബറിടത്തിങ്കൽ പ്രാർത്ഥിക്കാനും അനുസ്‌മരണ ശുശ്രൂഷയിലും ശ്രാദ്ധസദ്യയിലും പങ്കെടുക്കാനും ആയിരങ്ങളാണ് പാലാ എസ്എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിലെത്തിയത്.
തുടർന്ന് കബറിടത്തിങ്കൽ ചരമവാർഷി ക പ്രാർത്ഥനകളും ശ്രാദ്ധനേർച്ചയും നടന്നു. ഫാ. വിന്‍സന്‍റ് കദളിക്കാട്ടിൽ, ഫാ. ജോൺ പാക്കരമ്പേൽ, ഫാ. മാത്യു കദളിക്കാട്ടിൽ, ഫാ. മാത്യു പന്തലാനിക്കൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. കബറിടത്തിങ്കൽ നടന്ന ചരമവാർഷിക പ്രാർഥനയിലും ശ്രാദ്ധനേർച്ചയിലും നൂറുകണക്കിനുപേർ പങ്കെടുത്തു. കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കാനും നിരവധി വിശ്വാസികൾ എത്തിയിരുന്നു. സുപ്പീരിയൽ ജനറൽ സിസ്റ്റർ അൽഫോൻസാ തോട്ടുങ്കൽ, പാലാ എസ്എച്ച് പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബത്ത് കടുക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ തെരേസ് കോയിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.