News - 2025

പരിശുദ്ധ അമ്മയെന്ന അടയാളം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 24

സി.റെറ്റി FCC 24-05-2024 - Friday

അമ്മയെ കാണാൻ ദൂരങ്ങളിലേക്ക് മിഴി പായിക്കണം എന്നില്ല. സ്വന്തം അവബോധത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ മാത്രം മതി. കാരണം എല്ലായിടത്തും അമ്മയുടെ നിഴലുണ്ട്, നിലാവ് ഉണ്ട്, നിറ സാന്നിധ്യം ഉണ്ട്. പിതാവായ ദൈവം തന്റെ മക്കൾക്ക് വേണ്ടി ചെയ്ത ഏറ്റവും വലിയ അത്ഭുതമാണ് അടയാളമാണ് സമ്മാനമാണ് പരിശുദ്ധ അമ്മ. ഈശോയാകുന്ന അടയാളത്തെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്ന മറ്റൊരു അടയാളമായി മാറാനുള്ള പ്രചോദനമാണ് പരിശുദ്ധ അമ്മ നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതം ക്രിസ്തുവിന്റെ അടയാളമായി മാറേണ്ട ജീവിതമാണ്.

പരിശുദ്ധ അമ്മ ഈശോയെ ലോകത്തിന് കാണിച്ചുകൊടുത്ത അടയാളമായി മാറിയത് പോലെ നാമും യേശുവിനെ കാണിച്ചുകൊടുക്കുന്ന അടയാളമായി മാറണം. പരിശുദ്ധ അമ്മയുടെ വാക്കും പ്രവർത്തിയും ആന്തരിക ചലനങ്ങൾ പോലും യേശുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തഅടയാളമായി മാറി. പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ്റെ വാക്കുകൾ ഇപ്രകാരമാണ് - ആകസ്മികമായ അർത്ഥമില്ലാത്ത ഒരു ഉൽപ്പന്നമല്ല നമ്മൾ, ദൈവത്തിന്റെ ചിന്തയുടെ ഫലമാണ്. സ്നേഹിക്കപ്പെടുന്നവരും പ്രസക്തിയുള്ളവരും ആണ് നാം ഓരോരുത്തരും. അതിനാൽ തന്നെ ഓരോ മനുഷ്യന്റെയും ജനനത്തിനു പിന്നിലെ ഉദ്ദേശവും ലക്ഷ്യവും ഇതുതന്നെ. നാം തന്നെയും സ്വർഗ്ഗമാകുന്ന ലക്ഷ്യസ്ഥാനത്ത് അവിടെയെത്താൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന അടയാളങ്ങൾ ആകേണ്ടവരുമാണ്.

പിന്തുടരാൻ ചില അടയാളങ്ങൾ ഉണ്ടെങ്കിൽ ദിശ തെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ ആവും. സൂര്യനെ ഉടയാടയാക്കി ചന്ദ്രനെ പാദപീഠം ആക്കി 12 നക്ഷത്രങ്ങൾ കൊണ്ട് കിരീടം ധരിച്ച സ്വർഗ്ഗ ലാവണ്യമാണ് പരിശുദ്ധി അമ്മ. വിശുദ്ധ അംബ്രോസ് പറയുന്നു, മറിയമെന്ന ഒറ്റ വ്യക്തിയുടെ ജീവിതം എല്ലാവർക്കും മാതൃകയായി പ്രയോജനപ്പെടും. മംഗളവാർത്ത വേളയിൽ വചനത്തെ വിശ്വാസം കൊണ്ട് ഹൃദയത്തിലേക്ക് സ്വീകരിച്ചതുമുതൽ പരിശുദ്ധി അമ്മ ഈശോയുടെ അടയാളമായി മാറുകയായിരുന്നു. "അവൻ പറയുന്നത് ചെയ്യുവിൻ" എന്ന് പറഞ്ഞ് അവൾ ഈശോയെ കാണിച്ചുകൊടുത്തു..

1974-ൽ മദർ തെരേസായെ അപകീർത്തിപ്പിടുത്തും വിധം പ്രചരിച്ച 'നരകത്തിന്റെ മാലാഖ' എന്ന ഡോക്യുമെന്ററി ലണ്ടനിൽ സംപ്രേഷണം ചെയ്ത സന്ദർഭത്തിൽ കൊൽക്കത്തയിൽ നിന്നും ഉയർന്ന ഒരു പ്രതിഷേധ സ്വരം ലോകശ്രദ്ധ പിടിച്ചുപറ്റി. മദർ തെരേസ ആരെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രതികരണം. കൊൽക്കത്തയുടെ തെരുവോരങ്ങളിൽ ഞാനൊരു ക്രിസ്തുവിനെ കാണുന്നു സാരിയുടുത്ത ഈ ക്രിസ്ത്യാനിയിലൂടെ. സാരിയുടുത്ത ആ ക്രിസ്ത്യാനി ചിലർക്ക് ക്രിസ്തുവായിരുന്നു, വേറെ ചിലർക്ക് അടയാളമായിരുന്നു. അതിനാൽ നേരായ ദിശ കാണിച്ചു കൊടുക്കുന്ന അടയാളമായി മാറാനും തന്റെ മുമ്പിൽ വന്നു നിൽക്കുന്ന അടയാളങ്ങൾ വിസ്മരിക്കാതെ ഓരോന്നും സ്വീകരിക്കാനും നമുക്ക് കഴിയണം.

ജീവിത വഴികളിൽ കണ്ടുമുട്ടുന്നവർക്കും കൂടെ നടക്കുന്നവർക്കും കൂടെ വസിക്കുന്നവർക്കും അടയാളമായി മാറുക എന്നതാണ് ദൈവീക പദ്ധതി. നിന്റെ സുഹൃത്ത് ജീവിതത്തിൽ ഓടുമ്പോൾ പിടിച്ചുനിൽക്കാൻ പറ്റാതെ ജീവിതത്തിന്റെ താളം തെറ്റുമ്പോൾ അടയാളമായി നീ കൂടെയുണ്ടാവണം. സ്നേഹത്തിന്റെ റോസാപ്പൂക്കളുമായി.

എന്തു നല്ലമ്മ .. എന്നുടെ അമ്മ... എനിക്കും ഈശോയ്ക്കും ഒരേ അമ്മ.


Related Articles »