News
ഭക്തിസാന്ദ്രമായി എയിൽസ്‌ഫോർഡ് തീർത്ഥാടനം; ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർത്ഥാടനത്തിൽ പങ്ക് ചേർന്നത് ആയിരങ്ങൾ
ഷൈമോൻ തോട്ടുങ്കൽ/ പ്രവാചകശബ്ദം 29-05-2024 - Wednesday
എയിൽസ്‌ഫോർഡ്: തീർത്ഥാടകയായ സഭയെ വളർത്തുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് തീർത്ഥാടനങ്ങളെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ചു നടത്തിയ വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ തീർത്ഥാടനവും ദൈവ ജനത്തിന്റെ കൂട്ടായ്മയിൽ ആയിരക്കുന്നതിലൂടെ അവർ തനിച്ചല്ല ഒരു സമൂഹമാണ് എന്ന ചിന്ത വരുത്തുന്നു. പരിശുദ്ധ അമ്മയാണ് സഭയെ ഒരുമിപ്പിക്കുന്നത്. ഈശോയുടെ ഉത്ഥാനത്തിനും സ്വർഗാരോപണത്തിനും ശേഷം പന്തക്കുസ്ത തിരുനാൾ വരെയുള്ള സമയം പരിശുദ്ധ അമ്മ സഭയെ കൂട്ടി ചേർക്കുകയാണ്.
സഭയെയും സമൂഹത്തെയും ഒരുമിച്ചു നിർത്തുന്നതിൽ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും, പ്രോപോസ്ഡ് മിഷനുകളിൽ നിന്നുമായി വൈദികരും സന്യസ്‌തരും ഉൾപ്പെടെ നൂറു കണക്കിന് പേരാണ് തീർത്ഥാടനത്തിൽ പങ്കു ചേർന്നത്.
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ എയ്ൽസ്ഫോർഡ് പ്രയറി പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമായ എയിൽസ്‌ഫോർഡ് പ്രിയോറിയിലേക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനത്തിൽ നൂറു കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുകയായിരിന്നു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലികാട്ട്, പാസ്റ്ററൽ കോഡിനേറ്റർ ഫാ. ഡോ. ടോം ഓലിക്കരോട്ട്, മിഷൻ ഡയറക്ടർ ഫാ. മാത്യു കുരിശുംമൂട്ടിൽ റീജിയണിലെ മറ്റ് കോഡിനേറ്റര്‍മാര്‍ എന്നിവർ നേതൃത്വം നൽകി.
▛ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟