News

വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ജെറുസലേമില്‍ മരിയന്‍ പ്രദിക്ഷണവുമായി വിശ്വാസികള്‍

പ്രവാചകശബ്ദം 04-06-2024 - Tuesday

ജെറുസലേം: യേശുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന പഴയ നഗരമായ ജെറുസലേമിലെ ഹോളി സെപ്പൽക്കർ ദേവാലയത്തിന് സമീപം മരിയന്‍ പ്രദിക്ഷണവുമായി വിശ്വാസികള്‍. മെയ് 31 വെള്ളിയാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ വേണ്ടിയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി ഒരുമിച്ചുകൂടിയത്. കന്യകാമറിയത്തിൻ്റെ രൂപവുമായി പുരാതന തെരുവുകളിലൂടെ നടന്നു നീങ്ങിയ മരിയന്‍ പ്രദിക്ഷണത്തില്‍ വിശുദ്ധ നാട്ടില്‍ എട്ട് മാസമായി നീണ്ടു നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മാധ്യസ്ഥ യാചനയുമായി വിശ്വാസികൾ പ്രാർത്ഥനകൾ ഉയർത്തുകയായിരിന്നു.

സെൻ്റ് സേവ്യർ ദേവാലയത്തിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണത്തിൽ നിരവധി ബിഷപ്പുമാർ, ഫ്രാൻസിസ്‌ക്കൻ സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരോടൊപ്പം നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. സ്കൂൾ ഓഫ് ഫ്രെറസ്, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ചർച്ച്, ഫ്രാൻസിസ്കൻ സന്യാസിമാരുടെ ആസ്ഥാനം, ജെറുസലേമിലെ ഏറ്റവും പ്രശസ്തമായ രണ്ട് ഗേറ്റുകളായ ന്യൂ ഗേറ്റ്, ജാഫ ഗേറ്റ് എന്നിവയിലൂടെയാണ് പ്രദിക്ഷണം നീങ്ങിയത്. പുഷ്പങ്ങള്‍ വിതറിയും മരിയന്‍ ഗീതങ്ങള്‍ ആലപിച്ചും വിശ്വാസി സമൂഹം പ്രദിക്ഷണത്തില്‍ ഭാഗഭാക്കായി.

പ്രദിക്ഷണത്തിന് മുന്‍പ് ജെറുസലേമിലെ ലത്തീൻ സഭയുടെ ഇടവക വികാരി ഫാ. അംജദ് സബ്ബാറയുടെ നേതൃത്വത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ആഘോഷമായ വിശുദ്ധ കുർബാനയിൽ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയും പങ്കെടുത്തു. തൻ്റെ പ്രസംഗത്തിൽ, കന്യാമറിയത്തിൻ്റെ ആത്മീയതയെയും അവളുടെ ഉറച്ച വിശ്വാസത്തെയും പ്രത്യാശയെയും ഫാ. അംജദ് ചൂണ്ടിക്കാട്ടി. ദൂതനോട് 'അതെ' എന്ന് പറഞ്ഞവൾ, പിതാവിൻ്റെ ഇഷ്ടത്തിൽ വിശ്വസിച്ചു, കുരിശിൻ്റെ കഠിനമായ കാഴ്ചയിൽ പ്രത്യാശ പുലർത്തിയെന്നും ഫാ. അംജദ് സബ്ബാറ പറഞ്ഞു.

ഇന്ന്, ക്രൂശീകരണത്തിൻ്റെ അതേ രംഗത്താണ് നമ്മൾ ജീവിക്കുന്നത്. മറിയത്തെപ്പോലെ, പുനരുത്ഥാനത്തിലേക്കും രക്ഷയിലേക്കും നീങ്ങുമെന്ന പ്രതീക്ഷയിൽ നാം ഉറച്ചുനിൽക്കണം. ക്രിസ്തു ഇവിടെ വന്ന് ഇവിടെ മരിച്ചത് ഓര്‍ക്കാം. ഇത് നമ്മെ ജീവിത കഥകളിലെ നായകന്മാരാക്കാനാണ്, അല്ലാതെ ഭൂതകാലത്തിൻ്റെയും ഭാവിയുടെയും കഥകളല്ല. കന്യാമറിയത്തിലൂടെ ഈ പുണ്യഭൂമിയിലെ അവളുടെ ജീവിതയാത്രയിലൂടെയും, അവൾ ജീവിച്ച അതേ സ്ഥലത്ത് ജീവിക്കുന്ന നമുക്ക് വീരന്മാരും വിശുദ്ധരും ആയിത്തീരാൻ കഴിയുമെന്നും ഫാ. അംജദ് കൂട്ടിച്ചേര്‍ത്തു. ദൈവമാതാവിൻ്റെ മാധ്യസ്ഥം യാചിച്ച വിശ്വാസികൾ ഗാസയിൽ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് പ്രദിക്ഷണത്തിന് സമാപനം കുറിച്ചത്.

ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »