News - 2024

ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തേക്ക്: അന്ത്യ ശാസനവുമായി സഭ

പ്രവാചകശബ്ദം 11-06-2024 - Tuesday

കൊച്ചി: സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം സർക്കുലറിലൂടെ അറിയിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സീറോമലബാർസഭയുടെ സിനഡ് തീരുമാനിച്ചതും ശ്ലൈഹീക സിംഹാസനം അംഗീകുരിച്ചതും നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രണ്ടുതവണ കത്തുകളിലൂടെയും ഒരുതവണ വീഡിയോ സന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ട തുമായ ഏകീകൃത കുർബാനയർപ്പണരീതി സീറോമലബാർ സഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ലായെന്ന് സര്‍ക്കുലറില്‍ ആവര്‍ത്തിക്കുന്നു.

ജൂലൈ മൂന്നു മുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അന്തിമമായി ആവശ്യപ്പെടുന്നുവെന്നും ഈ അന്തിമ നിർദേശം അനുസരിക്കാതെ ജൂലൈ മൂന്നിനുശേഷവും ഏകീകൃത രീതിയിൽനിന്നു വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലു മുതൽ കത്തോലിക്ക സഭയിൽ പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്. തീരുമാനം സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

2021 നവംബർ 28 മുതൽ നമ്മുടെ സഭയിലെ 35-ൽ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷനിലും മറ്റു പ്രവാസി സമൂഹങ്ങളിലും നടപ്പിലാക്കിയ ഏകികൃത കുർബാന അർപ്പണ രീതി ക്രമാനുഗതമായി ഈ അതിരൂപതയിലും നടപ്പിലാക്കാൻ പലനിർദേശങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഫ്രാൻസിസ് പാപ്പ അസാധാരണമായ വിധത്തിൽ ഇടപെടലുകൾ നടത്തി അനുസരിക്കാൻ ആഹ്വാനംചെയ്തു. എന്നാൽ പരിശുദ്ധ പിതാവിനെയും സിനഡിനെയും അനുസരിക്കാത്ത, നേതൃത്വനിരയിലുണ്ടായിരുന്ന ഏതാനും വൈദികരും അല്‌മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചരണങ്ങളുമാണ് ഈ വിഷയത്തെ ഇത്രമാത്രം സങ്കീർണമാക്കിയത്.

സഭാസംവിധാനത്തെയും സഭാധികാരിക ളെയും വെല്ലുവിളിച്ചുകൊണ്ടും സഭാപരമായ അച്ചടക്കം പാലിക്കാതെയും കത്തോലിക്കാ സഭാകൂട്ടായ്‌മയിൽ തുടരാൻ ഇനി ആരെ യും അനുവദിക്കില്ല. അതിനാലാണ് കർശനമായ നടപടികളിലേക്കു പ്രവേശിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നത്. ഫ്രാൻസിസ് മാർപാപ്പ തൻ്റെ വീഡിയോസന്ദേശത്തിൽ ആഹ്വാനം ചെയ്‌തതു പോലെ നിക്ഷിപ്‌ത താത്‌പര്യങ്ങളുള്ള ഏതാനും ചില വൈദികരുടെയും മറ്റു വ്യക്തികളുടെയും വാക്കുകൾ വിശ്വസിച്ചു നിങ്ങളിൽ ഒരാൾപോലും പരിശുദ്ധ കത്തോലിക്കാസഭയുടെ കൂട്ടായ്‌മയിൽ നിന്നു പുറത്തുപോകാൻ ഇടവരരുതെന്നു അതിയായി ആഗ്രഹിക്കുന്നുവെന്നും സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്.


Related Articles »