Editor's Pick

സ്മൃതികളില്‍ ഉണരുന്ന അമ്മ: 1988-ല്‍ കേരളം സന്ദര്‍ശിക്കാനെത്തിയ മദര്‍ തെരേസയെ അനുസ്മരിച്ച് ഫാദര്‍ ജോസ് ഏഴാനിക്കാട്ട് എഴുതുന്നു

ഫാ.ജോസ് ഏഴാനിക്കാട്ട് 24-08-2016 - Wednesday

"നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍. ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസ 5:14-18).

വിശുദ്ധിയുടെ പരിമളം പരത്തി, ജീവിക്കുന്ന വിശുദ്ധയെന്നറിയപ്പെട്ട് ആര്‍ഷഭാരതത്തിന്റെ അഭിമാനമായി മാറിയ വി. മദര്‍ തെരേസായുടെ വിനീത ജീവിതം ലോകത്തിന്റെ മുമ്പില്‍ ഒരു വലിയ പ്രകാശ ഗോപുരമായി നിലകൊള്ളുന്നു. ഭാരതത്തിന്റെ ആദ്യ തലസ്ഥാനമായ കല്‍ക്കട്ട മഹാനഗരം അമ്മയുടെ ധന്യ ജീവിതത്താല്‍ അനുഗ്രഹീതമായിരിക്കുന്നു.

2016 സെപ്റ്റംബര്‍ 4-ാം തീയതി മദര്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ആ മഹതിയില്‍ നിന്ന് അനുഭവിച്ചറിഞ്ഞ അനുഗ്രഹീത നന്മകള്‍ ഒരു ആരാധകന്റെ കാഴ്ച്ചപ്പാടോടെ കുറിക്കുവാന്‍ കിട്ടിയ അവസരം ഒരു മഹാ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. 1988 ജനുവരി 7-ാം തിയതി ധന്യമായ സന്യാസ ജീവിതത്തിന്റെ ഉടമയായ മദര്‍ തെരേസ എന്റെ ഡയറിയില്‍ ഇപ്രകാരം എഴുതി. 'നമുക്കാരാധിക്കാം'.

1988 ജനുവരി മാസത്തില്‍ എറണാകുളത്ത് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സി.ആര്‍.ഐ നാഷണല്‍ സെമിനാര്‍ നടക്കുന്ന അവസരം. അതില്‍ സംബന്ധിക്കാനാണ് മദര്‍ തെരേസ കല്‍ക്കട്ടയില്‍ നിന്നെത്തിയത്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അവരെ സ്വീകരിക്കാന്‍ അന്ന് സി.ആര്‍.ഐ പ്രസിഡന്റായിരുന്ന ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. സിറ്റി പോലീസ് കമ്മീഷണറായിരുന്ന ശ്രീ. സിബി മാത്യുവിനോടൊത്ത് ഞാനും വിമാനത്തിന്റെ സമീപത്തെത്തി. ആദരപൂര്‍വ്വം അമ്മയെ സ്വീകരിച്ച് വി.ഐ.പി റൂമിലേക്ക് ആനയിച്ചു. തുടര്‍ന്ന് അവരുടെ മഠം സ്ഥിതിചെയ്യുന്ന എറണാകുളം നോര്‍ത്തിലേക്കും. മഠത്തില്‍ ഒരു വലിയ ജനക്കൂട്ടം അമ്മയെ ഒരു നോക്കുകാണാന്‍ തടിച്ചുകൂടിയിരുന്നു. അല്പനേരം അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ഇപ്പോള്‍ ഒരച്ചന്‍ നമ്മോടൊപ്പമുണ്ട്. 'നമ്മുക്ക് ആരാധിക്കാന്‍' പോകാം.

മദറിനോടൊപ്പം ഞാനും മഠം വക ദേവാലയത്തിലേക്ക് നീങ്ങി. അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ വി. കുര്‍ബ്ബാന എഴുന്നള്ളിച്ച് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. അമ്മ തന്നെ ആരാധന നയിച്ചു. ആരാധനാ വേളയില്‍ യേശുവിന്റെ പരിശുദ്ധമായ സാന്നിദ്ധ്യവും അനുഗ്രഹവും എല്ലാവരും അനുഭവിച്ചറിഞ്ഞു. ദൈവകൃപയുടെ അനര്‍ഘമായ നിമിഷങ്ങള്‍ പെട്ടന്ന് തീര്‍ന്നതു പോലെ..!

ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി കത്തിയെരിയുന്ന ഒരു മെഴുകുതിരിയാണെന്ന ഷേക്‌സ്പിയറിന്റെ വാക്കുകള്‍ നമ്മില്‍ അന്വര്‍ത്ഥമാകുന്നത് രക്ഷകനായ മിശിഹായുടെ സഹായവും അനുഗ്രഹവും കൊണ്ടുമാത്രമാണെന്ന് അവര്‍ തെളിയിക്കുകയായിരുന്നു. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുന്നതാണ് എന്റെ സന്തോഷം.(സങ്കീ 40:8) എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍ ഓരോ ദിവ്യകാരുണ്യ സന്ദര്‍ശനത്തിലൂടെയും അമ്മ തിരിച്ചറിഞ്ഞു.

സി.ആര്‍.ഐ അസംബ്ലിയിലെ നിറസാന്നിധ്യം

വിനീതയായി, നമ്ര ശിരസ്‌കയായി സ്റ്റേജിന്റെ താഴെഭാഗത്ത് അമ്മ ഉപവിഷ്ടയായി. അസംബ്ലിയില്‍ ആദ്യ അവസാനം വരെ അവര്‍ ഉത്സാഹപൂര്‍വ്വം പങ്കുകൊണ്ടു. അന്നു വൈകുന്നേരമായപ്പോള്‍ എറണാകുളം കളക്ടറായിരുന്ന ശ്രീ. രാജന്‍ എന്നെ ഫോണ്‍ ചെയ്തു. മദര്‍ തെരേസ വി.വി.ഐ.പി ആണ്. അതിനാല്‍ ഗവണ്‍മെന്റ് രീതിയനുസരിച്ച് അവര്‍ക്ക് സെക്യുരിറ്റി നല്‍കേണ്ടതുണ്ട്. രണ്ടു പോലീസുകാരെ അതിനായി നിയോഗിക്കുന്നു, എന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. ഉത്തരമായി ഞാന്‍ പറഞ്ഞു അമ്മ ഇവിടെ വന്നിരിക്കുന്നത്, ഭാരതത്തിലെ സന്യസ സഭകളുടെ മേജര്‍ സുപ്പീരിയേഴ്‌സിന്റെ മീറ്റിംഗില്‍ സംബന്ധിക്കാനാണ്. അതിനാല്‍ പോലീസ് അകമ്പടി ആവശ്യമില്ല. എങ്കിലും അദ്ദേഹത്തിന്റെ വിദഗ്ദാഭിപ്രായം മാനിച്ച് മഫ്തിയില്‍ ഒരാള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് ഞാന്‍ സമ്മതിച്ചു.

ഇതിനിടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധിപനായിരുന്ന ശ്രീ ബാബുപോള്‍ ഐ.എ.എസ് മദറിനെ ഫോണില്‍ വിളിച്ചു പറഞ്ഞു. പോര്‍ട്ട് ട്രസ്റ്റിന്റെ സ്‌കൂള്‍ വകയായി അമ്മയ്ക്ക് ഒരുക്കുന്ന കുട്ടികളുടെ സ്വീകരണത്തില്‍ വന്നു സംബന്ധിക്കണം. "ബ.ജോസ് ഏഴാനിക്കാട്ടച്ചന്‍ പറഞ്ഞാല്‍ ഞാന്‍ വരാം. അസംബ്ലിയില്‍ നിന്നും മാറി നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല". ഉടനെ തന്നെ പോര്‍ട്ട് ട്രസ്റ്റ്‌ചെയര്‍മാന്‍ എന്നെ ഫോണില്‍ വിളിച്ച് തന്റെ ആഗ്രഹമറിയിച്ചു. വി.വി.ഐ.പി.കള്‍ മാത്രം സഞ്ചരിച്ചിട്ടുള്ള- അതായത് ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി തുടങ്ങിയവര്‍ക്കായി മുന്നവസരങ്ങളില്‍ ഒരുക്കപ്പെട്ടിട്ടുള്ള സ്‌പെഷ്യല്‍ ബോട്ടിലാണ് മദറിനെ കൊണ്ടുപോകുന്നതെന്നും അറിയിച്ചു.

അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അമ്മയോടൊപ്പം ഞാനും പോര്‍ട്ട് ട്രസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി. യാത്രാ മദ്ധ്യേ പോര്‍ട്ട് ട്രസ്‌ററിനെക്കുറിച്ചുള്ള വിവരണം ഞങ്ങള്‍ക്കു നല്‍കി. സ്‌കൂളിലെ സ്വീകരണമദ്ധ്യേ മദറിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് എല്ലാവരും സംസാരിക്കുകയും ഭാവിപ്രവര്‍ത്തന വിജയത്തിനായി ഒരുസഹായനിധി സമ്മാനിക്കുകയും ചെയ്തു.

സമ്മേളനമദ്ധ്യേ കുട്ടികളോട് അമ്മ പറഞ്ഞു. ഞാന്‍ ദൈവത്തിന്റെ കരങ്ങളില്‍ ഒരു ചെറിയ പെന്‍സിലാണ്. അത് ചെത്തിമിനുക്കിയാല്‍ കൂടുതല്‍ നന്നായി അതുകൊണ്ട് എഴുതാം. സന്യാസത്തിലേക്ക് വീടുവിട്ടിറങ്ങിയപ്പോള്‍ തന്റെ അമ്മ നല്‍കിയ ഉപദേശങ്ങളും കുട്ടികളുമായി പങ്കുവെച്ചു. നിന്റെ കരങ്ങള്‍ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പിക്കുക. അവസാനം വരെ ദൈവത്തോടു കൂടെയായിരിക്കുക. മാനവഹൃദയങ്ങളിലേക്ക് ദൈവസാന്നിദ്ധ്യം കൊണ്ടുവരിക. സ്‌നേഹനിധിയായ ആ അമ്മയുടെ വചസ്സുകള്‍ മദറിന്റെ ജീവിതത്തില്‍ പ്രഭവിതറി എന്നു നിസംശയം പറയാം.

അനുഗ്രഹങ്ങളുടെ അമ്മ

സി.ആര്‍.ഐ മീറ്റിംഗ് അവസാനിക്കുന്നതിന് മുമ്പ് അന്നത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര്‍ ആന്റണി പടിയറ, മദറിനെ എറണാകുളം ബസലിക്കയിലേക്ക് ക്ഷണിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തു. പാവങ്ങളെ സംരക്ഷിക്കുന്നതിനുള്ള മദര്‍ തെരേസയുടെ പ്രത്യേക താല്പര്യവും വശ്യശക്തിയും തിരിച്ചറിഞ്ഞ അന്നത്തെ എറണാകുളം കളക്ടര്‍ ശ്രീ.രാജന്‍ കൊച്ചിയില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയകേന്ദ്രം മദറിന് കൈമാറാനുള്ള ഒരുക്കങ്ങള്‍ നടത്തി. തെരുവില്‍ അലഞ്ഞുനടന്നവരും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഒളിച്ചോടി വന്നിട്ടുള്ളവരുമായിരുന്നു അവിടുത്തെ അന്തേവാസികള്‍. അതിന്റെ രേഖകള്‍ അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ടു കൈമാറുകയും ചെയ്തു.

തുടര്‍ന്ന് അമ്മയോടൊത്ത് ഞാനും ആ കേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം ഈ സ്ഥാപനം ഗവണ്‍മെന്റിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. സി.ആര്‍.ഐ മീറ്റിംഗിന്റെ അവസാനം മദര്‍ തെരേസ അസംബ്ലിയെ അഭിസംബോധന ചെയ്തു. നാം ലോകത്തെ അനുഗ്രഹിക്കുന്നവരാകണം. നന്മകള്‍ കൊണ്ട് നമ്മുടെ സാന്നിധ്യം അനുഗ്രഹപൂര്‍ണ്ണമാകണം. സമര്‍പ്പണജീവിതം കൊണ്ട്, സര്‍വ്വോപരി പ്രാര്‍ത്ഥനകൊണ്ട് അനുഗ്രഹിക്കണം. മദര്‍ പറഞ്ഞു.

പി.ഒ.സി യില്‍ ഒരു മണിക്കൂര്‍

അന്നത്തെ പി.ഒ.സി ഡയറക്ടറായിരുന്ന, ഇപ്പോള്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എന്നെ ഫോണില്‍ വിളിച്ചു. 'ജോസച്ചാ സാധിക്കുമെങ്കില്‍ അമ്മയെ പി.ഒ.സിയില്‍ ഒന്ന് കൊണ്ടുവരണം'. എന്റെ സുഹൃത്തും സഹപാഠിയുമായ അദ്ദേഹത്തിന്റെ താല്പര്യമനുസരിച്ച് വൈകുന്നേരമുള്ള ഫ്രീടൈമില്‍ അമ്മയോടൊത്ത് പി.ഒ.സി സന്ദര്‍ശിക്കുകയും അന്തേവാസികളോടു കൂടി കുറേ സമയം ചെലവഴിക്കുകയും ചെയ്തു. അത് വലിയ അനുഗ്രഹമായി കണക്കാക്കുന്നു.

മദര്‍ തെരേസായുടെ സേവനരംഗം: എം.സി. സന്യാസിനിസഭ കല്‍ക്കട്ടയില്‍

മദര്‍ തെരേസായോടൊപ്പം മൂന്നുനാള്‍ യാത്രചെയ്തപ്പോള്‍ സി. എസ്. റ്റി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ആയിരുന്ന എന്നോട് തന്റെ സഭയെപ്പറ്റിയും സഭാസ്ഥാപനാവസരത്തില്‍ അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും മദര്‍ ഹൃദയം തുറന്നു സംസാരിച്ചു. ധീരവനിതയായ ആ ധന്യ കന്യക സഭയുടെ ആരംഭത്തെക്കുറിച്ച് ഗദ്ഗദത്തോടെയാണ് പറഞ്ഞവസാനിപ്പിച്ചത്. പ്രകാശമാനമായിരുന്ന ആ കണ്ണുകള്‍ നനഞ്ഞു.

അശരണരുടെയും ആലംബഹീനരുടെയും സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെടുന്ന ഒരു സന്യാസിനി സഭ ആരംഭിക്കുന്നതിനെപ്പറ്റി അഭിവന്ദ്യരായ പലപിതാക്കന്‍മാരോടും സംസാരിച്ചു. എന്നാല്‍ നിഷേധാത്മകമായ പ്രതികരണമാണ് അവരില്‍ നിന്നുണ്ടായത്. സഭയ്ക്കു രൂപം നല്‍കാന്‍ ശ്രമിക്കുമ്പോള്‍ പ്രസിദ്ധമായ ഒരു രൂപതാധികാരി എത്രരൂപ കൈവശമുണ്ടെന്ന് ആരാഞ്ഞു.

അമ്മ ഉത്തരമരുളി, എന്റെപക്കല്‍ 5 രൂപ മാത്രമേ ഉള്ളൂ. കത്തീഡ്രലില്‍ വച്ചിരിക്കുന്ന മാതാവിന്റെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ തിരികത്തിക്കാന്‍പോലും തികയില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മദര്‍ തെരേസാ ദു:ഖഭാരത്തോടെ അവിടം വിട്ടിറങ്ങി. അവസാനം കല്‍ക്കട്ടയിലെ ആര്‍ച്ചു ബിഷപ്പാണ് അനുവാദവും അത്യാവശ്യ സഹായവും നല്കി അനുഗ്രഹിച്ചത്.

അമ്മയുടോടൊപ്പമുള്ള യാത്രയില്‍ അഞ്ച് മിനിറ്റ് സംസാരിച്ചുകഴിയുമ്പോഴേക്കും ഇനി നമ്മുക്ക് ജപമാല ചൊല്ലാം എന്ന് അമ്മ പറയും. ഞങ്ങള്‍ ഒരുമിച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന് ജപമാല ചൊല്ലി. അമ്മ തന്നെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്കിയിരുന്നു. ഒരവസരത്തില്‍ അമ്മ ഉപയോഗിച്ചിരുന്ന വലുപ്പമുള്ള ജപമാല എന്റെ കൈയില്‍ തന്നു. എന്റെ കൈവശമുണ്ടായിരുന്ന ചെറിയ കൊന്ത അമ്മ വാങ്ങി ഉപയോഗിച്ചു. പിന്നീട് ഞാന്‍ എന്നും കൊന്ത നമസ്‌കാരത്തിനണയുമ്പോള്‍ ഒരു വിശുദ്ധ ഉപയോഗച്ചനുഗ്രഹിച്ച കൊന്തയാണല്ലോ ഞാന്‍ ഉപയോഗിക്കുന്നത് എന്ന അഭിമാനം എന്നില്‍ ജ്വലിച്ചു നിന്നിരുന്നു.

വിശ്വസ്ഥയാകാന്‍ വിളിക്കപ്പെട്ടവള്‍

ദൈവസന്നിധിയില്‍ വിശുദ്ധരും കളങ്കരഹിതരുമായി കാണപ്പെടേണ്ടതിന് അവിടുന്ന് മിശിഹായില്‍ നിങ്ങളെ തെരഞ്ഞെടുത്തു.(എഫേ.1:4) നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവഹിതം.(1 തെസ 4:3) എന്നീ തിരുവചനങ്ങള്‍ മദര്‍തെരേസായെ സ്വാധിനിച്ചു. ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാകുന്നു. എന്റെ മേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപോയിട്ടില്ല. നേരെ മറിച്ച് എല്ലാവരെയുംകാള്‍ കൂടുതല്‍ ഞാന്‍ അദ്ധ്വാനിച്ചു. എന്നാല്‍ ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അദ്ധ്വാനിച്ചത്.(1 കൊറി.15:10). അങ്ങയുടെ വിശ്വസ്ഥത തലമുറകളോളം നിലനില്‍ക്കുന്നു. അവിടുന്നു ഭൂമിയെ സ്ഥാപിച്ചു, അത് എന്നും നിലനില്‍ക്കുന്നു. അവിടുന്നു നിശ്ചയിച്ച പ്രകാരം എല്ലാം നിലനില്‍ക്കുന്നു. എന്തെന്നാല്‍ സകലതും അങ്ങയെ സേവിക്കുന്നു (സങ്കീ.119: 90-91).

ഈ വിശുദ്ധ വചനങ്ങളെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് അമ്മ ഉദ്‌ഘോഷിച്ചത്. ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് വിജയിക്കാനല്ല വിശ്വസ്തയായിരിക്കാനാണ്. തന്റെ എല്ലാ പ്രവര്‍ത്തികളിലും വിജയം വരിക്കാന്‍, അനുഗ്രഹം ചൊരിയാന്‍ മദറിന് സാധിച്ചത് ഉത്കൃഷ്ടമായ ഈ ചിന്താഗതിയാലാണ്.

ഭാരതസംസ്‌കാരം അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ട മദര്‍ പറഞ്ഞു. ഋഷി എന്ന വാക്കിനര്‍ത്ഥം ദൈവത്തില്‍ സന്തോഷിക്കുന്നവന്‍ എന്നാണ്. അപ്പോള്‍ സന്യാസിനി എന്ന വാക്കിനര്‍ത്ഥം ദൈവത്തില്‍ ആനന്ദിക്കുന്നവള്‍ എന്നാണല്ലോ. കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍, ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ് (എശ.26:4) എന്ന പ്രവാചക വചനത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ടാണ് തന്റെ സഭാസ്ഥാപനവും തുടര്‍ന്നുള്ള ജീവിതവുമെന്ന് ആ വിശുദ്ധ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. നാം ലോകത്തെ അനുഗ്രഹിക്കുന്നവരാകണം. നന്മകള്‍ കൊണ്ട് നമ്മുടെ സാന്നിധ്യം കൊണ്ട്, സമര്‍പ്പണജീവിതം കൊണ്ട്, സര്‍വ്വോപരി പ്രാര്‍ത്ഥനകൊണ്ട് അനുഗ്രഹിക്കണം.

മദര്‍ എന്നെ വളരെയേറെ സ്‌നേഹിക്കുകയും അനുഗ്രഹീക്കുകയും ചെയ്തതു കൊണ്ടായിരിക്കണം 1997 സെപ്റ്റംബര്‍ 5-ാം തിയതി കല്‍ക്കട്ടയിലെ ആ ചെറുപുഷ്പം കൊഴിഞ്ഞുവീണപ്പോള്‍ രാജസ്ഥാന്‍ റേഡിയോയിലൂടെ അവരെപ്പറ്റിപ്രസംഗിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ഉറപ്പുനല്‍കിയ അമ്മയോടൊത്ത് ഞാന്‍ എടുത്ത ഫോട്ടോ, ഞാന്‍ മാനേജരായിരുന്ന ബിക്കാനീര്‍(രാജസ്ഥാന്‍) സ്‌കൂളിലെ ഭൂരിഭാഗം കുട്ടികള്‍ വാങ്ങി സൂക്ഷിച്ചു. ആത്മനാഥനോടൊപ്പം ഹൃദയത്തെ ജ്വലിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതു പോലെ എനിക്കു തോന്നി.അതിനെ അടക്കാന്‍ ഞാന്‍ പരിശ്രമിച്ചു, എനിക്കു സാധിച്ചില്ല (ജെറ.20.9).

സമര്‍പ്പണ ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ ദുര്‍ബലമായ മനുഷ്യത്വത്തില്‍ ദൈവം നടത്തിയ വിസ്മയകൃത്യങ്ങളെ വെളിപ്പെടുത്തുകയാണ്. അതിനായി പ്രവര്‍ത്തനശേഷിയുള്ളവരും കാലത്തിന്റെ ചുവരെഴുത്തു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പറ്റിയവരുമായ സ്ത്രീ പുരുഷന്‍മാരെ ദൈവം തെരഞ്ഞടുക്കുകയും ദൈവത്തിനുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പും പ്രവര്‍ത്തനവും മദര്‍ തെരേസായിലൂടെ ദൈവം നമുക്കായി നടത്തി.

ഈശോ സമസ്ഥ ലോകത്തെയും സ്‌നേഹിക്കുകയും അവക്ക് വേണ്ടി ആത്മാര്‍പ്പണം ചെയ്യുകയ്യും ചെയ്തതുപോലെ അമ്മ സകലരിലും ഈശോയുടെ തിരുമുഖം ദര്‍ശ്ശിച്ച് അവരെ സ്‌നേഹിക്കാനും സേവിക്കാനും തയ്യാറായി. വിവാദങ്ങളിലും ആരോപണങ്ങളിലും അക്ഷോഭ്യയായി തന്റെ സഹനങ്ങളെ ബലിപുഷ്പങ്ങളായി കര്‍ത്താവിന്റെ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ആയിരക്കണക്കിന് അശരണരായ മക്കളെ കല്‍ക്കട്ടയിലെ തെരുവില്‍ നിന്ന് കൈകൊടുത്ത് ഉയര്‍ത്തി. അമ്മ തന്റെ സഭയില്‍ 5000 ത്തോളം സിസ്റ്റേഴ്‌സിന് ട്രെയിനിംങ്ങ് നല്‍കി.

താന്‍ തുടങ്ങിവെച്ച പദ്ധതികളെല്ലാം വിജയത്തിലെത്തിയിരിക്കുന്നതു കണ്ട് സംതൃപ്തയായ അമ്മ തന്റെ സന്യാസിനീസമൂഹത്തിന്റെ സ്ഥാപനദിനത്തില്‍ കൃതജ്ഞതയുടെ ദിവ്യബലിയില്‍ സംബന്ധിച്ചുകൊണ്ട് തന്റെ ജീവിതം ഒരു സ്‌നേഹബലിയായി യേശുനാഥന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു. 1997 സെപ്റ്റംബര്‍ 5-ാം തീയ്യതി രാത്രി 9.30 ന് ആ സ്‌നേഹയാഗം പൂര്‍ത്തിയായി. തന്റെ സ്‌നേഹനാഥനായ മിശിഹായുടെ മുഖം അനാഥരില്‍ ദര്‍ശിച്ച് കല്‍ക്കട്ടയിലെ തെരുവിലൂടെ നന്മയുടെ പരിമളം പരത്തി നടന്നു നീങ്ങിയ മദര്‍ തെരേസ നാനാജാതി മതസ്ഥര്‍ക്കും സന്യാസ സമര്‍പ്പണത്തിന്റേയും നന്മ പ്രവര്‍ത്തനങ്ങളുടേയും കാരുണ്യപ്രവര്‍ത്തനങ്ങളുടേയും അതുല്യ പ്രഭയായി പ്രശോഭിക്കട്ടെ. ആ വിശുദ്ധയുടെ പാദസ്പര്‍ശനമേറ്റ, സ്വപ്നങ്ങള്‍ ഏറ്റുവാങ്ങിയ ആര്‍ഷഭാരതം അനുഗ്രഹീതമാകട്ടെ.