News - 2024
മദര്‍ തെരേസയോടുള്ള ആദരസൂചകമായി തപാല്‍ വകുപ്പ് സില്‍ക്ക് പോസ്റ്റല്‍ കവര്‍ പുറത്തിറക്കുന്നു
സ്വന്തം ലേഖകന്‍ 24-08-2016 - Wednesday
കല്‍ക്കട്ട: വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കെ മദറിന്റെ ഓര്‍മയ്ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ കവര്‍ സെപ്റ്റംബര്‍ രണ്ടിന് പുറത്തിറക്കും. 2010ല്‍ ഇന്ത്യ പുറത്തിറക്കിയ മദര്‍ തെരേസയുടെ ചിത്രമുള്ള അഞ്ച് രൂപ നാണയവും തപാല്‍ കവറില്‍ ഉള്‍പ്പെടുത്തും. നാണയവും തപാല്‍ കാര്‍ഡും സമുന്നയിപ്പിക്കുന്നതും ഇതാദ്യമായാണ്.
ജര്‍മനിയില്‍ നിന്ന്‍ ഇറക്കുമതി ചെയ്ത സില്‍ക്ക് പേപ്പറില്‍ തയാറാക്കുന്ന പോസ്റ്റല്‍ കവര്‍ ഡിസൈന്‍ ചെയ്യുന്നത് അലോക് ഗോയലാണ്. 1200 കോപ്പികളാണ് ഇറക്കുക. മദര്‍ തെരേസയുടെ ജന്മനാടായ റിപ്പബ്ലിക് ഓഫ് മാസിഡോണിയ സ്വര്‍ണം കെട്ടിയ വെള്ളി നാണയം ഇറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 100 മാസിഡോണിയന്‍ ദിനാറാണ് ഇതിന്റെ മൂല്യം. അടുത്ത മാസം ഇതു പുറത്തിറക്കും. രാജ്യാന്തര മാര്‍ക്കറ്റില്‍ 5,000 നാണയങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യയില്‍ 50 എണ്ണം ലഭ്യമാക്കും.
മദര്‍ തെരേസയോടുള്ള ആദരസൂചകമായി മദറിന്റെ പുതിയ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ വത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരിന്നു. മദറിനെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ നാലാം തീയതിക്ക് രണ്ടു ദിവസം മുമ്പ് സ്റ്റാമ്പ് പുറത്തിറക്കും. വത്തിക്കാന്‍ തപാല്‍, നാണയ ശേഖര വിഭാഗമാണ് മദര്‍ തെരേസയുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 95 സെന്റാണ് സ്റ്റാമ്പിന്റെ മൂല്യം.