News - 2024
കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 100-ല്‍ പരം കുഞ്ഞുങ്ങള്‍ക്ക് വിരുന്നൊരുക്കി ജക്കാര്‍ത്ത അതിരൂപത
സ്വന്തം ലേഖകന്‍ 24-08-2016 - Wednesday
ജക്കാര്‍ത്ത: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ദരിദ്രരായ കുടുംബങ്ങളില്‍ നിന്നുമുള്ള 100-ല്‍ പരം കുഞ്ഞുങ്ങള്‍ക്ക് വിരുന്ന് ഒരുക്കി ജക്കാര്‍ത്ത അതിരൂപത. അതിരൂപതയുടെ ഹാളിലാണ് സ്‌നേഹ ഭോജനം ഒരുക്കിയത്. കുട്ടികളില്‍ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരായിരിന്നു. ജാതിമത വ്യത്യാസങ്ങളില്ലാതെ കരുണയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകന്‍ സോവിയ ടുജ പറയുന്നു.
"കരുണയുടെ ഈ വര്‍ഷത്തില്‍ നാം നമ്മേ കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരാ. മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് നാം മറ്റുള്ളവരിലേക്ക് നോക്കണം. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കു ഇവിടെ പ്രാധാന്യമില്ല". സോവിയ ടുജ പറഞ്ഞു.
അതിരൂപതയുടെ വികാരി ജനറല്‍ ഫാദര്‍ സാമുവേല്‍ പന്‍ഗസ്റ്റു പരിപാടിയുമായി ബന്ധപ്പെട്ട് പ്രത്യേക സന്ദേശം നല്‍കി. മറ്റുള്ളവര്‍ക്ക് നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് കത്തോലിക്ക വിശ്വാസികളുടെ ഇടയില്‍ സാധാരണ കാണുന്ന ഒരു പ്രവര്‍ത്തിയാണെന്നു അദ്ദേഹം പറഞ്ഞു.
കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ ഒന്‍പതു ദേവാലയങ്ങളിലേക്ക് സഭ വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടാം തീയതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. ഈ വര്‍ഷം നവംബര്‍ 20-ാം തീയതി ക്രിസ്തുരാജ തിരുനാള്‍ ദിനത്തിലാണ് കരുണയുടെ ജൂബിലി വര്‍ഷത്തിന് സമാപനം കുറിക്കുന്നത്.