News
ആവേ മരിയ റേഡിയോയുടെ സ്ഥാപകന്‍ എഐ ക്രെസ്റ്റ വിടവാങ്ങി
പ്രവാചകശബ്ദം 17-06-2024 - Monday
മിഷിഗൺ: പ്രമുഖ കത്തോലിക്ക റേഡിയോ അവതാരകനും എഴുത്തുകാരനും ആവേ മരിയ റേഡിയോയുടെ സ്ഥാപകനും പ്രസിഡൻ്റുമായ എഐ ക്രെസ്റ്റ വിടവാങ്ങി. കരള്‍ അര്‍ബുദ രോഗബാധിതനായിരിന്ന അദ്ദേഹം ശനിയാഴ്ച മിഷിഗണിലെ വസതിയിൽവെച്ചായിരിന്നു അന്തരിച്ചത്. 72 വയസ്സായിരുന്നു. മുൻ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റ് സമൂഹാംഗമായിരിന്ന എഐ ക്രെസ്റ്റ കത്തോലിക്ക വിശ്വാസത്തിലേക്ക് വന്നതിന് ശേഷം ആയിരങ്ങളെ തിരുസഭയിലേക്ക് അടുപ്പിച്ചിരിന്നു. ക്രെസ്റ്റയുടെ ശബ്ദം ഇഡബ്ല്യുടിഎന്‍ കാത്തലിക് റേഡിയോ ഉൾപ്പെടെ നൂറുകണക്കിന് റേഡിയോ സ്റ്റേഷനുകളിൽ നിന്ന് സംപ്രേക്ഷണം ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്.
1951-ൽ ന്യൂ ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതം നല്ല തുടക്കമായിരിന്നില്ല. ചെറുപ്പത്തിൽ തന്നെ "മയക്കുമരുന്ന്, ലൈംഗികത, റോക്ക് ആൻ്റ് റോൾ" എന്നിവയുടെ ലൗകിക മോഹങ്ങളിലേക്ക് ചായുന്ന "1960-കളിലെ സ്റ്റീരിയോടൈപ്പിക്കൽ കുട്ടി" എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിട്ടുള്ളത്. പിന്നീട് സംഗീതജ്ഞനായെങ്കിലും സംഗീതവും സുഖഭോഗവും സ്വയം കേന്ദ്രീകൃതവുമായ ഒരു ജീവിതശൈലിയും അദ്ദേഹം പിന്തുടര്‍ന്നു. 1969-ൽ വീടുവിട്ടിറങ്ങി, ഭവനരഹിതനായി തെരുവിലായിരിന്നു വാസം. ആളൊഴിഞ്ഞ അപ്പാർട്ടുമെൻ്റുകളിൽ ഉറങ്ങി. കുറെനാള്‍ ഫ്ലോറിഡ കീസിലെ കടൽത്തീരത്ത് താമസിച്ചു. ഇതിനിടെ മയക്കുമരുന്നിന് അടിമയായി മാറി.
ഭ്രാന്തമായ ജീവിതം ചെന്നെത്തിയത് ന്യൂ ഏജ് പ്രസ്ഥാനത്തിലായിരിന്നു. 1974-ൽ, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരിക്കെ, സി.എസ്. ലെവിസിൻ്റെ രചനകളില്‍ ആകൃഷ്ട്ടനായി അദ്ദേഹം ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റ് വിശ്വാസം സ്വീകരിച്ചു. ഇതിനു പിന്നാലെ ഒരു ക്രിസ്ത്യൻ പുസ്തകശാല തുറക്കുകയും അഞ്ച് വർഷത്തേക്ക് ഒരു നോൺ ഡിനോമിനേഷനൽ പള്ളിയിൽ അജപാലനം നടത്തുകയും ചെയ്തു. ഇതിനിടെ പാസ്റ്ററെന്ന നിലയിൽ, ക്രിസ്‌തീയ വിശ്വാസത്തെക്കുറിച്ച് ആധികാരികമായ ചോദ്യങ്ങൾക്ക് പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തില്‍ നിന്നുക്കൊണ്ട് തന്നെ ഉത്തരം നല്‍കാന്‍ അദ്ദേഹം ഏറെ പണിപ്പെട്ടിരിന്നു.
1990-കളുടെ തുടക്കത്തിൽ, "കത്തോലിക്ക ചോദ്യങ്ങൾക്കുള്ള കത്തോലിക്കാ ഉത്തരങ്ങൾ" എന്ന എപ്പിസോഡിൻ്റെ ഭാഗമായി ക്രെസ്റ്റ തൻ്റെ ഇവാഞ്ചലിക്കൽ-കേന്ദ്രീകൃത റേഡിയോ പ്രോഗ്രാമിൽ ഒരു കത്തോലിക്ക വൈദികനെ സ്വാഗതം ചെയ്തു. ഓരോ ചോദ്യങ്ങള്‍ക്കുമുള്ള വൈദികൻ്റെ മറുപടികൾ അദ്ദേഹത്തെ വളരെ സ്വാധീനിച്ചു. ജീവിതത്തിലെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളായിരിന്നു അവ. 1992-ൽ അദ്ദേഹം പശ്ചാത്തപത്തോടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. പിന്നീടുള്ള തന്റെ പ്രൊഫഷണല്‍ ജീവിതം കത്തോലിക്ക വിശ്വാസത്തില്‍ ഊന്നിയായിരിന്നു. റേഡിയോ അവതരണത്തിലൂടെ അദ്ദേഹം അനേകരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചിരിന്നു. മൃതസംസ്കാരം പിന്നീട് നടക്കും. ക്രെസ്റ്റയുടെ വേർപാട് മുഴുവൻ സഭയ്ക്കും കനത്ത നഷ്ടമാണെന്ന് ഇഡബ്ല്യുടിഎന്‍ പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡഗ് കെക്ക് പറഞ്ഞു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟