Life In Christ

അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ പരിശുദ്ധ ത്രീത്വത്തിന്റെ സഹായം യാചിച്ച് വൈദികന്റെ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 03-07-2024 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: ക്രിസ്തീയ പാരമ്പര്യത്തെ മുറുകെ പിടിച്ച് അമേരിക്കയില്‍ ജനപ്രതിനിധി സഭയില്‍ കത്തോലിക്ക വൈദികന്റെ പ്രാര്‍ത്ഥനയോടെ തുടക്കം. ക്യാപിറ്റോളിലെ ഗസ്റ്റ് ചാപ്ലിനായ ഫാ. ബ്രെറ്റ് ജാംറോഗ് പ്രാർത്ഥനയോടെ സെഷൻ ആരംഭിക്കുന്നതും തുടർന്ന് യു.എസ്. കോൺഗ്രസ് അംഗം മൈക്ക് ഫ്ലഡിൻ്റെ സ്വാഗത പ്രസംഗവും നവമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. യേശുവിൻ്റെ മാതൃക പിന്തുടർന്ന് തങ്ങളുടെ ജനത്തെ സേവിക്കാൻ അധികാരികള്‍ക്ക് കരുത്ത് ലഭിക്കുന്നതിനായി പരിശുദ്ധ ത്രിത്വത്തിന്റെ മാധ്യസ്ഥം തേടുന്നതായി ഫാ. ബ്രെറ്റ് പ്രാര്‍ത്ഥിച്ചു. നെബ്രാസ്കയിലെ ലിങ്കൺ സ്വദേശിയും ഒമാഹ അതിരൂപത വൈദികനുമാണ് ഫാ. ബ്രെറ്റ് ജാംറോഗ്.

വൈദികന്റെ സാന്നിധ്യം രാജ്യത്തെ നേതാക്കളെ രൂപപ്പെടുത്തുന്നതിലും വഴികാട്ടുന്നതിലും വിശ്വാസം വഹിക്കുന്ന നിർണായക പങ്കിൻ്റെ ഓർമ്മപ്പെടുത്തലാണെന്നു യു.എസ്. കോൺഗ്രസ് അംഗം മൈക്ക് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തന്റെ ഇടവകയായ നോർഫോക്കിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഫാ. ബ്രെറ്റ് സേവനമനുഷ്ഠിക്കുകയാണെന്നും തൻ്റെ ദൌത്യത്തിലൂടെ അദ്ദേഹം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മൈക്ക് ഫ്ലഡ് കൂട്ടിച്ചേര്‍ത്തു.

ഇവിടെയുള്ള ഓരോരുത്തരുടെയും ചിന്തകളും വാക്കുകളും പ്രവൃത്തികളും സ്വര്‍ഗ്ഗീയ പദ്ധതിയ്ക്കു അനുസൃതമായി നയിക്കാൻ സഹായത്തിനായി അപേക്ഷിക്കുകയാണെന്ന് നാനൂറിലധികം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് അദ്ദേഹം പരിശുദ്ധ ത്രീത്വത്തോട് പ്രാര്‍ത്ഥിച്ചു. ഇവിടെ സന്നിഹിതരായ എല്ലാവരും പുത്രനായ ക്രിസ്തുവിൻ്റെ മാതൃക പിന്തുടർന്ന് നമ്മുടെ രാജ്യത്തെ സേവിക്കട്ടെയെന്നും അങ്ങനെ നമ്മുടെ രാജ്യം സത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും സമാധാനത്തിൻ്റെയും നീതിയുടെയും ജീവിക്കുന്ന സാക്ഷിയായിരിക്കട്ടെയെന്ന വാക്കുകളോടെയുമാണ് പ്രാര്‍ത്ഥന സമാപിച്ചത്.


Related Articles »