News
റഷ്യയുടെ തടവില്‍ നിന്ന് മോചിതരായ യുക്രൈന്‍ വൈദികരെ സ്വീകരിച്ച് സഭാനേതൃത്വം
പ്രവാചകശബ്ദം 04-07-2024 - Thursday
കീവ്: റഷ്യൻ നാഷ്ണൽ ഗാർഡ് പിടികൂടി തടങ്കലിലാക്കി രണ്ടു വര്‍ഷത്തെ പീഡന വാസത്തിന് ശേഷം മോചിതരായ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ സ്വീകരിച്ച് സഭാനേതൃത്വം. റഷ്യന്‍ തടവില്‍ നിന്നു മോചിതരായ കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റെഡീമർ സന്യാസ സമൂഹാംഗങ്ങളായ ഫാ. ഇവാൻ ലെവിറ്റ്‌സ്‌കി, ഫാ. ബോഹ്‌ദാൻ ഗെലെറ്റ എന്നിവര്‍ക്കു യുക്രൈനിലെ കീവ് വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കാന്‍ സഭാനേതൃത്വം എത്തിയിരിന്നു. യുക്രൈന്‍ പതാക പുതപ്പിച്ചാണ് ഇരുവരെയും സ്വീകരിച്ചത്. യുക്രൈനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോകാസും മറ്റ് മെത്രാന്‍മാരും വൈദികരും വിമാനത്താവളത്തില്‍ എത്തിയിരിന്നു.
റഷ്യൻ ഗവൺമെൻ്റിൻ്റെ ദീർഘകാല തടവുകാരായി കഴിഞ്ഞ പ്രിയപ്പെട്ടവരുടെ മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് യുക്രൈന്‍ വൈദികനായ ഫാ. ജോസഫത്ത് ബോയ്‌കോ പ്രസ്താവിച്ചു. വൈദികരെ പിടികൂടിയതു മുതൽ വൈദികരുടെ അവസ്ഥ ഏറെക്കാലമായി അജ്ഞാതമായിരുന്നെന്നും കാലക്രമേണ മാത്രമാണ് അവർ ജയിലിലാണെന്ന് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. രണ്ട് വൈദികരും പീഡനത്തിന് വിധേയരായിട്ടുണ്ട്. അതിനാല്‍ അവരുടെ ശാരീരിക നില ദുർബലമാണ്. എന്നിരുന്നാലും, അവരുടെ മോചനത്തിനായി അശ്രാന്തമായി പ്രാർത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
പീഡനത്തിൻ്റെയും ദുരുപയോഗത്തിൻ്റെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും വിശ്വാസവും പ്രതീക്ഷയും അവര്‍ക്ക് മുറുകെ പിടിച്ചിരിന്നുവെന്ന് യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച വൈദികർ ഇടവക കെട്ടിടത്തിൽ ആയുധങ്ങളും യുക്രേനിയൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരെ തടങ്കലിലാക്കിയത്. 2022 നവംബർ 16ന് റഷ്യക്കാർ അധിനിവേശ മേഖലയായ ബെർഡിയാൻസ്കിൽവെച്ചാണ് വൈദികരെ അറസ്റ്റ് ചെയ്തത്.