India - 2024
ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യം: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 09-07-2024 - Tuesday
കാക്കനാട്: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എന്റെ മാതാപിതാക്കൾ ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവപ്രകാരം രണ്ട് കുട്ടികൾ മതിയെന്ന് തീരുമാനിച്ചിരുന്നുവെങ്കിൽ, പത്താമത്തെ കുഞ്ഞായി ജനിക്കുവാൻ എനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് ഫോർ കേരള - ജീവസംരക്ഷണ സന്ദേശയാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. കെസിബിസി പ്രൊലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ജനറൽ ക്യാപ്റ്റനുമായ ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് എന്നിവരാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ സെബാസ്റ്റ്യൻ വാണിയപുരയ്‌ക്കൽ, കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, സെക്രട്ടറി ജെസ്‌ലിൻ ജോ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് ക്യാപ്റ്റൻ മാർട്ടിൻ ന്യൂനസ്, കൂരിയ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജോയ്‌സ് മുക്കുടം ജീവവിസ്മയ മാജിക്ക് അവതരിപ്പിച്ചു. ഓഗസ്റ്റ് 10ന് തൃശ്ശൂരിൽ ദേശിയ തലത്തിലുള്ള പ്രോലൈഫ് മഹാറാലിയും സമ്മേളനവും നടക്കും. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്നതാണ് മാർച്ച് ഫോർ ലൈഫിന്റെ മുഖ്യ സന്ദേശം.