News - 2024
പാക്കിസ്ഥാൻ എസ്എസ്‌ജിയിൽ മേജർ ജനറല്‍ പദവിയിലേക്ക് ഇതാദ്യമായി ക്രൈസ്തവ വിശ്വാസി
പ്രവാചകശബ്ദം 10-07-2024 - Wednesday
ലാഹോർ: പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടു. സേനയിലെ ഏറ്റവും പുതിയ നിയമന പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായി ഉയര്‍ത്തപ്പെട്ടത്. പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയുടെ അധ്യക്ഷനായുള്ള ജൂലിയൻ ജയിംസിൻ്റെ നിയമന വാർത്തയെ രാജ്യത്തെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തു. ഈ വർഷം ആദ്യം പാക്കിസ്ഥാൻ്റെ 76 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യൻ വനിതാ ബ്രിഗേഡിയറായി ഹെലൻ മേരി റോബർട്ട്സ് തെരഞ്ഞെടുക്കപ്പെട്ടിരിന്നു.
2017-ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 1.27 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. 207 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 2.6 ദശലക്ഷം ക്രൈസ്തവരാണുള്ളത്. പാക്കിസ്ഥാന്‍ സായുധ സേനയില്‍ ഇതിന് മുന്‍പ് ക്രൈസ്തവ വിശ്വാസിയായ മേജർ ജനറൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യേക പ്രവർത്തന സേനയായ എസ് എസ് ജിയിൽ ഇതാദ്യമാണ്.
പാക്കിസ്ഥാൻ സായുധ സേനയിലെ ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറല്‍ ജൂലിയൻ പീറ്ററാണ്. ക്രിസ്ത്യൻ ഓഫീസറായ നോയൽ ഇസ്രായേൽ ഖോഖറിനെ 2009-ൽ മേജർ ജനറലായി ഉയര്‍ത്തിയിരിന്നു. തുടര്‍ന്നു അദ്ദേഹം യുക്രൈനിലെ പാക്ക് അംബാസഡറായി 2022 വരെ സേവനം ചെയ്തിരിന്നു. ഉന്നത പദവികളിലേക്ക് ന്യൂനപക്ഷമായ ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നതു ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യ ക്രിസ്ത്യൻ കമാൻഡറായ ജൂലിയൻ ജെയിംസിന്റെ നിയമനം തങ്ങളെയെല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണെന്ന് ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ മോഡറേറ്റർ ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു.