News - 2024
വത്തിക്കാന്‍ അംഗീകാരം നല്‍കിയതിന് ശേഷമുള്ള ആദ്യ തിരുനാള്‍; റോസ മിസ്റ്റിക്ക മാതാവിനോടുള്ള പ്രാര്‍ത്ഥനയിതാ..!
പ്രവാചകശബ്ദം 13-07-2024 - Saturday
ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് 'മിസ്റ്റിക്കൽ റോസ്' എന്ന വിശേഷണത്തോടെ 1947നും 1966നും മധ്യേ ഇറ്റാലിയൻ സ്വദേശിക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണവും സന്ദേശവും വത്തിക്കാന്‍ അംഗീകരിച്ചത്. റോസ മിസ്റ്റിക്ക മാതാവ് എന്ന പേരില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച പ്രത്യക്ഷീകരണത്തിനാണ് ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് അംഗീകാരം നല്‍കിയത്. എഴുപത്തിയേഴ് വർഷങ്ങൾക്കു മുൻപ് 1947ലെ വസന്തകാലത്താണ് ലൊംബാർഡി പ്രവിശ്യയിലെ മോന്തേക്യാരി എന്ന ചെറുപട്ടണത്തിലെ ആശുപത്രിചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിയെറിന ഗില്ലി എന്ന നഴ്‌സിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയായിരിന്നു. ഏറെ ദുഃഖിതയായി കാണപ്പെട്ട അമ്മയുടെ ഹൃദയം തുളച്ചുകൊണ്ടു മൂന്നു വാളുകൾ കടന്നുപോകുന്നതായിട്ടാണ് അന്ന് കാണപ്പെട്ടത്.
എന്നാൽ അതേ വർഷം ജൂലൈ 13ന് ശുഭ്രവസ്ത്രം ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട അമ്മയുടെ നെഞ്ചിൽ വാളുകൾക്കു പകരം ഉണ്ടായിരുന്നതു വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൂന്നു റോസാപ്പൂക്കളായിരുന്നു. ഇന്നു പ്രത്യക്ഷീകരണത്തിന്റെ തിരുനാള്‍ ദിനം.
റോസ മിസ്റ്റിക്ക മാതാവിനോടുള്ള പ്രാര്‍ത്ഥന ചുവടെ നല്‍കുന്നു; നമ്മുക്കും പ്രാര്‍ത്ഥിക്കാം:
അമ്മേ, റോസാമിസ്റ്റിക്കാ മാതാവേ, നിർമ്മല കന്യകയേ, ഞങ്ങൾ അങ്ങേ പാദത്തിൽ അണഞ്ഞ് അങ്ങേ തിരുക്കുമാരന്റെ കരുണയെ യാചിക്കുന്നു. നിർഭാഗ്യരെ ആശ്വസിപ്പിക്കുവാനും നിസ്സഹായരെ സഹായിക്കുവാനും കഴിവും താൽപര്യവുമുള്ള അമ്മേ, ഞങ്ങളുടെ തെറ്റുകളും കുറ്റങ്ങളും പരിഗണിക്കരുതേ, അമ്മയുടെ മാതൃഹൃദയത്തിന്റെ ദയയെ മാത്രം ആശ്രയിക്കുന്ന ഞങ്ങൾക്കാവശ്യമായ അനുഗ്രഹങ്ങൾ അമ്മവഴിയായി ലഭിക്കുമെന്നു ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും അമ്മ മാത്രമാണു ഞങ്ങൾക്കാശ്രയം. അമ്മേ മാതാവേ ഞങ്ങളെ കൈവിടരുതേ...! (1 നന്മ).
അമ്മേ, റോസാമിസ്റ്റിക്കാ മാതാവേ, പ്രകാശപൂരിതേ, ഉത്കണ്ഠാകുലമായ ലോകത്തു സമാധാനവും ഐക്യവും ഞങ്ങൾ യാചിക്കുന്നു. ശാന്തിയും സമാധാനവുമില്ലാതെ വിഷമിക്കുന്ന അങ്ങേ മക്കളെ അമ്മയുടെ പ്രകാശവലയത്തിനുള്ളിൽ സംരക്ഷിക്കേണമേ. ജപമാല രാജ്‌ഞിയായ അമ്മേ, ഓരോ ജപമണികളിലും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ചേർത്തു വയ്ക്കുന്നു. പ്രതിസന്ധികളിൽ പ്രത്യാശയും പരാജയങ്ങളിൽ പ്രതീക്ഷയും ഞങ്ങൾക്കു നൽകണമേ. ലോകരക്ഷകനായ ഈശോയെ, ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുകയും സ്വർഗ്ഗത്തിൽ ഈശോയോട് ഏറ്റവും അടുത്തായിരിക്കുകയും ചെയ്യുന്ന അമ്മേ മാതാവേ, ഞങ്ങളെ കൈവിടരുതേ (1 നന്മ)...!
അമ്മേ, റോസാമിസ്റ്റിക്കാ മാതാവേ, അപ്പസ്തോലന്മാരുടെ രാജ്‌ഞീ, എല്ലാ വൈദികരെയും സമർപ്പിതരേയും സംരക്ഷിക്കേണമേ. അവരുടെ ജീവിത മാത്യകയാൽ യേശുവിൻ്റെ രാജ്യം ലോകം മുഴുവൻ പരക്കുവാൻ ഇടയാക്കണമേ. സുഗന്ധവാഹിനിയായ അമ്മേ, അമ്മയുടെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ ത്തന്നെ സൗഖ്യപ്പെടുത്തുന്ന പരിമളം അനുഭവപ്പെടുന്നുവല്ലോ. ദുഃഖിതരുടെ ആശ്വാസമായ മാതാവേ, ഈശോയുടെ സഹനവഴികളെ നനച്ച അവിടുത്തെ കണ്ണുനീരിന്റെ മഹിമയെ ഞങ്ങൾ ധ്യാനിക്കുന്നു.
ജീവിതങ്ങളെ ഭാരപ്പെടുത്തുന്ന ദുഃഖദുരിതങ്ങളിലും വേദനകളിലും, സഹനങ്ങളുടെ അമ്മേ, അവിടുത്തെ മാതൃ വാത്സല്യത്തിന്റെ കരം പിടിച്ച് ഞങ്ങളെ നടത്തേണമേ. സ്വർഗ്ഗരാജ്‌ഞിയായ മാതാവേ, സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കാനുള്ള വിവേകവും ജ്‌ഞാനവും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്‌ക്കേണമേ. കണ്ണു കളുയർത്തി നിന്റെ നേരെ നോക്കുവാൻ പോലും യോഗ്യതയില്ലാത്ത ഞങ്ങളുടെ വിഷമതകളിൽ അമ്മ മാത്രമാണു ഞങ്ങൾക്കാശ്രയം.
മറിയമേ, കൃപയുടെ മാതാവേ. ഞങ്ങളെ കൈവിടരുതേ. (1 നന്മ)..!