News - 2025

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക്

പ്രവാചകശബ്ദം 16-07-2024 - Tuesday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികളില്‍ വലയുന്ന യുക്രൈനിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ. യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ കർദ്ദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും. ഖേദകരവും വിനാശകരവുമായ യുദ്ധത്തിൻറെതായ ഈ സമയത്ത്, ബേർദിച്ചിവ് മരിയൻ സങ്കേതം യുക്രൈന്‍ ജനതയ്ക്ക് പ്രിയപ്പെട്ട ഇടമാണെന്നു ഇക്കഴിഞ്ഞ ശനിയാഴ്ച (13/07/24) കർദ്ദിനാൾ പരോളിന് ലത്തീൻ ഭാഷയിൽ നല്കിയ അനുവാദക്കത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു.

യുക്രൈനിലും ലോകത്തിന്റെ എല്ലായിടങ്ങളിലും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനായി സമാധാനരാജ്ഞിയോട് അനവരതം പ്രാർത്ഥിക്കാനും അഹങ്കാരികളെ താഴ്ത്തുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന് പ്രിയങ്കരിയായ പരിശുദ്ധ കന്യകയുടെ മാതൃക അനുകരിക്കാനും ഈ തീർത്ഥാടനസമാപന കർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് പ്രചോദനം പകരണമെന്ന് പാപ്പ കത്തിൽ കർദ്ദിനാൾ പരോളിനോട് ആവശ്യപ്പെട്ടു. യുക്രൈനിലെ പ്രിയ ജനത അനുഭവിക്കുന്ന അങ്ങേയറ്റം പ്രയാസമേറിയ ഈ സമയത്ത് തൻറെ സഹാനുഭൂതിയും സാമീപ്യവും അവരെ അറിയിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

1630-ൽ കിയെവ് ജാനുസ് റ്റിസ്‌കിവിക്‌സിലെ വോയ്‌വോഡ് ഓട്ടോമൻ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചപ്പോള്‍ പള്ളിയും ആശ്രമവും നിർമ്മിച്ചതു മുതലാണ് ഈ ദേവാലയത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. റോമിലെ ഔവർ ലേഡി ഓഫ് സ്നോയുടെ മാതൃകയിലുള്ള കന്യാമറിയത്തിൻ്റെ 17-ാം നൂറ്റാണ്ടിലെ രൂപമാണ് ഔവർ ലേഡി ഓഫ് ബേർദിച്ചിവ്. നിഷ്പാദുക കർമ്മലീത്താ സമൂഹത്തിൻറെ മേൽനോട്ടത്തിലുള്ള ഈ ദേവാലയത്തിന് 2011-ലാണ് ദേശീയ തീർത്ഥാടന കേന്ദ്ര പദവി ലഭിച്ചത്. എന്നിരുന്നാലും അവിടത്തെ തീർത്ഥാടന പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.


Related Articles »