News
പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമം ചോദ്യം ചെയ്ത ക്രിസ്ത്യന്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി
പ്രവാചകശബ്ദം 17-07-2024 - Wednesday
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറില്‍ ക്രൈസ്തവരെ അധിക്ഷേപിക്കുന്നതിനെ ചോദ്യം ചെയ്ത നാല് കുട്ടികളുടെ പിതാവിനെ മുസ്ലീം അയൽവാസികൾ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. പ്രായമായ മാതാപിതാക്കളുടെയും ഭാര്യയുടെയും നാല് കുട്ടികളുടെയും ഏക ആശ്രയമായിരുന്ന ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെ 4:25ന് എല്ലാവരും ഉറങ്ങുമ്പോഴായിരിന്നു വീട് അതിക്രമിച്ച് കയറി ആക്രമണം നടന്നത്. മുഹമ്മദ് ഷാനിയുടെയും അസം അലിയുടെയും നേതൃത്വത്തിൽ ആയുധധാരികളായ നാല് ഇസ്ലാം മതസ്ഥര്‍ ഇരുമ്പ് ഗ്രിൽ മുറിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരിന്നു.
ആക്രമികൾ മാർഷലിന്റെ കിടപ്പുമുറിയുടെ വാതിൽ തകർത്ത് അവനെയും കുടുംബത്തെയും തോക്കിന് മുനയിൽ ബന്ദികളാക്കുകയായിരിന്നുവെന്ന് സഹോദരിയായ യാക്കൂബ് ക്രൈസ്തവ മാധ്യമമായ മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. തുടർന്ന് ഭാര്യയുടെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും സാന്നിധ്യത്തിൽ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരിന്നു. അക്രമം നടന്ന സമയം യാക്കൂബ് തൊട്ടടുത്ത മാതാപിതാക്കളുടെ വീട്ടിലായിരുന്നു.
വെടിയൊച്ചയും അനിയത്തിയുടെയും കുട്ടികളുടെയും നിലവിളികളും കേട്ട് ഞെട്ടി വീട്ടില്‍ പാഞ്ഞെത്തിയപ്പോള്‍ നാല് പുരുഷന്മാർ രക്ഷപ്പെടുന്നതാണ് കണ്ടതെന്നും യാക്കൂബ് വെളിപ്പെടുത്തി. ഭാര്യയും മക്കളും ഒരു മൂലയിൽ ഒതുങ്ങിനിന്ന് ഭ്രാന്തമായി കരയുമ്പോൾ രക്തത്തിൽ കുതിർന്ന ശരീരം തറയിൽ കിടക്കുന്നത് കണ്ട് താന്‍ സ്തബ്ദയായെന്നും യാക്കൂബ് വേദനയോടെ പറയുന്നു. നിലവിളി കേട്ട് ഉണർന്ന അയൽവാസികൾ ഗുരുതരമായി പരിക്കേറ്റ മസിഹിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തസ്രാവവും അവയവങ്ങളിലെ മാരകമായ മുറിവുകളെയും തുടര്‍ന്നു യുവാവ് വിടപറഞ്ഞിരിന്നു.
മുഹമ്മദ് ഷാനി പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതിനാലും ക്രിസ്ത്യൻ സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനുമെതിരെ മാർഷൽ പ്രതികരിച്ചിരിന്നു. പിന്തിരിപ്പിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് മാർഷൽ രണ്ടര മാസം മുമ്പ് ഷാനിക്കെതിരെ പോലീസിൽ പരാതി നൽകിയതാണ് കൊലപാതക കാരണമായി നിരീക്ഷിക്കപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രദേശത്ത് താമസിക്കുന്ന 20 ക്രിസ്ത്യൻ കുടുംബങ്ങൾക്കിടയിൽ മാർഷൽ വലിയ സഹായമായിരിന്നു. നീതിയ്ക്ക് വേണ്ടി നിയമപോരാട്ടത്തിന് തയാറെടുക്കുകയാണ് ഈ കുടുംബം.