News - 2025

അൽഫോൻസാമ്മ അഭ്യസിച്ച സുകൃതങ്ങളുടെ രാജ്ഞി നമുക്കും അഭ്യസിച്ചാലോ? | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 18

സിസ്റ്റർ റെറ്റി FCC 19-07-2024 - Friday

"എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി എളിമപ്പെടാൻ കിട്ടുന്ന ഏത് അവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു" - വിശുദ്ധ അൽഫോൻസാ.

വിശുദ്ധ തോമസ് വില്ലനോവയുടെ അഭിപ്രായമനുസരിച്ച് നിരവധി പുണ്യങ്ങളുടെ അമ്മയാണ് എളിമ. അനുസരണം, ബഹുമാനം, ശാന്തത, വിധേയത്വം, മിതത്വം,സന്തോഷം, സംതൃപ്തി തുടങ്ങിയ ഗുണങ്ങളെല്ലാം എളിമയിൽ നിന്ന് ഉത്ഭവിക്കുന്നു എന്ന് അദ്ദേഹം പ്രസ്താപിച്ചിട്ടുണ്ട്. വിശുദ്ധ ബർണാർഡ് എളിമയെ രക്ഷയുടെ അമ്മയായി കണക്കാക്കുന്നു. അഹങ്കാരം മാലാഖമാരെ പിശാചുക്കളാക്കി, എളിമ മനുഷ്യരെ മാലാഖമാരാക്കുന്നു എന്ന് വിശുദ്ധ ആഗസ്തിനോസ് പറഞ്ഞിട്ടുണ്ട്.

എളിമ വിശുദ്ധരുടെ ആയുധമാണ്. എളിമയുള്ളവരെ ദൈവം മഹത്വപ്പെടുത്തുന്നു. അനന്തമായ അറിവിന്റെ ഉടമയായ യേശു തന്നെ ഇത് നമ്മെ പഠിപ്പിക്കുന്നു, നമ്മുടെ കഴിവുകളും പുണ്യങ്ങളും യോഗ്യതകളും ദാനങ്ങളും എല്ലാമെല്ലാം ദൈവം നൽകിയതാണ്. എപ്പോൾ വേണമെങ്കിലും അവ തിരിച്ചെടുക്കാനും ദൈവത്തിനു കഴിയും. (Lk:1/48). ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും അനേകരുടെ മോചന ദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും വന്ന (Mt:20/28) നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയ പോലെ ആയിരിക്കണം എന്ന് പറഞ്ഞ (Lk:22/26-27) ദൈവം ആയിരുന്നിട്ടും സൃഷ്ടികളായ മനുഷ്യർക്ക് വിധേയനായി ജീവിച്ച യേശുവിന്റെ മനോഭാവം (Phi:2/5-8) നമ്മളിൽ ഉണ്ടാവണം എന്ന് പൗലോസ് ശ്ലീഹാ ഉപദേശിക്കുന്നു.

യേശുവിന്റെ ഈ മനോഭാവം വിശുദ്ധ അൽഫോൻസാമ്മയുണ്ടായിരുന്നു. എളിയവർക്ക് കൃപ നൽകുന്ന ദൈവം അൽഫോൻസാമ്മയുടെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറച്ചു. യേശു ആയിരുന്നു അവൾക്കെന്നും മാതൃക. കർത്താവിന്റെ ഒരു എളിയ ദാസി ആയിരിക്കുവാൻ അവൾ ആഗ്രഹിച്ചു. തന്റെ സന്യാസം ജീവിതത്തിന്റെ അടിസ്ഥാനം എളിമയാണ് എന്ന് അൽഫോൻസ എഴുതിവെച്ചിട്ടുണ്ട്.

അൽഫോൻസാമ്മ തന്റെ ഡയറിയിൽ എഴുതി, "എളിമപ്പെടുതലുകളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഈശോയുടെ തിരുഹൃദയത്തിൽ ഞാൻ അഭയം തേടും. ചെയ്യാത്ത തെറ്റിന് എന്നെ കുറ്റപ്പെടുത്തുമ്പോൾ ഞാൻ സ്വയം നീതികരിക്കാതെ കുറ്റം ഏൽക്കുകയും ക്ഷമചോദിക്കുകയും ചെയ്യും".

ബഹുമാനപ്പെട്ട മാവുരൂസമ്മ സാക്ഷ്യപ്പെടുത്തുന്നു: അനുസരണവും, എളിമയും അസാധാരണമാംവിധം അൽഫോൻസാമ്മ അഭ്യസിച്ചിരുന്നു. എളിമയിൽ ചാലിച്ച് തീർത്തതായിരുന്നു അൽഫോൻസാമ്മയുടെ പ്രാർത്ഥനയാകുന്ന സുഗന്ധ കൂട്ട്. ബാഹ്യപ്രകടനങ്ങൾ കൊണ്ട് മറ്റുള്ളവരെ ആകർഷിക്കുവാൻ അവൾ ശ്രമിച്ചില്ല. തന്റെ ആന്തരികമായ ചേതന എപ്പോഴും ദൈവത്തിലേക്ക് തിരിഞ്ഞു നിന്നു. താൻ ഒന്നുമല്ലെന്നും തനിക്ക് ഒന്നുമില്ലെന്നും തന്നിൽ എന്തെങ്കിലുമുണ്ടെങ്കിൽ അത് ദൈവത്തിന്റെ ദാനമാണെന്നും അവൾ വിശ്വസിച്ചു. സ്വയം ഒരു നീച പുഴുവായി അൽഫോൻസാമ്മ കണക്കാക്കി.

നവ സന്യാസിമാരോടും നോവിസുമാരോടും അൽഫോൻസാമ്മ പറഞ്ഞു: നിത്യ ജീവിതത്തിന് വിശ്വാസം പോലെ തന്നെ എളിമയും അനിവാര്യമാണ്. കെട്ടിടത്തിന്റെ ഉയരം കൂടുന്തോറും അതിന്റെ അടിസ്ഥാനവും കൂടുതൽ ബലവത്തായിരിക്കണം. കെട്ടിടത്തിന് അടിസ്ഥാനം ഇടാൻ നിർമ്മിക്കുന്ന കുഴിയുടെ ആഴമാണ് വിശ്വാസം എങ്കിൽ അതു നിറയ്ക്കാൻ ഉപയോഗിക്കുന്ന കല്ലുകളാണ് എളിമ. ഈ വിധത്തിൽ മാത്രമേ വിശുദ്ധിയുടെ സ്വർഗീയ സൗധം നമുക്ക് പടുത്തുയർത്താൻ സാധിക്കൂ. നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെയും മാത്രമേ നമുക്ക് എളിമ കൈവരിക്കാനാകൂ.

എളിമ കൂടാതെയുള്ള പ്രാർത്ഥന ഫലം തരികയില്ല പ്രായോഗികമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് എളിമ പരിശീലിക്കണം. എളിയവരിൽ എളിയവൾ ആയാൽ അൽഫോൻസാമ്മ സ്വർഗ്ഗ രാജ്യത്തിന്റെ രഹസ്യം എന്തെന്നറിഞ്ഞ് വിശുദ്ധി സ്വന്തമാക്കി. വിനയം അൽഫോൻസാമ്മയുടെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. എളിമയിലൂടെ പിശുക്ക് സ്വന്തമാക്കിയ അൽഫോൻസാമ്മയെ പോലെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എളിമപ്പെടുത്തലുകൾ സന്തോഷപൂർവ്വം സ്വീകരിച്ചുകൊണ്ട് വിശുദ്ധ അൽഫോൻസാമ്മയെ അനുകരിക്കാം. സി. റെറ്റി FCC


Related Articles »