India - 2025
ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണം നാളെ
പ്രവാചകശബ്ദം 22-07-2024 - Monday
മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടനകേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണം നാളെ നടക്കും. ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആധ്യാത്മിക നിയന്താവും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചൻ്റെ 159-മത് ജന്മദിനവും അറുപതാം ചരമവാർഷികവുമാണ് ആചരിക്കുന്നത്. നാളെ വൈകുന്നേരം 5.30ന് ആഘോഷമായ സമൂഹബലിയിൽ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും.
തിരുക്കർമങ്ങൾക്കുശേഷം ശ്രാദ്ധ ഊട്ട് നടക്കും. അനുസ്‌മരണദിനത്തിനു മുന്നോടിയായി നവദിന തിരുക്കർമങ്ങൾ ദിവസവും വൈകുന്നേരം 5.30ന് നടക്കുന്നുണ്ട്. അനുസ്മരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാളും അനുസ്‌മരണ കമ്മിറ്റി ചെയർമാനുമായ മോൺ. ജോസ് മഞ്ഞളി, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട്, ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവർ അറിയിച്ചു.