India - 2025
ധന്യൻ ഫാ. ജോസഫ് വിതയത്തിലിന്റെ സ്മരണയില്‍ വിശ്വാസി സമൂഹം
പ്രവാചകശബ്ദം 24-07-2024 - Wednesday
മാള: സമൂഹത്തെ പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും നയിക്കുകയും ചെയ്ത കാരുണ്യവാനായ ആത്മീയപിതാവാണ് ധന്യൻ ഫാ. ജോസഫ് വിതയത്തിലെന്നു തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണദിനത്തിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്.
കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടനകേന്ദ്രത്തിൽ വിതയത്തിലച്ചൻ്റെ 159-ാം ജന്മദിനത്തോടും 60-ാമ ത് ചരമവാർഷികത്തോടും അനുബന്ധിച്ചു നടന്ന തിരുക്കർമങ്ങൾക്കു ദീപം തെളിക്കലോടെ തുടക്കമായി. ഹോളിഫാമിലി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഇരിങ്ങാലക്കുട മൈനർ സെമിനാരി റെക്‌ടർ ഫാ. ഡേവിസ് കിഴക്കുംതല, വൈസ് റെക്‌ടർ ഫാ. ജിൽസൺ പയ്യപ്പിള്ളി, സ്‌പിരിച്വൽ റെക്ടർ ഫാ. ജീസ് പാക്രത്ത്, സേവനഗിരി സേവനാലയം സുപ്പീരിയർ ഫാ. ലിന്റോ മാടമ്പി സിഎംഐ, താണിശേരി വികാരി ഫാ. നെവിൻ ആട്ടോക്കാരൻ, ആർച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സിനോജ് നീലങ്കാവിൽ എന്നിവർ സമൂഹബലിയിൽ സഹകാർമികരായിരുന്നു. ദിവ്യബലിയെതുടർന്ന് ധന്യൻ വിതയത്തിലച്ചന്റെ കബറിടത്തിനുമുമ്പിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥനാശുശ്രൂഷ നടന്നു. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട് നന്ദി പറഞ്ഞു. ശ്രാദ്ധ ഊട്ടുവിതരണവുമുണ്ടായിരുന്നു.
ആരായിരിന്നു ജോസഫ് വിതയത്തിലച്ചന്‍?
വരാപ്പുഴ പുത്തൻപള്ളി വിതയത്തിൽ ജോസഫിൻ്റെയും അന്നയുടെയും മകനായി 1865 ജൂലായ് 23-നാണ് ഫാ. ജോസഫ് വിതയത്തിലിന്റെ ജനനം. 15 വയസ്സുള്ളപ്പോൾ എൽത്തുരുത്ത് സെമിനാരിയിൽ ചേർന്നു. ഒല്ലൂർ പള്ളിയിൽവെച്ച് 1894 മാർച്ച് 11-ന് പൗരോഹിത്യം സ്വീകരിച്ചു. വിവിധ പള്ളികളിൽ സേവനം ചെയ്‌തശേഷം 1902 ഏപ്രിൽ 30-നാണ് പുത്തൻചിറയിൽ വികാരിയായി എത്തുന്നത്. അതിനു മുന്‍പ് മാളയിൽ വികാരിയായിരിക്കുമ്പോൾ പുത്തൻചിറ പള്ളിയിൽ ധ്യാനത്തിന് കുമ്പസാരക്കാരനായി എത്തിയപ്പോഴാണ് മറിയംത്രേസ്യയെ പരിചയപ്പെടുന്നത്. തന്റെ ആത്മീയ വെളിപാടുകളും ജീവിതാഭിലാഷങ്ങളും താൻ നേരിടുന്ന പ്രതിസന്ധികളുമെല്ലാം മറിയം ത്രേസ്യ വിതയത്തിലച്ചനുമായി പങ്കുവെച്ചു.
അസാധാരണമായ പുണ്യജീവിതമാണ് മറിയം ത്രേസ്യയുടേതെന്ന് തിരിച്ചറിഞ്ഞ വിതയത്തിലച്ചൻ വിശുദ്ധയുടെ ആധ്യാത്മിക പിതാവായി മാറി. തുടർന്ന് 1926-ൽ മറിയം ത്രേസ്യ മരിക്കുംവരെ അവർക്ക് വേണ്ട പിന്തുണയും പ്രചോദനവും പകരുവാൻ വിതയത്തിലച്ചൻ മനസ്സുവെച്ചു.
1913 സെപ്റ്റംബറിൽ മറിയം ത്രേസ്യയ്ക്കും കൂട്ടുകാരികൾക്കും പ്രാർത്ഥിക്കാനായി ചെറുഭവനം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് അച്ചനാണ്. പിറ്റേവർഷം ഇതൊരു സന്യാസ സമൂഹമായി അധികാരികൾ അംഗീകരിച്ചതിന് പിന്നിലും വിതയത്തിലച്ചൻ്റെ ഇടപെടലുകൾ ഉണ്ടായിരുന്നു. വിശുദ്ധിയും അറിവും ഒപ്പം കർമശേഷിയും സമന്വയിച്ച വ്യക്തിയായിരുന്നു വിതയത്തിലച്ചൻ. ബാലാരിഷ്‌ടതകളിലൂടെ കടന്നുപോയ ഹോളിഫാമിലി സമൂഹത്തിന് താങ്ങും തണലുമായത് അച്ചനാണ്. പ്രതിസന്ധിഘട്ടങ്ങളിൽ മറിയംത്രേസ്യയ്ക്ക് വേണ്ട മാർഗനിർദേശങ്ങളും സാന്ത്വനങ്ങളും പകരുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
1926-ൽ മറിയം ത്രേസ്യയുടെ മരണശേഷം സന്യാസ സമൂഹത്തെ കരുതലോടെ അച്ചൻ പരിപാലിച്ചു. എല്ലാറ്റിലുമുപരി മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമെന്ന് ദീർഘദർശനം ചെയ്ത് അദ്ദേഹം അതിനുവേണ്ട മുന്നൊരുക്കങ്ങൾ ചെയ്‌തുവെച്ചാണ് യാത്രയായത്. മറിയം ത്രേസ്യയുടെ വിശുദ്ധ ജീവിതത്തിൻ്റെ തെളിവുകളും രേഖകളുമെല്ലാം സമാഹരിച്ച് സഭാധികാരികൾക്ക് കൈമാറിയിരുന്നു. 1964-ൽ മറിയം ത്രേസ്യയുടെ ചരമദിനമായ ജൂൺ എട്ടിനാണ് വിതയത്തിലച്ചൻ സ്വർഗീയസമ്മാനത്തിന് വിളിക്കപ്പെട്ടത്. കുഴിക്കാട്ടുശ്ശേരി മഠം കപ്പേളയിൽ മറിയം ത്രേസ്യയുടെ കബറിടത്തിന് സമീപമാണ് വിതയത്തിലച്ചന്റെ കബറിടം.