News

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ വിവാഹ പ്രായം 18 വയസ്സായി ഉയര്‍ത്തി; ക്രൈസ്തവ പെണ്‍കുട്ടികള്‍ക്ക് പുതുപ്രതീക്ഷ

പ്രവാചകശബ്ദം 23-07-2024 - Tuesday

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവരായ യുവതി യുവാക്കളുടെ വിവാഹ പ്രായം 18 വയസ്സായി ഉയര്‍ത്തുന്ന ബില്ലിന് പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകാരം നൽകി. 1872 നിയമം പ്രകാരം പെൺകുട്ടികൾക്ക് 13 വയസ്സിലും ആൺകുട്ടികൾക്ക് 16 വയസ്സിലും വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്ന പഴയ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 2018ലെ കണക്കുകൾ പ്രകാരം ഏകദേശം 19 ദശലക്ഷം പാക്ക് കുട്ടികള്‍ ശൈശവ വിവാഹത്തിന് ഇരകളാകുന്നുണ്ടായിരിന്നു.

ഇതില്‍ ശൈശവ വിവാഹം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയവയ്ക്കു ഏറ്റവും കൂടുതല്‍ ഇരകളാകുന്നതും ക്രൈസ്തവ പെണ്‍കുട്ടികളായിരിന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ തീരുമാനത്തെ പാക്ക് ക്രൈസ്തവര്‍ സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ വർഷം സെനറ്റിൽ കമ്രാൻ മൈക്കിളാണ് ഈ നിയമം ആദ്യമായി സെനറ്റിൽ അവതരിപ്പിച്ചത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസിയായ നവീദ് ആമിർ ജീവ ഇത് പാക്കിസ്ഥാൻ്റെ പരമാധികാര നിയമനിർമ്മാണ സമിതിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ദേശീയ അസംബ്ലി ഇതിന് അംഗീകാരം നല്‍കുകയായിരിന്നു.

നിർബന്ധിത മതപരിവർത്തനങ്ങളിൽ നിന്നും ശൈശവ വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തെ പാക്ക് കത്തോലിക്ക സഭ സ്വാഗതം ചെയ്തു. പാക്കിസ്ഥാനിലെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡൻ്റ് ബിഷപ്പ് സാംസൺ ഷുക്കാർഡിനും നാഷ്ണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഉൾപ്പെടെയുള്ള പ്രാദേശിക കത്തോലിക്കാ നേതാക്കൾ തീരുമാനത്തെ സ്വാഗതം ചെയ്തു. ബിൽ ഏകകണ്ഠമായി പാസാക്കിയതിന് മുഴുവൻ പാർലമെൻ്റിനോടും ആത്മാർത്ഥമായ അഭിനന്ദനവും നന്ദിയും അറിയിക്കുകയാണെന്നു ബിഷപ്പ് സാംസൺ പ്രസ്താവിച്ചു.

യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിൻ്റെ (യുനിസെഫ്) പഠനമനുസരിച്ച്, പാക്കിസ്ഥാനിലെ 6 യുവതികളിൽ 1 യുവതി ബാല്യത്തിൽ വിവാഹിതരാകുന്നുണ്ടായിരിന്നു. 18 വയസ്സിന് മുമ്പ് വിവാഹിതരായ 19 ദശലക്ഷത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനിലുള്ളത്. അവരിൽ 4.6 ദശലക്ഷം പേർ 15 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തു വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നത് തടയാൻ പുതിയ ഭേദഗതി സഹായിച്ചേക്കും. പാക്ക് ജനസംഖ്യയുടെ 83% വരുന്ന സുന്നി ഇസ്ലാം മതസ്ഥരാണ്.


Related Articles »